വിപണി ഇന്നു താഴ്ന്നു തുടങ്ങിയിട്ടു കൂടുതൽ നഷ്ടത്തിലേക്കു നീങ്ങി. മുഖ്യ സൂചികകൾ തുടക്കം മുതൽ നഷ്ടത്തിലാണെങ്കിലും മിഡ് ക്യാപ്, സ്മോൾ ക്യാപ് സൂചികകൾ കയറ്റത്തിലാണ്. നിഫ്റ്റി രാവിലെ 25,311 വരെയും സെൻസെക്സ് 82,621 വരെയും താഴ്ന്നു.
ബാങ്ക് നിഫ്റ്റിയും തുടക്കം മുതൽ നഷ്ടത്തിലാണ്. ഐടി, എഫ്എംസിജി, ഓട്ടോ, ധനകാര്യ, കൺസ്യൂമർ ഡ്യൂറബിൾസ് മേഖലകളും രാവിലെ താഴ്ചയിലായി.
അദാനി ഗ്രൂപ്പിന് ഹിൻഡൻബർഗ് ആരോപണ വിഷയത്തിൽ സെബി ക്ലീൻ ചിറ്റ് നൽകിയതിൻ്റെ ഫലമായി ഗ്രൂപ്പ് ഓഹരികൾ ഇന്നു കുതിച്ചു കയറി. അദാനി ടോട്ടൽ ഗ്യാസ് 12 ശതമാനം കയറിയിട്ട് അൽപം താഴ്ന്നു. അദാനി എൻ്റർപ്രൈസസ് അഞ്ചു ശതമാനം കയറി. മറ്റ് ഓഹരികൾ രണ്ടര മുതൽ എട്ടുവരെ ശതമാനം ഉയർന്നു.
മാരുതി എൻട്രി ലെവൽ കാറുകളുടെ വില 25 ശതമാനം വരെ കുറച്ചത് വിൽപനയിൽ വലിയ നേട്ടം ഉണ്ടാക്കുമെന്നു ബ്രോക്കറേജുകൾ കരുതുന്നു. കഴിഞ്ഞ രണ്ടു വർഷവും ഈയിനം കാറുകളുടെ വിൽപന കുറയുകയായിരുന്നു. ഈ ധനകാര്യ വർഷം ആദ്യ അഞ്ചുമാസം ഇവയുടെ വിൽപന 35 ശതമാനം ഇടിഞ്ഞു. ജിഎസ്ടിയിലെ കുറവിനേക്കാൾ വളരെ കൂടുതലാണു മാരുതി സുസുകി പ്രഖ്യാപിച്ച കുറവ്. ഓഹരിവില രാവിലെ തന്നെ 16,060 രൂപ എന്ന സർവകാല റെക്കോർഡ് കുറിച്ച ശേഷം നേട്ടം കുറച്ചു.
ഹ്യുണ്ടായി, മഹീന്ദ്ര ആൻഡ് മഹീന്ദ്ര, ടാറ്റാ മോട്ടോഴ്സ്, ബജാജ് ഓട്ടോ, ടിവിഎസ് മോട്ടോഴ്സ് തുടങ്ങിയ വാഹന ഓഹരികൾ താഴ്ന്നു. ഹീറോ, ഐഷർ, അശോക് ലെയ്ലൻഡ് തുടങ്ങിയവ ഉയർന്നു.
2085 കോടി രൂപയുടെ കരാർ ലഭിച്ച രാംകി ഇൻഫ്ര അഞ്ചു ശതമാനം കയറി.
രൂപ ഇന്നു രാവിലെ അൽപം ദുർബലമായി. ഡോളർ എട്ടു പൈസ കൂടി 88.21 രൂപയിൽ ഓപ്പൺ ചെയ്തു. പിന്നീട് 88.27 രൂപയിൽ എത്തി. സൂചിക രാവിലെ 97.47 ൽ നിന്ന് 97.33 ലേക്കു താഴ്ന്നിട്ടുണ്ട്.
സ്വർണം ലോകവിപണിയിൽ കയറുകയാണ്. രാവിലെ ഔൺസിന് 3660 ഡോളറിലേക്കു സ്വർണവില ഉയർന്നു. കേരളത്തിൽ 22 കാരറ്റ് സ്വർണം പവന് 120 രൂപ ഉയർന്ന് 81,640 രൂപയിൽ എത്തി.
ക്രൂഡ് ഓയിൽ വില താഴ്ന്നു നീങ്ങുന്നു. ബ്രെൻ്റ് ഇനം വീപ്പയ്ക്ക് 67.35 ഡോളർ വരെ കുറഞ്ഞു.
Stock market midday update on 19 September 2025.
Read DhanamOnline in English
Subscribe to Dhanam Magazine