image credit : canva 
Markets

ആവേശക്കുതിപ്പിൽ വിപണി; പിവിആർ ഐനോക്സ്, മുത്തൂറ്റ് ഫിനാൻസ്, ആദിത്യ ബിർല റിയൽ എസ്റ്റേറ്റ് നേട്ടത്തില്‍

മിഡ് ക്യാപ്, സ്മോൾ ക്യാപ് സൂചികകൾ ഒരു ശതമാനത്തിലധികം കയറി

T C Mathew

വിപണി ആവേശക്കുതിപ്പിലാണ്. യുഎസ്, ഏഷ്യൻ വിപണികളുടെ ചുവടുപിടിച്ച് രാവിലെ നേട്ടത്തോടെ വ്യാപാരം തുടങ്ങിയ വിപണി പിന്നീടു ഗണ്യമായ മുന്നേറ്റം നടത്തി.

രാവിലെ തന്നെ നിഫ്റ്റി 22,700 നും സെൻസെക്സ് 74,900 നും മുകളിൽ എത്തിയിട്ട് അൽപം താഴ്ന്നു. ബാങ്ക് നിഫ്റ്റി 1.3 ശതമാനം ഉയർന്നു. മിഡ് ക്യാപ്, സ്മോൾ ക്യാപ് സൂചികകൾ ഒരു ശതമാനത്തിലധികം കയറി. എൻഎസ്ഇയിൽ 2120 ഓഹരികൾ ഉയർന്നപ്പോൾ 417 ഓഹരികൾ മാത്രമാണു താഴ്ന്നത്.

എല്ലാ വ്യവസായ മേഖലകളും രാവിലെ കുതിച്ചു കയറി. മീഡിയ, മെറ്റൽ, ധനകാര്യ, റിയൽറ്റി, കൺസ്യൂമർ ഡ്യൂറബിൾസ്, ഓട്ടോ എന്നിവ മുന്നിൽ നിന്നു.

ഐസിഐസിഐ ബാങ്ക് ഓഹരി ഇന്നു രാവിലെ 2.60 ശതമാനം ഉയർന്നു.

മേഘാലയയിൽ സെക്രട്ടേറിയറ്റ് നിർമാണ കോൺട്രാക്റ്റ് ലഭിച്ചതിനെ തുടർന്ന് ഇർകോൺ ഓഹരി ആറു ശതമാനം ഉയർന്നു.

കമ്പനിയുടെ ബിസിനസ് വർധിച്ച് ആസ്തി ഒരു ലക്ഷം കോടി രൂപ കടന്നതിനെ തുടർന്ന് ഇന്നലെ വലിയ കുതിപ്പ് നടത്തിയ മുത്തൂറ്റ് ഫിനാൻസ് ഇന്ന് ഒന്നര ശതമാനം ഉയർന്നു.

2700 കോടി രൂപയുടെ പുതിയ ലക്ഷ്വറി ഭവനനിർമാണ പദ്ധതി അവതരിപ്പിച്ച ആദിത്യ ബിർല റിയൽ എസ്റ്റേറ്റ് ഓഹരി അഞ്ചു ശതമാനം കയറി.

പിവിആർ ഐനോക്സിന് നുവാമ വാങ്ങൽ ശിപാർശ നൽകി. ഓഹരി അഞ്ചു ശതമാനം ഉയർന്നു.

പ്രൊമോട്ടറും എംഡിയുമായ ഭാസ്കർ ബാബു ഓപ്പൺ മാർക്കറ്റിൽ നിന്ന് ഓഹരി വാങ്ങി പങ്കാളിത്തം വർധിപ്പിച്ചതിനെ തുടർന്ന് സൂര്യോദയ് സ്മോൾ ഫിനാൻസ് ബാങ്ക് അഞ്ചു ശതമാനം നേട്ടം ഉണ്ടാക്കി.

രൂപ രാവിലെ നേട്ടത്തോടെ വ്യാപാരം തുടങ്ങി. ഡോളർ നാലു പൈസ കുറഞ്ഞ് 86.76 രൂപയിൽ ഓപ്പൺ ചെയ്തു. പിന്നീട് 86.71 രൂപയിലേക്കു താഴ്ന്നു.

സ്വർണം ലോകവിപണിയിൽ ഔൺസിന് 3012 ഡോളറിലാണ്. കേരളത്തിൽ ആഭരണസ്വർണം പവന് 320 രൂപ കൂടി 66,000 രൂപ എന്ന റെക്കോർഡിൽ എത്തി.

ക്രൂഡ് ഓയിൽ വില അൽപം കയറി. ബ്രെൻറ് ഇനം ബാരലിന് 77.27 ഡോളർ ആയി.

Read DhanamOnline in English

Subscribe to Dhanam Magazine

SCROLL FOR NEXT