അമേരിക്കൻ പ്രസിഡൻ്റിൻ്റെ തീരുവയുദ്ധം സംബന്ധിച്ച ആശങ്കയിലാണെങ്കിലും ഇന്ത്യൻ വിപണി ഇന്നു രാവിലെ ഉയർന്നു. ഒരവസരത്തിൽ മുഖ്യസൂചികകൾ അര ശതമാനം കയറിയെങ്കിലും പിന്നീടു നേട്ടം കുറഞ്ഞു.
നാലാം പാദത്തിൽ നിക്ഷേപങ്ങളും വായ്പാ വിതരണവും മികച്ച തോതിലായതിനെ തുടർന്ന് സിഎസ്ബി ബാങ്ക് ഓഹരി മൂന്നു ശതമാനത്തോളം ഉയർന്നു.
മാർച്ചിൽ ഉൽപാദനം ഗണ്യമായി വർധിപ്പിച്ച മാരുതി സുസുകി ഓഹരി ഒന്നര ശതമാനം ഉയർന്നു. മാർച്ചിലെ വിൽപനക്കണക്കുകളെ തുടർന്ന് ഹ്യുണ്ടായി അൽപം കയറി. ടാറ്റാ മോട്ടോഴ്സ് ഒരു ശതമാനത്തിലധികം താഴ്ന്നു.
ഗോൾഡ്മാൻ സാക്സ് ഓഹരിക്കു വാങ്ങൽ ശിപാർശ നൽകിയതിനെ തുടർന്ന് ടാറ്റാ കൺസ്യൂമർ പ്രൊഡക്ട്സ് ഓഹരി രാവിലെ എട്ടു ശതമാനം വരെ (1073 രൂപ) ഉയർന്നു. ഓഹരിയുടെ ലക്ഷ്യ വില 1040 രൂപയിൽ നിന്ന് 1200 രൂപയായി ഉയർത്തി.
ഇന്നലെ യുഎസ് വിപണിയിൽ നാസ്ഡാക് സൂചികയും ടെക് കമ്പനികളും ഉയർന്നതിൻ്റെ ചുവടുപിടിച്ച് ഇന്നു രാവിലെ ഐടി കമ്പനികൾ ഉയർന്നു.
ബാങ്ക് ഓഫ് അമേരിക്ക റേറ്റിംഗ് താഴ്ത്തിയതിനു പിന്നാലെ നെസ്‌ലെ ഓഹരി മൂന്നു ശതമാനത്തോളം ഇടിഞ്ഞു.
നാലാം പാദത്തിൽ വരുമാനം 17 ശതമാനത്തോളം ഉയർന്നതായ റിപ്പോർട്ട് വി-മാർട്ട് റീട്ടെയിൽ ഓഹരിയെ രണ്ടര ശതമാനം ഉയർത്തി.
രൂപ ഇന്നു ഗണ്യമായ താഴ്ചയിലാണു വ്യാപാരം തുടങ്ങിയത്. ഡോളർ 21 പൈസ ഉയർന്ന് 85.68 രൂപയിൽ ഓപ്പൺ ചെയ്തു. പിന്നീട് 85.72 രൂപ വരെ കയറിയിട്ട് 85.64 രൂപയിലേക്കു താഴ്ന്നു.
സ്വർണം ലോകവിപണിയിൽ ഔൺസിന് 3130 ഡോളറിനു താഴെ എത്തി. കേരളത്തിൽ ആഭരണ സ്വർണം പവന് വില മാറ്റമില്ലാതെ 68,080 രൂപയിൽ തുടരുന്നു.
ക്രൂഡ് ഓയിൽ വില കാര്യമായ മാറ്റമില്ലാതെ തുടർന്നു. ബ്രെൻ്റ് ഇനം ബാരലിന് 74.46 ഡോളർ ആണ്. മേയിൽ ഉൽപാദനം പ്രതിദിനം 1.35 ലക്ഷം വീപ്പ കണ്ട് വർധിപ്പിക്കാനുള്ള തീരുമാനം നാളെ ഒപെക് യോഗത്തിൽ ഉണ്ടാകും.
Read DhanamOnline in English
Subscribe to Dhanam Magazine