Markets

വിപണി മുന്നേറ്റം തുടരുന്നു, നിഫ്റ്റി ഐ.ടി 3.70% നേട്ടത്തില്‍, ഒ.എം.സി ഓഹരികള്‍ കയറ്റത്തില്‍; ക്രൂഡ് വില താഴോട്ട്

വാഹന ഓഹരികളും നല്ല നേട്ടമുണ്ടാക്കി, എന്നാൽ ബാങ്കുകളും ധനകാര്യ കമ്പനികളും രാവിലെ താഴ്ന്നു

T C Mathew

വിപണി തുടർച്ചയായ മൂന്നാം ദിവസവും മുന്നേറ്റത്തിലാണ്. രാവിലെ നിഫ്റ്റി 23,754 ഉം സെൻസെക്സ് 76,609 ഉം വരെയും ഉയർന്നു. മിഡ്, സ്മോൾ ക്യാപ് ഓഹരികളും രാവിലെ നല്ല കയറ്റത്തിലാണ്.

കഴിഞ്ഞ ദിവസങ്ങളിൽ വലിയ ഇടിവിലായിരുന്ന ഐടി കമ്പനികൾ ഇന്നു രാവിലെ മികച്ച മുന്നേറ്റം നടത്തി. നിഫ്റ്റി ഐടി സൂചിക 3.70 ശതമാനം കുതിച്ചു. വാഹന ഓഹരികളും നല്ല നേട്ടമുണ്ടാക്കി. എന്നാൽ ബാങ്കുകളും ധനകാര്യ കമ്പനികളും രാവിലെ താഴ്ന്നു.

ക്രൂഡ് ഓയിൽ വില താഴുന്നു എന്നു കണ്ടത് ഓയിൽ മാർക്കറ്റിംഗ് കമ്പനികളുടെ ഓഹരികള്‍ ഒരു ശതമാനം ഉയർന്നു. ഹോർമുസിലൂടെ കൂടുതൽ കപ്പലുകളെ ഇറാൻ കടത്തിവിടുന്നതായ റിപ്പോർട്ടുകളെ തുടർന്നാണു ക്രൂഡ് ഓയിൽ വില താഴ്ന്നത്. ഹോർമുസിനു സമീപം ഇറാൻ സ്ഥാപിച്ചിരുന്ന മിസൈൽ വിക്ഷേപണ സംവിധാനം കഴിഞ്ഞ രാത്രി ബോംബിംഗിൽ തകർക്കുകയും ചെയ്തു.

ഇൻഡസ് ഇൻഡ് ബാങ്കിനു ലക്ഷ്യവില 800 രൂപയായി കുറച്ച സിറ്റി വിൽപന ശിപാർശ നൽകി. ഓഹരി 828 രൂപ വരെ ഉയർന്നു.

നൊമുറ, മഹീന്ദ്ര ആൻഡ് മഹീന്ദ്രയ്ക്ക് വാങ്ങൽ ശിപാർശ നൽകി. ലക്ഷ്യവില 4662 രൂപ. ഓഹരി 2.2 ശതമാനം കയറി 3198 രൂപ വരെ എത്തി.

എച്ച്ഡിബി ഫിനാൻഷ്യൽ സർവീസിന് ജെഫെറീസ് ലക്ഷ്യവില 900 രൂപ നിർണയിച്ച് വാങ്ങൽ ശിപാർശ നൽകി. ഓഹരി 658 രൂപ വരെ കയറി.

മാക്സ് ഹെൽത്ത് കെയറിന് 1320 രൂപ ലക്ഷ്യവില നിശ്ചയിച്ച ജെഫറീസ് വാങ്ങൽ ശിപാർശ നൽകി. ഓഹരി 989 രൂപ വരെ എത്തി.

ഭാരത് ഇലക്ട്രോണിക്സിന് 470 രൂപ ലക്ഷ്യവില നിശ്ചയിച്ച ഗോൾഡ്മാൻ സാക്സ് ഓഹരിക്കു വാങ്ങൽ ശിപാർശ നൽകി. ഓഹരി 445 രൂപ വരെ ഉയർന്നു.

ടെക് മഹീന്ദ്രയ്ക്ക് 1260 രൂപ ലക്ഷ്യവില നിർണയിച്ച സിറ്റി ഓഹരിക്കു വിൽപന ശിപാർശ നൽകി. ഓഹരി രണ്ടു ശതമാനത്തിലധികം ഉയർന്ന് 1371 രൂപ കടന്നു.

രൂപ ഇന്നു ചെറിയ നഷ്ടത്തിൽ ഓപ്പൺ ചെയ്തു. ഡോളർ അഞ്ചു പൈസ കൂടി 92.42 രൂപയിൽ വ്യാപാരം തുടങ്ങി. പിന്നീടു 92.44 രൂപയായി.

സ്വർണം ലോകവിപണിയിൽ ഔൺസിന് 4985 ഡോളറിൽ എത്തി. കേരളത്തിൽ 22 കാരറ്റ് സ്വർണം പവന് 240 രൂപ കുറഞ്ഞ് 1,15,680 രൂപയായി.

എംസിഎക്സിൽ 24 കാരറ്റ് സ്വർണം 10 ഗ്രാമിന് 1,55,615 രൂപ വരെ വില താഴ്‌ന്നു. സ്വർണം, വെള്ളി ഇടിഎഫുകൾ ഇന്നു മൂന്നു ശതമാനം വരെ താണു.

ക്രൂഡ് ഓയിൽ താഴുകയാണ്. ബ്രെൻ്റ് ഇനം 100.92 ഡോളർ വരെ താഴ്ന്നു.

Read DhanamOnline in English

Subscribe to Dhanam Magazine

SCROLL FOR NEXT