Demat account  Image : Canva
Markets

വിപണി വീണ്ടും താഴ്ചയിലേക്ക്; ബാങ്ക്, ധനകാര്യ, ഫാർമ മേഖലകൾ നഷ്ടത്തില്‍, ഐടി ഓഹരികള്‍ മുന്നേറ്റത്തില്‍

സെൻസെക്സ് 74,000 നും നിഫ്റ്റി 23,300 നും മുകളിലേക്കു കയറിയ ശേഷം വീണ്ടും താഴ്ചയിലായി.

T C Mathew

താഴ്ചയിൽ വ്യാപാരം തുടങ്ങിയ വിപണി പിന്നീടു നഷ്‌ടം കുറച്ചിട്ടു ചാഞ്ചാട്ടമായി. സെൻസെക്സ് 74,000 നും നിഫ്റ്റി 23,300 നും മുകളിലേക്കു കയറിയ ശേഷം വീണ്ടും താഴ്ചയിലായി. തുടർച്ചയായ അഞ്ചാം ദിവസവും നഷ്‌ടത്തിലേക്കാണു വിപണി നീങ്ങുന്നത്.

ഐടിയും മെറ്റലും ഒഴികെ എല്ലാ മേഖലകളും താഴ്ചയിലായി. ബാങ്ക്, ധനകാര്യ, ഫാർമ, ഹെൽത്ത് കെയർ മേഖലകൾ കൂടുതൽ താഴ്ന്നു. മിഡ് ക്യാപ്, സ്മോൾ ക്യാപ് സൂചികകളും ഇടിവിലാണ്.

എൻഫോഴ്സ്മെൻ്റ് ഡയറക്ടറേറ്റ് കമ്പനിയുടെ മുംബൈ, ഡൽഹി ഓഫീസുകളിൽ പരിശോധന നടത്തുന്നതായ റിപ്പോർട്ടിനെ തുടർന്നു വേദാന്ത ലിമിറ്റഡ് ഓഹരി ഇടിഞ്ഞു. വിദേശമാതൃ കമ്പനിക്ക് റോയൽറ്റി നൽകുന്നതുമായി ബന്ധപ്പെട്ടാണ് പരിശോധന.

ഐടി മേഖല ഇന്നും ശക്തമായി മുന്നേറി. എൻവിഡിയയുടെയും ഹ്യൂലറ്റ് പക്കാർഡ് എൻ്റർപ്രൈസസിൻ്റെയും കുതിപ്പാണ് ഐടി സേവന കമ്പനികളെ ഉയർത്തിയത്. ഇൻഫോസിസ് 4.5 ശതമാനവും ടിസിഎസ് 3.8 ശതമാനവും കയറി. ബിർലാ സോഫ്‌റ്റ് 5.5 ശതമാനം ഉയർന്നു. സൊനാറ്റ എട്ടു ശതമാനം കുതിച്ചു.

ലോകകപ്പ് ഫുട്ബോൾ സംപ്രേഷണ അവകാശം നേടിയ സീ എൻ്റർടെയ്ൻമെൻ്റിന് സിഎൽഎസ്എ 125 രൂപ ലക്ഷ്യവില നിശ്ചയിച്ച് ഔട്പെർഫോം റേറ്റിംഗ് നൽകി.

ലെൻസ്കാർട്ടിന് വാങ്ങൽ ശിപാർശ നൽകിയ സിഎൽഎസ്എ 604 രൂപ ലക്ഷ്യവില നിശ്ചയിച്ചു.

ഗുജറാത്ത് ഗ്യാസിന് ഉയർന്ന റേറ്റിംഗ് നൽകിയ നുവാമ ലക്ഷ്യവില 511 രൂപയായി നിർണയിച്ചു. ഓഹരി രണ്ടര ശതമാനം ഉയർന്നു.

റിലയൻസിന് ജെഫറീസ് 1755 രൂപയും സിറ്റി 1670 രൂപയും ലക്ഷ്യവില നിശ്ചയിച്ച് വാങ്ങൽ ശിപാർശ നിലനിർത്തി. ജെപി മോർഗൻ 1660 രൂപ ലക്ഷ്യവില നിർണയിച്ചു വാങ്ങൽ ശിപാർശ നൽകി.

പുതിയ ആൻ്റിബയോട്ടിക്കിന് അമേരിക്കൻ എഫ്‌ഡിഎയുടെ അംഗീകാരം ലഭിച്ചതിനെ തുടർന്ന് കഴിഞ്ഞ ദിവസങ്ങളിൽ വലിയ മുന്നേറ്റം നടത്തിയ വൊക്കാർട്ട് ഓഹരി ഇന്നു രാവിലെ എട്ടര ശതമാനം ഇടിഞ്ഞു. ലാഭമെടുക്കലാണു പ്രധാന കാരണം.

രൂപ ഇന്നു രാവിലെ ദുർബലമായി വ്യാപാരം തുടങ്ങി. ഡോളർ എഴു പൈസ കയറി 95.06 രൂപയിൽ ഓപ്പൺ ചെയ്തു. ഡോളർ പിന്നീട് 95.16 രൂപയിലേക്കു കയറി.

സ്വർണം ലോക വിപണിയിൽ ഔൺസിന് 4505 ഡോളറിൽ എത്തി. കേരളത്തിൽ 22 കാരറ്റ് സ്വർണം പവന് വിലമാറ്റം ഇല്ലാതെ 1,14,560 രൂപയിൽ തുടർന്നു.

ക്രൂഡ് ഓയിൽ വില രാവിലെ കയറ്റം തുടർന്നു. ബ്രെൻ്റ് ഇനം ക്രൂഡ് 94.15 ഡോളറിലും ഡബ്ള്യുടിഐ ഇനം 91.24 ഡോളറിലും എത്തി.

Read DhanamOnline in English

Subscribe to Dhanam Magazine

SCROLL FOR NEXT