എച്ച് വൺ വീസ വിഷയത്തിൽ അധികം ആകുലത വേണ്ടെന്ന ഔദ്യോഗിക നിലപാടിനെ ഓഹരിവിപണി സ്വീകരിച്ചു.ഐടി കമ്പനി ഓഹരികൾ തുടക്കത്തിൽ താഴ്ന്നിട്ട് നഷ്ടം കുറച്ചു. അമേരിക്കയിലേക്ക് ആളുകളെ വിടാതെ ഇവിടെ നിന്നു ജോലികൾ ചെയ്തു നൽകാൻ പറ്റും എന്നാണ് ഔദ്യോഗിക നിലപാട്. ഈ കാഴ്ചപ്പാട് വിപണിയെ താഴ്ചയിൽ നിന്നു നാമമാത്ര ദൗർബല്യത്തിലേക്ക് ഉയർത്തി.
എന്നാൽ ജിഎസ്ടി ലാഭമേള വിപണിയെ അധികം ആവേശം കൊള്ളിച്ചതായി കാണുന്നില്ല. വാഹന, എഫ്എംസിജി, കൺസ്യൂമർ ഡ്യൂറബിൾസ് ഓഹരികൾ അധികം ഉയർന്നില്ല.
എച്ച് വൺ ബി വിഷയത്തെ തുടർന്ന് മിക്ക ഐടി സേവന കമ്പനികളും താഴ്ചയിലായി. ടെക് മഹീന്ദ്ര, പെർസിസ്റ്റൻ്റ്, കോഫോർജ്, മൈൻഡ്ട്രീ, എംഫസിസ് തുടങ്ങിയവ നാലു ശതമാനത്തോളം ഇടിഞ്ഞു. ടിസിഎസ്, ഇൻഫോസിസ്, വിപ്രോ, എച്ച്സിഎൽ ടെക് തുടങ്ങിയവ മൂന്നു ശതമാനത്തോളം താഴ്ന്നു. ആദ്യം ചില ഓഹരികൾ ആറു ശതമാനം വരെ ഇടിഞ്ഞതാണ്. പിന്നീട് ഓഹരികൾ നഷ്ടം ഗണ്യമായി കുറച്ചു.
80,000 കോടി രൂപയുടെ നാലു യുദ്ധക്കപ്പൽ നിർമാണ കരാറിനു നാവികസേന ടെൻഡർ ക്ഷണിക്കും. തമിഴ്നാട്ടിൽ 15,000 കോടി രൂപയുടെ കപ്പൽനിർമാണ ശാല തുടങ്ങാൻ കൊച്ചിൻ ഷിപ്പ് യാർഡും മസഗോൺ ഡോക്കും ധാരണാപത്രം ഒപ്പു വച്ചു. ഈ വാർത്തകളെ തുടർന്ന് കൊച്ചിൻ ഷിപ്പ് യാർഡ് മൂന്നും ഗാർഡൻ റീച്ച് 5.5 ഉം മസഗാേൺ ഡോക്ക് രണ്ടും ശതമാനം ഉയർന്നു.
കഴിഞ്ഞ ദിവസങ്ങളിൽ 10 ശതമാനത്തിലധികം ഉയർന്ന കിറ്റെക്സ് ഗാർമെൻ്റ്സ് ഇന്നു രാവിലെ രണ്ടു ശതമാനം താഴ്ന്നു. ഗോകൽ ദാസ്, പേൾ ഗ്ലോബൽ, റയ്മണ്ട്, അലോക് ഇൻഡസ്ട്രീസ് തുടങ്ങിയ വസ്ത്ര കയറ്റുമതി കമ്പനികളും താഴ്ചയിലാണ്.
കഴിഞ്ഞ ദിവസം വലിയ നേട്ടത്തോടെ ലിസ്റ്റ് ചെയ്തു തുടർന്നും കയറിയ അർബൻ കമ്പനി ഓഹരി ഇന്നു രാവിലെ ആറു ശതമാനം കൂടി ഉയർന്നു.
