ആഗോള പ്രവണതകളുടെ ചുവടു പിടിച്ച് ഇന്ത്യൻ വിപണിയും താഴോട്ടു നീങ്ങുന്നു. രാവിലെ താഴ്‌ന്നു വ്യാപാരം തുടങ്ങിയിട്ടു കൂടുതൽ താഴ്ന്ന വിപണി പിന്നീടു നഷ്ടം കുറച്ചു. സെൻസെക്സ് 76,971 വരെയും നിഫ്റ്റി 24,065 വരെയും താഴ്ന്ന ശേഷം ഗണ്യമായി തിരിച്ചു കയറി. കഴിഞ്ഞ ദിവസങ്ങളിൽ ഇടിഞ്ഞ ഐടി കമ്പനികൾ ഇന്ന് ഉയർന്നു.
വീടുകളിൽ പൈപ്പ്ഡ് നാച്ചുറൽ ഗ്യാസ് (പിഎൻജി) കണക്‌ഷൻ നൽകുന്നതിനു കേന്ദ്രം പുതിയ പ്രോൽസാഹന സ്‌കീം പ്രഖ്യാപിച്ചു. നഗര ഗ്യാസ് വിതരണത്തിലുള്ള മഹാനഗർ ഗ്യാസ്, ഇന്ദ്രപ്രസ്ഥ ഗ്യാസ്, അദാനി ടോട്ടൽ ഗ്യാസ് തുടങ്ങിയവ അഞ്ചു ശതമാനം വരെ ഉയർന്നു.
പഞ്ചസാര മിൽ കമ്പനികൾ രാവിലെ, വലിയ കുതിപ്പ് നടത്തി. രാജ്യത്തും പുറത്തും പഞ്ചസാരവില ഉയരുന്നതു കമ്പനികളുടെ ലാഭം കൂട്ടും. ഈ വർഷം ആഗോള ഉൽപാദനം കുറവാകുമെന്നാണു വിലയിരുത്തൽ. കെഎം ഷുഗർ, ബജാജ് ഹിന്ദുസ്ഥാൻ, ശ്രീരേണുക, അവധ്, ധാംപുർ, ഉത്തം, ദ്വാരികേശ്, മഗധ്, മാവന, ഡിസിഎം ശ്രീറാം, പൊന്നി, ശക്തി, റാണാ, ബന്നാരി അമ്മൻ, കേസർ, കോഠാരി തുടങ്ങിയവ അഞ്ചു മുതൽ 15 വരെ ശതമാനം മുന്നേറി.
ആസ്റ്റർ ഡിഎം ക്വാളിറ്റി കെയറിലെ 11.3 ശതമാനം ഓഹരി ടിപിജി 7698 കോടി രൂപയ്ക്കു ബൾക്ക് ഇടപാടിൽ വിറ്റു. ഓഹരി ആറു ശതമാനം താഴ്ന്നു. പിന്നീടു നഷ്‌ടത്തിൽ നിന്നു നേട്ടത്തിലേക്കു മാറി.
കഴിഞ്ഞ ദിവസം 20 ശതമാനം ഇടിഞ്ഞ സൈഗൾ പ്രീപെയ്ഡ് ഓഹരി രാവിലെ 15 ശതമാനം വരെ കുതിച്ചു. പിന്നീടു നേട്ടം കുറച്ചു. ജൂൺ പാദ റിസൽട്ട് ലക്ഷ്യങ്ങൾ പാലിക്കാത്ത സാഹചര്യത്തിലാണ് കഴിഞ്ഞ ദിവസം ഓഹരി ലോവർ സർകീട്ടിൽ എത്തിയത്. വിജയ് കേഡിയയുടെ കേഡിയ സെക്യൂരിറ്റീസ് സൈഗളിൽ 1.48 ശതമാനം ഓഹരി വാങ്ങി എന്ന റിപ്പോർട്ടാണ് ഇന്നു വില കുതിക്കാൻ കാരണം. ശരാശരി 164.72 രൂപയ്ക്കാണു കേഡിയ ഓഹരി വാങ്ങിയത്.
ഇപിഎഫ്ഒയിൽ നിന്ന് 167 കോടി രൂപയുടെ കരാർ ലഭിച്ചതിനെ തുടർന്നു റെയിൽടെൽ കോർപറേഷൻ ഓഹരി അഞ്ചു ശതമാനം മുന്നേറി.
വാട്ടർ, വേസ്റ്റ് വാട്ടർ അടക്കം ഇൻഫ്രാസ്ട്രക്ചർ രംഗത്തു പ്രവർത്തിക്കുന്ന ഇഎംഎസ് ലിമിറ്റഡ് ഓഹരി എട്ടു ശതമാനം കയറി. നാഷണൽ ഹൈവേ അഥോറിറ്റിയിൽ നിന്നു രണ്ടു ടോൾ പ്ലാസകളുടെ നിർമാണ കരാർ ലഭിച്ച സാഹചര്യത്തിലാണു നേട്ടം.
ടിവിഎസ് മോട്ടോറിന് ജെഫറീസ് 5425 രൂപ ലക്ഷ്യവില നിർണയിച്ചു. ഓഹരിക്ക് വാങ്ങൽ ശിപാർശ നൽകി.
ഫോർട്ടിസ് ഹെൽത്തിനു വാങ്ങൽ ശിപാർശ നൽകിയ സിറ്റി 1180 രൂപ ലക്ഷ്യവില നിശ്ചയിച്ചു.
ഏജിസ് ലോജിസ്റ്റിക്സിന് ജെപി മോർഗൻ ഓവർ വെയ്റ്റ് റേറ്റിംഗ് നൽകി. ലക്ഷ്യവില 1670 രൂപ.
ഒഎൻജിസി ഓഹരിക്ക് 290 രൂപ ലക്ഷ്യവില നിശ്ചയിച്ച മോട്ടിലാൽ ഓസ്വാൾ വാങ്ങൽ ശിപാർശ നൽകി.
രൂപ ഇന്നും നഷ്ടത്തോടെ വ്യാപാരം തുടങ്ങി. ഡോളർ മൂന്നു പൈസ വർധിച്ച് 95.71 രൂപയിൽ ഓപ്പൺ ചെയ്തു. ഡോളർ പിന്നീടു 95.75 രൂപയായി.
സ്വർണം ലോകവിപണിയിൽ ഔൺസിന് 4358 ഡോളറിലേക്കു കയറി. കേരളത്തിൽ 22 കാരറ്റ് സ്വർണം പവന് 680 രൂപ കുറഞ്ഞ 1,13,640 രൂപ ആയി.
രാവിലെ ക്രൂഡ് ഓയിൽ വില താഴ്ന്നു. ബ്രെൻ്റ് ഇനം 91.60 ഡോളറിലും ഡബ്ള്യുടിഐ ഇനം 85.71 ഡോളറിലും എത്തി.
Read DhanamOnline in English
Subscribe to Dhanam Magazine