Image courtesy: Canva
Markets

വിപണി കുതിക്കുന്നു, നിഫ്റ്റി 24,000 ഉം സെൻസെക്സ് 79,000 ഉം കടന്നു; ഇൻഫോസിസ്, യെസ് ബാങ്ക്, ആക്സിസ് ബാങ്ക് നേട്ടത്തില്‍

മിഡ് ക്യാപ്, സ്മോൾ കാപ് ഓഹരികളെ അപേക്ഷിച്ച് ലാർജ് ക്യാപ് ഓഹരികളിലാണ് കൂടുതൽ കയറ്റം

T C Mathew

ആഗോള ആശങ്കകൾ തള്ളിക്കളഞ്ഞ് ഇന്ത്യൻ വിപണി കുതിക്കുന്നു. വിദേശ നിക്ഷേപകർ ഇന്ത്യയിലേക്കു കൂട്ടമായി വരുന്നു എന്നതാണു കമ്പോളത്തെ ഉയർത്തുന്നത്. മിഡ് ക്യാപ്, സ്മോൾ കാപ് ഓഹരികളെ അപേക്ഷിച്ച് ലാർജ് ക്യാപ് ഓഹരികളിലാണ് കൂടുതൽ കയറ്റം. ബാങ്ക് നിഫ്റ്റി റെക്കോർഡ് കുതിപ്പിലാണ്.

നിഫ്റ്റി 24,000 വും സെൻസെക്സ് 79,000 വും കടന്നു നിക്ഷേപകർക്ക് ആവേശം പകർന്നു. പിന്നീട് താഴ്ന്നു.

യുഎസ് ഫ്യൂച്ചേഴ്സ് വലിയ താഴ്ചയിലാണ്. ഡൗ 0.88 ഉം എസ്ആൻഡ്പി 0.88 ഉം നാസ്ഡാക് 0.90 ഉം ശതമാനം ഇടിഞ്ഞു നിൽക്കുന്നു.

ഇൻഫോസിസ് ടെക്നോളജീസിൻ്റെ റിസൽട്ട് പ്രതീക്ഷയിലും മോശമായെങ്കിലും വിപണിയിൽ ഇൻഫി ഓഹരി കുതിച്ചു. തുടക്കത്തിൽ താഴ്ന്ന ഐടി ഓഹരികൾ പിന്നീടു തിരിച്ചുകയറി. നിഫ്റ്റി ഐടി 1.3 ശതമാനം വരെ ഉയർന്നു. ഇൻഫി 1.75 ശതമാനം കയറി. പിന്നീടു നേട്ടം കുറഞ്ഞു. ഇടത്തരം ഐടി കമ്പനികൾ രണ്ടു ശതമാനത്തിലധികം ഉയർന്നു.

ബാങ്ക് മേഖല ഇന്നു തുടക്കത്തിൽ കുതിച്ചു. നിഫ്റ്റി ബാങ്ക് ആദ്യമായി 55,000 നു മുകളിൽ കയറി. യെസ് ബാങ്ക് ആറും ആക്സിസ് ബാങ്ക് മൂന്നും ശതമാനം കുതിച്ചു. എച്ച്ഡിഎഫ്സി ബാങ്ക് രണ്ടും ഐസിഐസിഐ ബാങ്ക് 1.2ഉം ശതമാനം ഉയർന്നു. സ്വകാര്യ ബാങ്കുകളുടെ മികച്ച റിസൽട്ട് വിപണിക്ക് ആവേശമായി.

മികച്ച റിസൽട്ട് വന്നിട്ടും ഭെൽ ഓഹരി 2.62 ശതമാനം താഴ്ന്നു.

രൂപ ഇന്നു മികച്ച മുന്നേറ്റം നടത്തി. ഡോളർ 27 പൈസ കുറഞ്ഞ് 85.10 രൂപയിൽ വ്യാപാരം തുടങ്ങി. ഡോളർ സൂചിക 89.32 ലേക്കു താഴ്ന്നിട്ടുണ്ട്.

യൂറോ 1.15 ഡോളറും പൗണ്ട് 1.338 ഡോളറും ആയി. ഡോളർ 140.72 ലേക്കു താഴ്ന്നു.

സ്വർണം ലോകവിപണിയിൽ കുതിപ്പ് തുടരുന്നു. ഇന്നു രാവിലെ രണ്ടു ശതമാനം കയറ്റമാണു സ്വർണത്തിന് ഉണ്ടായത്. സ്വർണം അവധിവില 3396 ഡോളറിൽ എത്തി. സ്പോട്ട് വില ഔൺസിന് 3386 ഡോളറിലേക്കു കുതിച്ചു കയറി.

കേരളത്തിൽ ആഭരണ സ്വർണം പവന് 660 രൂപ വർധിച്ച് 72,120 രൂപ എന്ന റെക്കോർഡ് കുറിച്ചു.

ക്രൂഡ് ഓയിൽ വില താഴുകയാണ്. ബ്രെൻ്റ് ഇനം ബാരലിന് 66.91 ഡോളറിൽ എത്തി.

Stock market midday update on 21 april 2025.

Read DhanamOnline in English

Subscribe to Dhanam Magazine

SCROLL FOR NEXT