ഡാറ്റാ സെൻ്റർ നിർമാണത്തിൽ പരിചയസമ്പന്നരായ റിയൽ എസ്റ്റേറ്റ് കമ്പനി അനന്ത് രാജ് അഞ്ചു ശതമാനം കുതിച്ചു. ഡൽഹി എൻസിആർ മേഖലയിൽ ഗ്ലോബൽ കേപ്പേബിലിറ്റി സെൻ്റർ (ജിസിസി) നിർമാണത്തിലും അനന്ത് രാജ് സജീവമാണ്. എച്ച് വൺ ബി വീസ ബുദ്ധിമുട്ടാകുമ്പോൾ ജിസിസികൾ തുടങ്ങാൻ വിദേശകമ്പനികൾ തുനിയും എന്നാണു പ്രതീക്ഷ. ഓഹരിക്ക് എംകേ ഗ്ലോബൽ 800 രൂപ ലക്ഷ്യവില നിർണയിച്ചു.
ഡാറ്റാ സെൻ്ററുകൾക്കു വേണ്ട സെർവറുകളും സൂപ്പർ കംപ്യൂട്ടിംഗ് സേവനങ്ങളും ഒരുക്കുന്ന നെറ്റ് വെബ് ടെക്നോളജീസ് ഓഹരി ആറു ശതമാനം കയറി. ബ്ലായ്ക്ക് ബോക്സും ഡാറ്റാ സെൻ്ററുകൾക്ക് അടിസ്ഥാന സൗകര്യം ഒരുക്കുന്ന കമ്പനിയാണ്.
അദാനി എൻ്റർ പ്രൈസസും ഭാരതി എയർടെലും ഉപകമ്പനികൾ വഴി ഡാറ്റാ സെൻ്ററുകൾക്കു സൗകര്യം നൽകുന്നുണ്ട്. വലിയ വളർച്ച സാധ്യതയാണ് ഈ മേഖലയ്ക്കു പ്രതീക്ഷിക്കുന്നത്.
മൾട്ടി സ്പെഷാലിറ്റി ആശുപത്രികൾ നടത്തുന്ന ഷാൽബി ലിമിറ്റഡ് ഏറ്റെടുക്കൽ കിംവദന്തികളെ തുടർന്ന് 10 ശതമാനം കുതിച്ചു.
സ്വർണവില വീണ്ടും കുതിക്കുന്ന സാഹചര്യത്തിൽ സ്വർണപ്പണയ കമ്പനികളായ മുത്തൂറ്റും മണപ്പുറവും രണ്ടര ശതമാനം വരെ കയറി.
രൂപ ഇന്നു ദുർബലമായി. ഡോളർ ഒമ്പതു പൈസ കൂടി 88.18 രൂപയിൽ ഓപ്പൺ ചെയ്തു. പുതിയ സംഭവവികാസങ്ങൾ രൂപയെ കൂടുതൽ ദുർബലമാക്കും എന്ന ആശങ്ക വിപണിയിൽ ഉണ്ട്. ഡോളർ സൂചിക ഇന്ന് 97.77 ലേക്കു കയറി നിൽക്കുകയാണ്.
സ്വർണം ലോകവിപണിയിൽ കയറ്റം തുടരുകയാണ്. ഔൺസിന് 3695 ഡോളറിലേക്കു വില എത്തി. കേരളത്തിൽ 22 കാരറ്റ് സ്വർണം പവനു 320 രൂപ ഉയർന്ന് 82,560 രൂപ എന്ന റെക്കോർഡ് കുറിച്ചു.
ക്രൂഡ് ഓയിൽ കയറ്റം സാവധാനമാണ്. ബ്രെൻ്റ് ഇനം ക്രൂഡ് ബാരലിന് 67.11 ഡോളറിൽ എത്തി.
Stock market midday update on 22 September 2025.
Read DhanamOnline in English
Subscribe to Dhanam Magazine