canva
Markets

വിപണി വീണ്ടും ചാഞ്ചാട്ടത്തിൽ; എച്ച്ഡിഎഫ്സി ബാങ്ക്, ബജാജ് ഹെൽത്ത് കെയർ നേട്ടത്തില്‍, കരൂര്‍ വൈശ്യ ബാങ്ക് ഇടിവില്‍

രൂപ ഇന്നു ചെറിയ നേട്ടത്തിൽ വ്യാപാരം തുടങ്ങി. ഡോളർ നാലു പൈസ താഴ്ന്ന് 96.41 രൂപയിൽ ഓപ്പൺ ചെയ്തു

T C Mathew

താഴ്ന്നു വ്യാപാരം തുടങ്ങിയ ശേഷം നേട്ടത്തിലേക്കു കയറിയ വിപണി കുറേ സമയം ചാഞ്ചാട്ടത്തിലായി. പിന്നീടു നഷ്ടത്തിലേക്കു തിരിഞ്ഞു. നിഫ്റ്റി 24,203 ഉം സെൻസെക്സ് 77,541 ഉം വരെ താഴ്ന്നിട്ടു നഷ്‌ടം കുറച്ചു. വീണ്ടും ചാഞ്ചാട്ടമായി.

ഇന്നലെ അഞ്ചു ശതമാനത്തിലധികം ഇടിഞ്ഞ എച്ച്ഡിഎഫ്സി ബാങ്ക് ഇന്ന് ഒരു ശതമാനത്തിലധികം താഴ്ന്നു.

ജിൻഡൽ സ്റ്റെയിൻലെസ് സ്റ്റീലിനു ഗോൾഡ്മാൻ സാക്സ് 1,000 രൂപ ലക്ഷ്യവില നിർണയിച്ചു. സ്റ്റെയിൻലെസ് സ്‌റ്റീൽ ഡിമാൻഡ് വർധിക്കുന്ന സാഹചര്യത്തിലാണിത്. ഓഹരി മൂന്നു ശതമാനത്തോളം ഉയർന്നു.

സോനാ ബിഎൽഡബ്ല്യുവിനു യുബിഎസ് 900 രൂപ ലക്ഷ്യവില നിശ്ചയിച്ചു. കമ്പനിയുടെ തന്ത്രപരമായ നിക്ഷേപങ്ങൾ വിലയിരുത്തിയാണ് ഇത്.

മത്സ്യമേഖലയ്ക്കുള്ള സബ്‌സിഡി സംബന്ധിച്ച ലോകവ്യാപാര സംഘടനയുടെ കരാറിൽ ഇന്ത്യ പങ്കാളിയായി. ഇതു പല മത്സ്യകയറ്റുമതി കമ്പനികളുടെയും ഓഹരിവില മൂന്നു ശതമാനം വരെ താഴ്‌ത്തി.

പ്രതീക്ഷയിലും മോശമായ റിസൽട്ടിനെ തുടർന്ന് ട്രാൻസ്ഫോമേഴ്സ് ആൻഡ് റെക്ടിഫയേഴ്‌സ് അഞ്ചു ശതമാനം ഇടിഞ്ഞു. ബജാജ് ഹെൽത്ത് കെയർ നാലു ശതമാനം താഴ്ന്നു.

മികച്ച ജൂൺ പാദ റിസൽട്ട് കനറ എച്ച്എസ്ബിസി ലൈഫ് ഓഹരിയെ എട്ടു ശതമാനത്തോളം കുതിപ്പിലാക്കി.

അറ്റാദായം 45 ശതമാനവും അറ്റപലിശ വരുമാനം 32 ശതമാനവും വർധിപ്പിച്ച കരൂര്‍ വൈശ്യ ബാങ്ക് ഒൻപതു ശതമാനം വരെ ഉയർന്നു.

ഒന്നാം പാദ വരുമാനവും ലാഭവും 20 ശതമാനത്തോളം ഉയർത്തിയ എയ്സ് കൺസ്ട്രക്ഷൻ കമ്പനിയുടെ ഓഹരി ഒൻപതു ശതമാനം കുതിച്ചു.

574 രൂപയിൽ ഇഷ്യു നടത്തിയ എസ്ബിഐ ഫണ്ട്സ് 610 രൂപയിൽ ലിസ്റ്റ് ചെയ്തു. പിന്നീട് 620 നു മുകളിലേക്കു കയറി.

രൂപ ഇന്നു ചെറിയ നേട്ടത്തിൽ വ്യാപാരം തുടങ്ങി. ഡോളർ നാലു പൈസ താഴ്ന്ന് 96.41 രൂപയിൽ ഓപ്പൺ ചെയ്തു. പിന്നീടു ഡോളർ 96.30 രൂപ വരെ താഴ്ന്നു. വിദേശനാണ്യസമാഹരണം സംബന്ധിച്ച റിസർവ് ബാങ്കിൻ്റെ കണക്ക് അനുസരിച്ചുള്ള കയറ്റം രൂപയിൽ കണ്ടില്ല. 8500 കോടി ഡോളർ ലക്ഷ്യമിട്ട സമാഹരണ പരിപാടിയിൽ ഇതിനകം 2100 കോടി സമാഹരിച്ചെന്നാണു റിസർവ് ബാങ്ക് പറയുന്നത്.

സ്വർണം ലോകവിപണിയിൽ ഔൺസിന് 4046 ഡോളറിൽ എത്തി. പശ്ചിമേഷ്യൻ യുദ്ധവും എണ്ണവിലയും സംബന്ധിച്ച ആശങ്ക വിപണിയിൽ കുറഞ്ഞു എന്നാണ് ഇതു കാണിക്കുന്നത്. കേരളത്തിൽ 22 കാരറ്റ് സ്വർണം പവന് 560 രൂപ വർധിച്ച് 1,05,760 രൂപ ആയി.

ക്രൂഡ് ഓയിൽ വില സാവധാനം കുറയുന്നു. ബ്രെൻ്റ് ഇനം 88.37 ഡോളറിലും ഡബ്ള്യുടിഐ ഇനം 82.74 ഡോളറിലും എത്തി.

Read DhanamOnline in English

Subscribe to Dhanam Magazine

SCROLL FOR NEXT