Image by Canva 
Markets

പിന്തുണനില നഷ്‌ടപ്പെട്ടു വിപണി താഴോട്ട്, ഐ.ടി, റിയൽറ്റി, ഓയിൽ, ഓട്ടോ മേഖലകള്‍‌ നഷ്ടത്തില്‍; രൂപ ഇടിവില്‍

നിഫ്റ്റി 25,440നും സെൻസെക്സ് 82,820 നും താഴെ എത്തി

T C Mathew

വിപണി പിന്തുണ നിലകൾ തകർത്തു താഴോട്ടു പോകുകയാണ്. നിഫ്റ്റി 25,440നും സെൻസെക്സ് 82,820 നും താഴെ വരെ എത്തി. 

മുഖ്യസൂചികകൾ അര ശതമാനം താഴ്ന്നപ്പോൾ വിശാലവിപണി ഒരു ശതമാനത്തിലധികം ഇടിവിലായി. മിഡ് ക്യാപ് 100 സൂചികയും സ്മോൾ ക്യാപ് 100 സൂചികയും 1.2 ശതമാനം ഇടിഞ്ഞു. ഐടി, റിയൽറ്റി, ഓയിൽ, ഓട്ടോ, ഫാർമ, ഹെൽത്ത് കെയർ തുടങ്ങിയവ വലിയ താഴ്ചയിലാണ്.

മൂന്നാം പാദ റിസൽട്ട് പ്രതീക്ഷയിലും മോശമായതിനെ തുടർന്ന് എൽടിഐ മൈൻഡ്‌ട്രീ ഓഹരി ആറു ശതമാനം ഇടിവിലായി.

ആദിത്യ ബിർല ഫാഷൻ ആൻഡ് റീട്ടെയിലിൻ്റെ 3.57 ശതമാനം ഓഹരി ബൾക്ക് ഇടപാടിൽ കൈമാറിയതിനെ തുടർന്ന് ഓഹരിവില എട്ടു ശതമാനം വരെ ഇടിഞ്ഞു.

മൂന്നാം പാദ റിസൽട്ട് മോശമായതിനെ തുടർന്ന് ഓബറോയ് റിയൽറ്റി ഓഹരി ആറു ശതമാനം താഴ്ന്നു.

എച്ച്എസ്ബിസി ലക്ഷ്യവില 750 രൂപയായി ഉയർത്തിയതിനെ തുടർന്ന് ഹിന്ദുസ്ഥാൻ സിങ്ക് ഓഹരി രണ്ടു ശതമാനത്തോളം ഉയർന്നു. വെള്ളിവിലയിലെ കുതിപ്പ് കമ്പനിയുടെ വരുമാനം കൂട്ടും.

ഐആർഎഫ്സി മൂന്നാം പാദത്തിൽ വരുമാനം 1.5 ശതമാനം കുറഞ്ഞെങ്കിലും അറ്റാദായം 11 ശതമാനം വർധിപ്പിച്ചു. എങ്കിലും ഓഹരി താഴ്ന്നു. ഇന്നലെ ഒരു ശതമാനം താഴ്‌ന്ന ഓഹരി ഇന്ന് നാലു ശതമാനത്തിലധികം ഇടിഞ്ഞു.

ജെഫറീസ് ലക്ഷ്യവില 150 രൂപയാക്കിയത് പഞ്ചാബ് നാഷണൽ ബാങ്ക് ഓഹരിയെ രണ്ടു ശതമാനത്തോളം ഉയർത്തി. പിന്നീട് ഓഹരി ഒന്നര ശതമാനം ഇടിവിലായി.

ഒല ഇലക്ട്രിക്കിൻ്റെ പ്രശ്നങ്ങൾ തീരുന്നില്ല. കമ്പനിയുടെ സിഎഫ്ഒ ഹരീഷ് അബിചാന്ദ്നി രാജിവച്ചു. പുറവങ്കര ഗ്രൂപ്പിലും ടാറ്റാ ഓട്ടോ കമ്പോണൻ്റ് സിസ്റ്റംസിലും ഉണ്ടായിരുന്ന ദീപക് രസ്തോഗി ഇന്ന് പുതിയ സിഎഫ്ഒ ആയി സ്ഥാനമേൽക്കും. ഒല ഓഹരി മൂന്നര ശതമാനം ഇടിഞ്ഞു.

മൂന്നാം പാദ റിസൽട്ട് മികച്ച ലാഭവർധന കാണിച്ചെങ്കിലും സിയറ്റ് ഓഹരി രാവിലെ രണ്ടു ശതമാനത്തോളം താഴ്ന്നു.

യെസ് ബാങ്ക് റിസൽട്ട് നല്ല ലാഭവർധന കാണിച്ചെങ്കിലും ഓഹരി മൂന്നു ശതമാനം ഇടിഞ്ഞു.

രൂപ ഇന്നു ദുർബലമായി വ്യാപാരം തുടങ്ങി. ഡോളർ രണ്ടു പൈസ കൂടി 90.93 രൂപയിൽ ഓപ്പൺ ചെയ്തു. പിന്നീടു 90.99 രൂപയിലേക്കു കയറി.

സ്വർണം ലോകവിപണിയിൽ ഔൺസിന് 4683.60 ഡോളറിലേക്കു കുതിച്ചു കയറി റെക്കോർഡ് തിരുത്തി. കേരളത്തിൽ 22 കാരറ്റ് സ്വർണം പവന് 760 രൂപ വർധിച്ച് 1,08,000 രൂപ ആയി. ഈ മാസം ഇതുവരെ 8400 രൂപയാണ് ഒരു പവനു വർധിച്ചത്.

വെള്ളി ലോക വിപണിയിൽ അൽപം താഴ്‌ന്ന് 93.86 ഡോളറിലാണ്. എംസിഎക്സിൽ വെള്ളി കിലോഗ്രാമിന് 3,19,949 രൂപ എന്ന റെക്കോർഡ് വരെ കയറി.

ക്രൂഡ് ഓയിൽ വില ചാഞ്ചാട്ടത്തിലാണ്. ബ്രെൻ്റ് ഇനം ബാരലിന് 63.97 ഡോളറിലേക്കു താഴ്‌ന്ന ശേഷം 64.14 ഡോളറിലേക്കു കുതിച്ചു.

Read DhanamOnline in English

Subscribe to Dhanam Magazine

SCROLL FOR NEXT