Demat account  Image : Canva
Markets

യു.എസുമായി വ്യാപാര ഉടമ്പടി ഉണ്ടാകുന്നില്ല, ഓഹരികളും രൂപയും ഇടിയുന്നു; വിൽപന തുടര്‍ന്ന് വിദേശ നിക്ഷേപകർ

റിസർവ് ബാങ്ക് പണനയ കമ്മിറ്റി യോഗം പലിശ കുറയ്ക്കുമാേ എന്നു വെള്ളിയാഴ്ച അറിയാം

T C Mathew

വിപണി വീണ്ടും താഴുകയാണ്. രൂപയും താഴുന്നു. അമേരിക്കയുമായി വ്യാപാര ഉടമ്പടി ഉണ്ടാകാത്തതാണു വിപണിയെ അലട്ടുന്ന പ്രധാന ഘടകം. രാജ്യത്തെ വ്യവസായ ഉൽപാദനത്തിലെ തളർച്ചയും വിപണിയെ അസ്വസ്ഥമാക്കുന്നു. ഡോളർ ഇന്നു രാവിലെ 89.85 രൂപ വരെ ഉയർന്നിട്ട് അൽപം പിൻവാങ്ങി.

നാളെ ആരംഭിക്കുന്ന റിസർവ് ബാങ്ക് പണനയ കമ്മിറ്റി യോഗം പലിശ കുറയ്ക്കുമാേ എന്നു വെള്ളിയാഴ്ച അറിവാകും. അതുവരെ വിപണിയിൽ അനിശ്ചിതത്വം തുടരും.

വിദേശനിക്ഷേപകർ വിപണിയിൽ വിൽപന തുടർന്നു.

ഇന്നുരാവിലെ സെൻസെക്സ് 85,215 വരെയും നിഫ്റ്റി 26,046 വരെയും താഴ്ന്നു.

ഇന്നലെ 20 ശതമാനം ഉയർന്ന വൊക്കാർട്ട് ഓഹരി ഇന്ന് ഏഴു ശതമാനം കൂടി കുതിച്ചു. കമ്പനിയുടെ പുതിയ ആൻ്റി ബയോട്ടിക്കിന് യുഎസ് എഫ്ഡിഎ അംഗീകാരം കിട്ടിയതാണു കാരണം.

പ്രതിരോധ ഓഹരികൾ ഇന്നു താഴ്ചയിലായി. എംടാർ ടെക്, ഡൈനാമാറ്റിക് ടെക്, സെൻ ടെക്നോളജീസ്, മിധാനി തുടങ്ങിയവ ഒരു ശതമാനത്തിലധികം താഴ്ന്നു.

ഓയിൽ -ഗ്യാസും പൊതുമേഖലാ ബാങ്കുകളും ഒഴികെ എല്ലാ മേഖലകളും രാവിലെ താഴ്ചയിലായി.

ബാങ്ക് ഓഫ് മഹാരാഷ്ട്രയുടെ ആറു ശതമാനം ഓഹരി ഓഫർ ഫോർ സെയിലിലൂടെ വിൽക്കുമെന്നു ഗവണ്മെൻ്റ് അറിയിച്ചു.

നിഫ്റ്റിയിലെ വെയിറ്റേജ് മാറ്റുന്ന സാഹചര്യത്തിൽ ഐസിഐസിഐ ബാങ്കും എച്ച്ഡിഎഫ്സി ബാങ്കും ആർബിഎൽ ബാങ്കും ആക്സിസ് ബാങ്കും നഷ്ടത്തിലായി. യെസ് ബാങ്ക് രണ്ടു ശതമാനത്തോളം ഉയർന്നു.

ഫെഡറൽ ബാങ്ക് 262 രൂപ വരെ ഉയർന്നു റെക്കോർഡ് കുറിച്ചു.

ടാറ്റാ ഗ്രൂപ്പിലെ റീട്ടെയിൽ കമ്പനിയായ ട്രെൻ്റിന് 5000 രൂപ ലക്ഷ്യവില നിശ്ചയിച്ച് വിദേശ ബ്രോക്കറേജ് ബോൺസ്റ്റെെൻ വാങ്ങൽ ശിപാർശ നൽകി.

ഗോൾഡ്മാൻ സാക്സ് ടെെറ്റൻ ഓഹരിക്കു 4000 രൂപ ലക്ഷ്യവില ഇട്ടു വാങ്ങൽ ശിപാർശ നൽകി. മോട്ടിലാൽ ഓസ്വാൾ 4250 ഉം മോർഗൻ സ്റ്റാൻലി 3453 ഉം നൊമൂറ 4275 ഉം രൂപയാണു ലക്ഷ്യവില നിശ്ചയിച്ചത്.

പവർ ഗ്രിഡിനു സിഎൽഎസ്എ 325 രൂപ ലക്ഷ്യവില നിശ്ചയിച്ചു.

വോഡഫോൺ ഐഡിയയുടെ നികുതി കുടിശിക വിഷയം പരിഹരിക്കുന്നതിനുളള പദ്ധതി ഈ മാസാവസാനത്തോടെ പ്രഖ്യാപിക്കുമെന്നു ടെലികോം മന്ത്രാലയം അറിയിച്ചു. ഓഹരി നാലു ശതമാനത്തോളം ഉയർന്നു.

പ്രൊമോട്ടർമാർ രണ്ടു ശതമാനത്തിലധികം ഓഹരി വിറ്റത് ബജാജ് ഹൗസിംഗ് ഫിനാൻസിനെ 10 ശതമാനം താഴ്ത്തി.

രൂപ ഇന്നു രാവിലെ കൂടുതൽ ദുർബലമായി. ഡോളർ 15 പൈസ കൂടി 89.70 രൂപയിലാണു വ്യാപാരം തുടങ്ങിയത്. പിന്നീട് 89.85 രൂപയിൽ എത്തിയിട്ട് 89.74 ലേക്കു ഡോളർ താഴ്ന്നു. വീണ്ടും ഡോളർ 89.81 രൂപയിൽ എത്തി. വ്യാപാരത്തിൻ്റെ തുടക്കത്തിൽ റിസർവ് ബാങ്ക് ഇടപെട്ടില്ല. 89.85 രൂപയിലേക്കു ഡോളർ കയറിയപ്പോൾ പൊതുമേഖലാ ബാങ്കുകൾ വഴി ഡോളർ വിറ്റു. ഇന്നലെ വ്യാപാരത്തിനിടെ ഡോളർ 89.73 രൂപ വരെ ഉയർന്നതാണ്. പിന്നീട് റിസർവ് ബാങ്ക് ഡോളർ വിപണിയിൽ ഇറക്കിയാണ് രൂപയെ ഉയർത്തിയത്.

സ്വർണം ലോകവിപണിയിൽ താഴ്ന്നു നീങ്ങുന്നു. ഔൺസിന് 4224 ഡോളറിലാണു സ്വർണം. കേരളത്തിൽ 22 കാരറ്റ് സ്വർണം പവന് 200 രൂപ കുറഞ്ഞ് 95,480 രൂപയിൽ എത്തി.

ക്രൂഡ് ഓയിൽ ഉയർന്ന നിലയിൽ നിന്നു നാമമാത്രമായി താഴ്ന്നു ബ്രെൻ്റ് ഇനം ക്രൂഡ് വീപ്പയ്ക്ക് 63.14 ഡോളർ ആയി.

Stock market midday update on 2 december 2025.

Read DhanamOnline in English

Subscribe to Dhanam Magazine

SCROLL FOR NEXT