ലാഭമെടുക്കലിൻ്റെ സമ്മർദത്തിൽ ഓഹരികൾ ഇന്നു താഴ്ന്നു. ഫാർമയും ഹെൽത്ത് കെയറും ഒഴികെ എല്ലാ മേഖലകളും ഇടിവിലായി.
രാവിലെ സെൻസെക്സ് 81,979 വരെയും നിഫ്റ്റി 25,206 വരെയും ഇടിഞ്ഞു. പിന്നീട് അൽപം കയറി.
സ്വർണവില താഴോട്ടു നീങ്ങുന്നതിൻ്റെ പേരിൽ സ്വർണപണയ കമ്പനികളായ മുത്തൂറ്റ് ഫിനാൻസും മണപ്പുറം ഫിനാൻസും 4.5 ശതമാനം വീതം ഇടിഞ്ഞു.
ലോഹങ്ങളുടെ വിലയിടിവ് സ്റ്റീൽ, അലുമിനിയം, ചെമ്പ്, സിങ്ക് കമ്പനികളുടെ ഓഹരികളെ നഷ്ടത്തിലാക്കി. സെയിൽ മൂന്നു ശതമാനം താഴ്ന്നു.
ലുപിൻ ഓഹരിക്കു 2780 രൂപ ലക്ഷ്യവില നിർണയിച്ച നൊമുറ വാങ്ങൽ ശിപാർശ ചെയ്തു.
കോഫോർജ് 2522 രൂപയിൽ എത്തുമെന്നു കണക്കാക്കുന്ന സിഎൽഎസ്എ വാങ്ങലിനു ശിപാർശ നൽകി.
ജെഎസ്ഡബ്ല്യു സ്റ്റീലിനു സിഎൽഎസ്എ 1500 രൂപ ലക്ഷ്യവില നിശ്ചയിച്ചു.
നാഷണൽ ഹൈവേ അഥോറിറ്റിയിൽ നിന്ന് 1465 കോടി രൂപയുടെ നിർമാണ കരാർ ലഭിച്ച അശോക ബിൽഡ്കോൺ ഒൻപതു ശതമാനം വരെ ഉയർന്നു.
കനേഡിയൻ കമ്പനി ഫെയർഫാക്സ്, ഐഐഎഫ്എൽ ഫിനാൻസിലെ 13 ശതമാനം ഓഹരി ബ്ലോക്ക് ഇടപാടിൽ വിറ്റു. ഐഡിബിഐ ബാങ്ക് വാങ്ങുന്ന സാഹചര്യത്തിലാണ് വിറ്റു മാറുന്നത്. ഓഹരി ആറു ശതമാനം ഉയർന്നു.
രൂപ ഇന്നും നേട്ടത്തിൽ വ്യാപാരം തുടങ്ങി. ഡോളർ ആറു പൈസ കുറഞ്ഞ് 93.41 രൂപയിൽ ഓപ്പൺ ചെയ്തു. പിന്നീട് ഡോളർ 93.26 രൂപ വരെ താഴ്ന്നു.
ലോക വിപണിയിൽ സ്വർണം ഇടിയുകയാണ്. രാവിലെ സ്വർണം 1.70 ശതമാനം താഴ്ന്ന് ഔൺസിനു 3782 ഡോളർ വരെ എത്തി. കേരളത്തിൽ 22 കാരറ്റ് സ്വർണം പവന് 2040 രൂപ ഇടിഞ്ഞ് 97,720 രൂപയായി.
ക്രൂഡ് ഓയിൽ വില വീണ്ടും താഴ്ന്നു. ബ്രെൻ്റ് ഇനം 92.58 ഡോളറും ഡബ്ള്യുടിഐ ഇനം 85.03 ഡോളറും ആയി.
Read DhanamOnline in English
Subscribe to Dhanam Magazine