Image courtesy: Canva
Markets

വിപണി വീണ്ടും ചാഞ്ചാട്ടത്തിൽ, റിലയൻസ്, ടാറ്റാ മോട്ടോഴ്സ് പി.വി, നാൽകോ നേട്ടത്തില്‍; രൂപ കയറുന്നു

ബാങ്ക് നിഫ്റ്റി 57,916 നും 58,520 നും ഇടയിൽ ചാഞ്ചാടി

T C Mathew

വിപണി ഇന്നു ചാഞ്ചാട്ടത്തിലാണ്. തുടക്കത്തിൽ താഴ്‌ന്നു വ്യാപാരം തുടങ്ങിയ വിപണി പിന്നീടു ഗണ്യമായി കയറി. വീണ്ടും താഴ്‌ന്നു, കയറി. 

സെൻസെക്സ് രാവിലെ 80,480 നും 81,211 നും ഇടയിൽ കയറിയിറങ്ങി. നിഫ്റ്റി 24,943 വരെ കയറുകയും 24,726 വരെ താഴുകയും ചെയ്തു. ബാങ്ക് നിഫ്റ്റി 57,916 നും 58,520 നും ഇടയിൽ ചാഞ്ചാടി.

ഇൻഫോസിസും ഹിന്ദുസ്ഥാൻ യൂണിലിവറും താഴ്ന്നപ്പോൾ റിലയൻസ് ഉയർന്നു.

ജനുവരിയിലെ മികച്ച വിൽപന കണക്കിനെ തുടർന്ന് ടാറ്റാ മോട്ടോഴ്സ് പിവി രണ്ടു ശതമാനത്തിലധികം ഉയർന്നു. വിൽപനയിലെ നേട്ടത്തിൽ ടാറ്റാ മോട്ടോഴ്സ് സിവി ഒന്നര ശതമാനം ഉയർന്നിട്ടു താഴ്ന്നു. ബജാജ് ഓട്ടോയും അശോക് ലെയ്ലൻഡും താഴ്ന്നപ്പോൾ ടിവിഎസ് മോട്ടോറും ഐഷറും ഉയർന്നു.

വസ്‌ത്രകയറ്റുമതി കമ്പനികളായ ഗോകൽദാസും കെപിആർ മിൽസും ട്രൈഡൻ്റും വർധമാനും അരവിന്ദും രണ്ടു ശതമാനത്തിലധികം ഇടിഞ്ഞു. കിറ്റെക്സ് ഗാർമെൻ്റ്സ് മൂന്നാം ദിവസവും ഇടിഞ്ഞു. ഇന്നുരാവിലെ മൂന്നര ശതമാനം താഴ്‌ന്ന് 165 രൂപയായി.

പ്രതിരോധ കമ്പനികൾ രാവിലെ നല്ല കയറ്റത്തിനു ശ്രമിച്ചെങ്കിലും കാര്യമായ മുന്നേറ്റം ഉണ്ടായില്ല.

ബ്രോക്കറേജുകൾ അടക്കം കാപ്പിറ്റൽ മാർക്കറ്റ് ഓഹരികൾ ഇന്നു നേട്ടത്തിലായി. എസ്ടിടി കൂട്ടിയത് വ്യാപാര വ്യാപ്‌തം കുത്തനേ കുറയും എന്ന ആശങ്ക ശരിയല്ലെന്ന വിലയിരുത്തലിലാണ് കയറ്റം. 

നാൽകോ, ഹിന്ദുസ്ഥാൻ സിങ്ക്, ഹിന്ദുസ്ഥാൻ കോപ്പർ തുടങ്ങിയവ രണ്ടു ശതമാനത്തിലധികം ഉയർന്നു. എന്നാൽ സ്‌റ്റീൽ കമ്പനികൾ താഴ്ചയിലായി.

രൂപ ഇന്നു നല്ല നേട്ടത്തോടെ വ്യാപാരം തുടങ്ങി. ഡോളർ 22 പൈസ കുറഞ്ഞു 91.76 രൂപയിൽ ഓപ്പൺ ചെയ്തു. പിന്നീടു ഡോളർ 91.82 രൂപയിലേക്കു കയറിയിട്ട് 91.56 ലേക്കു താണു. റിസർവ് ബാങ്ക് ഇവിടെയും ഓഫ്‌ഷോർ വിപണിയിലും ഡോളർ വിൽക്കുന്നതു രൂപയെ സഹായിച്ചു. ഡോളർ സൂചിക 97.07ലേക്കു താഴ്‌ന്നു.

സ്വർണം ലോക വിപണിയിൽ ഔൺസിന് 4670 ഡോളറിലാണ്. രാവിലെ വില നാലര ശതമാനം ഇടിഞ്ഞു. കേരളത്തിൽ 22 കാരറ്റ് സ്വർണം പവന്  6640 രൂപ ഇടിഞ്ഞ് 1,11,120 രൂപയിൽ എത്തി. ജനുവരി 29 ലെ 1,31,160 രൂപ എന്ന റെക്കോർഡിൽ നിന്ന് പവന് 20,040 രൂപ കുറഞ്ഞിട്ടുണ്ട്.

എംസിഎക്സിൽ 24 കാരറ്റ് സ്വർണം 10 ഗ്രാമിന് 1,43,321 രൂപ വരെ വില താഴ്ന്നു.

വെള്ളി ലോക വിപണിയിൽ പത്തു ശതമാനം ഇടിഞ്ഞ് ഔൺസിന് 77 ഡോളറിലായി. എംസിഎക്സിൽ വെള്ളി കിലോഗ്രാമിന് 2,43,645 രൂപ വരെ താഴ്ന്നിട്ട് കയറി.

ക്രൂഡ് ഓയിൽ താഴ്ചയിലാണ്. ബ്രെൻ്റ് ഇനം രാവിലെ 66.30 ഡോളർ വരെ ഇടിഞ്ഞു.

ക്രിപ്‌റ്റോ കറൻസികൾ വീണ്ടും ഇടിഞ്ഞു. ബിറ്റ്കോയിൻ 75,000 ഡോളറിനു താഴെയായ ശേഷം കയറി.

Read DhanamOnline in English

Subscribe to Dhanam Magazine

SCROLL FOR NEXT