വിപണി മികച്ച നേട്ടത്തിൽ വ്യാപാരം തുടങ്ങിയ ശേഷം കുതിച്ചുകയറി. ഒരു ശതമാനത്തിലധികം മുന്നേറിയ മുഖ്യസൂചികകൾ പിന്നീടു നേട്ടം ഗണ്യമായി കുറച്ചു.
സെൻസെക്സ് 74,682 ഉം നിഫ്റ്റി 23,121 ഉം വരെ ഉയർന്ന ശേഷം താഴോട്ടു നീങ്ങി. നിഫ്റ്റി 23,000 നു താഴെ എത്തി. ബാങ്ക് നിഫ്റ്റി മികച്ച നേട്ടത്തിൽ നിന്നു നഷ്ടത്തിലേക്കു വീണു.
തുടക്കത്തിൽ നേട്ടത്തിലായിരുന്ന മിഡ് ക്യാപ്, സ്മോൾ ക്യാപ് സൂചികകൾ പിന്നീട് ഒരു ശതമാനത്തിലധികം നഷ്ടത്തിലായി.
ജിയോ പ്ലാറ്റ്ഫോംസിൻ്റെ ഐപിഒ വിജയമാകും വരെ കുതിച്ചു കയറിയ വിപണി പിന്നീടു താഴോട്ടു നീങ്ങി എന്നതു യാദൃച്ഛികമാകാം. രാവിലെ രണ്ടു ശതമാനത്തിലധികം ഉയർന്ന റിലയൻസ് ഓഹരിയും പിന്നീടു നേട്ടം ഗണ്യമായി കുറച്ചു.
ജിയോ പ്ലാറ്റ്ഫോംസിൻ്റെ ഐപിഒയ്ക്കു രാവിലെ വൻ ഡിമാൻഡ് ദൃശ്യമായി. റീട്ടെയിൽ ഇഷ്യു തുടങ്ങി മിനിറ്റുകൾക്കകം മുഴുവൻ ഓഹരിക്കും അപേക്ഷ ലഭിച്ചു. ആങ്കർ നിക്ഷേപകരുടെയും സ്ഥാപനങ്ങളുടെയും വിഭാഗത്തിൽ ഓഫർ ചെയ്യുന്ന ഓഹരികളുടെ നിരവധി മടങ്ങ് അപേക്ഷകൾ ഉണ്ട്. രാജ്യത്തെ ഏറ്റവും വലിയ ഐപിഒ വഴി 30,213 കോടി രൂപ കമ്പനി സമാഹരിക്കും. 1065 മുതൽ 1119 വരെ വിലയാണ് ഓഹരിക്കു നിർദേശിച്ചിട്ടുള്ളത്. അനൗപചാരിക വിപണിയിൽ ഓഹരിക്ക് 273 രൂപ വരെ പ്രീമിയം ഉണ്ട്. ലിസ്റ്റിംഗ് വില 1365 രൂപയ്ക്കു മുകളിലാകും എന്നു കരുതപ്പെടുന്നു.
ഐടി ഓഹരികൾ ഇന്നു മികച്ച മുന്നേറ്റം നടത്തി. ടെക് മേഖല യുഎസിൽ കരുത്തോടെ തിരിച്ചുകയറുകയും പലിശ ഭീതി താൽക്കാലികമായി അകലുകയും ചെയ്ത സാഹചര്യത്തിലാണിത്. ഇൻഫോസിസും മറ്റും മൂന്നു ശതമാനത്തിലധികം ഉയർന്നു. ഐടി സൂചിക 2.3 ശതമാനം ഉയർന്നു.
ധനകാര്യ, ഓട്ടോ, മെറ്റൽ, മീഡിയ, കൺസ്യൂമർ ഡ്യുറബിൾസ് മേഖലകൾ വലിയ താഴ്ചയിലായി.
മികച്ച റിസൽട്ട് പുറത്തുവിട്ട ബജാജ് ഫിനാൻസിന് ലക്ഷ്യവില 1270 രൂപയായി ഉയർത്തിയ എച്ച്എസ്ബിസി വാങ്ങൽ ശിപാർശ നൽകി.
പൈപ്പ് സ്പൂളിംഗ് യൂണിറ്റ് നിശ്ചിത സമയത്തിനു മുൻപേ പ്രവർത്തനമാരംഭിച്ചതിനെ തുടർന്ന് വീനസ് പൈപ്പ്സ് ഓഹരി അഞ്ചു ശതമാനം കുതിച്ചു.
ഉൽപന്നങ്ങളുടെ വില ആഗോള തലത്തിൽ വർധിച്ചതിനെ തുടർന്നു ലാഭം ഇരട്ടിയിലധികം വർധിപ്പിച്ച ഹിന്ദുസ്ഥാൻ സിങ്ക് ഓഹരി രാവിലെ മൂന്നു ശതമാനം ഉയർന്നു. ഓഹരിയുടെ ലക്ഷ്യവില 500 രൂപയായി താഴ്ത്തിയ കൊട്ടക് ഇൻസ്റ്റിറ്റ്യൂഷണൽ സെക്യൂരിറ്റീസ് വില്പന ശിപാർശ നൽകി.
റിയൽറ്റി കമ്പനിയായ ശോഭയ്ക്ക് എച്ച്എസ്ബിസി 1850 രൂപ ലക്ഷ്യവില നിർണയിച്ചു. ഓഹരി നാലു ശതമാനം താഴ്ന്നു.
വരുമാനം ഗണ്യമായി കൂടിയപ്പോഴും അറ്റാദായം ഇടിഞ്ഞ വാരീ റിന്യൂവബിൾസ് ഓഹരി 10 ശതമാനം ഇടിഞ്ഞു.
ഹീറോ മോട്ടോഴ്സ് രാവിലെ എട്ടു ശതമാനം ഇടിഞ്ഞു.
മികച്ച രണ്ടാം പാദ റിസൽട്ടിനെ തുടർന്ന് എൽ ആൻഡ് ടി ടെക്നോളജി സർവീസസ് ഓഹരി 12 ശതമാനത്തിലധികം കുതിച്ചു.
രണ്ടാം പാദത്തിൽ ലാഭവും പലിശ മാർജിനും കുറഞ്ഞ എസ്എംഎൽ മഹീന്ദ്ര രാവിലെ 10 ശതമാനം ഇടിഞ്ഞു.
രൂപ ഇന്നും നല്ല നേട്ടത്തോടെ വ്യാപാരം തുടങ്ങി. ഡോളർ 15 പൈസ കുറഞ്ഞ് 94.78 രൂപയിൽ ഓപ്പൺ ചെയ്തു. 94.82 രൂപയിൽ എത്തിയ ശേഷം ഡോളർ 94.57 രൂപയിലേക്കു താഴ്ന്നു.
ലോക വിപണിയിൽ സ്വർണം ഔൺസിന് 4126 ഡോളറിൽ എത്തിയ ശേഷം താഴ്ന്നു 4118 ഡോളർ ആയി. കേരളത്തിൽ 22 കാരറ്റ് സ്വർണം പവന് വിലമാറ്റം ഇല്ലാതെ 1,07,120 രൂപയിൽ തുടർന്നു.
ക്രൂഡ് ഓയിൽ വില അൽപം കുറഞ്ഞു. ബ്രെൻ്റ് ഇനം 110.30 ഡോളറിലും ഡബ്ള്യുടിഐ ഇനം 99.17 ഡോളറിലും എത്തി.
Read DhanamOnline in English
Subscribe to Dhanam Magazine