ഇന്ത്യൻ വിപണി വലിയ താഴ്ചയിലേക്കു വീണു. ക്രൂഡ് ഓയിൽ വിലക്കയറ്റം താങ്ങാവുന്നതിലും കൂടുതലാകുന്ന സാഹചര്യത്തിലാണിത്. നിഫ്റ്റിയും സെൻസെക്സും രാവിലെ 2.35 ശതമാനം ഇടിഞ്ഞു. ബാങ്ക് നിഫ്റ്റി മൂന്നു ശതമാനത്തിലധികം താഴെയായി.
എച്ച്ഡിഎഫ്സി ബാങ്ക് ഓഹരി രാവിലെ 10 ശതമാനം ഇടിഞ്ഞിട്ടു പിന്നീടു നഷ്ടം കുറച്ചു. ബാങ്കിൻ്റെ നടപടികളിലോ ഇടപാടുകളിലോ പ്രശ്നങ്ങൾ ഒന്നും ഇല്ലെന്നും സ്ഥാനമൊഴിഞ്ഞ പാർട്ട് ടൈം ചെയർമാൻ ബോർഡ് യോഗങ്ങളിൽ അത്തരം വിഷയങ്ങൾ ഉന്നയിച്ചിട്ടില്ലെന്നും എച്ഡിഎഫ്സി ബാങ്ക് വിശദീകരിച്ചു. അതനു ചക്രവർത്തിയുടെ രാജിയെ തുടർന്ന് ഇടക്കാല ചെയർമാനായ കേകി മിസ്ത്രിയാണ് ഇത് അനാലിസ്റ്റുകളുമായുളള കോൺഫറൻസ് കോളിൽ പറഞ്ഞത്. സുതാര്യമാണ് ബാങ്ക് നടപടികൾ എന്നും റിസർവ് ബാങ്ക് ഒരു പ്രശ്നവും ഉന്നയിച്ചിട്ടില്ലെന്നും ബാങ്ക് എംഡിയും സിഇഒയുമായ എസ്. ജഗദീശൻ പറഞ്ഞു. ബാങ്ക് ഓഹരി രാവിലെ 770 രൂപ വരെ താഴ്ന്നിട്ട് 815 രൂപയിലേക്കു കയറി.
ക്രൂഡ് ഓയിൽ വില 110 ഡോളറിനു മുകളിൽ ആയതോടെ ഓയിൽ മാർക്കറ്റിംഗ് കമ്പനികൾ ഇടിഞ്ഞു. ഐഒസി മൂന്നും ബിപിസിഎൽ നാലും എച്ച്പിസിഎൽ 6.5 ഉം ശതമാനം നഷ്ടത്തിലായി. പെട്രോനെറ്റ് എൽഎൻജി അഞ്ചു ശതമാനം താഴ്ന്നു.
സ്വർണം ലോകവിപണിയിൽ ഔൺസിന് 4851 ഡോളറിൽ എത്തി. കേരളത്തിൽ 22 കാരറ്റ് സ്വർണം പവന് 2040 രൂപ കുറഞ്ഞ് 1,13,400 രൂപയായി.
എംസിഎക്സിൽ 24 കാരറ്റ് സ്വർണം 10 ഗ്രാമിന് 1,52,050 രൂപ വരെ വില താഴ്‌ന്നു. സ്വർണം, വെള്ളി ഇടിഎഫുകൾ ഇന്നും വലിയ ഇടിവിലായി.
ക്രൂഡ് ഓയിൽ അൽപം താഴ്ന്നിട്ടു കയറി. ബ്രെൻ്റ് ഇനം 111.32 ഡോളർ വരെ താഴ്ന്ന ശേഷം 112.161 ഡോളർ വരെ കയറി. രാവിലെ 112 ഡോളറിനു മുകളിലായിരുന്നു വില.
നാളെ ഇന്ത്യൻ വിപണിക്ക് അവധിയാണ്.
Read DhanamOnline in English
Subscribe to Dhanam Magazine