Demat account  Image : Canva
Markets

നഷ്‌ടം കുറച്ചു വിപണി, എണ്ണ വിപണന കമ്പനികൾ ഇടിവില്‍; ഡോളർ 94 രൂപയ്‌ക്കു മുകളിൽ

സെൻസെക്സ് 77,693 വരെ താഴ്ന്നിട്ട് 78,100 നു മുകളിലേക്കും നിഫ്റ്റി 24,134 ൽ നിന്ന് 24,300 ലേക്കും കയറി

T C Mathew

വലിയ നഷ്ടത്തിൽ വ്യാപാരം തുടങ്ങിയ വിപണി പിന്നീടു നഷ്‌ടം ഗണ്യമായി കുറച്ചു. സെൻസെക്സ് 77,693 വരെ താഴ്ന്നിട്ട് 78,100 നു മുകളിലേക്കും നിഫ്റ്റി 24,134 ൽ നിന്ന് 24,300 ലേക്കും കയറി. തുടക്കം മുതൽ താഴ്ചയിലായിരുന്ന മിഡ് ക്യാപ് സൂചികകൾ പിന്നീടു നേട്ടത്തിലായി.

ഏഷ്യൻ വിപണികളും യുഎസ് ഫ്യൂച്ചേഴ്സും താഴ്ന്നാണു നീങ്ങുന്നത്.

ബോണസ്, അവകാശ ഇഷ്യു പ്രഖ്യാപനങ്ങളും മികച്ച നാലാം പാദ റിസൽട്ടും ഉണ്ടായിട്ടും ട്രെൻ്റ് ലിമിറ്റഡ് ഓഹരി രാവിലെ 0.40 ശതമാനം താഴ്ന്നു. പിന്നീട് ഒരു ശതമാനത്തിലധികം ഉയർന്നു. വീണ്ടും മൂന്നു ശതമാനം താഴ്ചയിലേക്കു വീണു.

നാലാം പാദ റിസൽട്ട് പ്രതീക്ഷയിലും മോശമായതിനെ തുടർന്നു ഡെൽറ്റാ കോർപറേഷൻ ഓഹരി നാലു ശതമാനം ഇടിഞ്ഞു. പിന്നീടു നഷ്‌ടം മാറ്റി ആറു ശതമാനം ഉയർന്നു.

ക്രൂഡ് ഓയിൽ വില 104 ഡോളർ വരെ ഉയർന്നതോടെ എണ്ണ വിപണന കമ്പനികൾ ഇടിവിലായി. എച്ച്പിസിഎലും ബിപിസിഎലും ഐഒസിയും മൂന്നു ശതമാനം വരെ താഴ്ന്നു. ക്രൂഡ് ഓയിൽ ഉൽപാദകരായ ഒഎൻജിസിയും ഓയിൽ ഇന്ത്യയും രണ്ടു ശതമാനത്തിലധികം ഉയർന്നു. പെയിൻ്റ് കമ്പനികൾ രണ്ടു ശതമാനം താഴ്ചയിലായി.

സംസ്ഥാനാന്തര വൈദ്യുതി വിൽപനയ്ക്ക് കേന്ദ്ര ഇലക്‌ട്രിസിറ്റി റെഗുലേറ്ററി കമ്മീഷനിൽ നിന്ന് അനുമതി ലഭിച്ച കെ.പി. എനർജി ഓഹരി അഞ്ചു ശതമാനത്തിലധികം കുതിച്ചു.

അഞ്ചു വർഷം കൊണ്ട് വിപണിമൂല്യം അഞ്ചു ലക്ഷം കോടി രൂപയിലേക്കു വർധിപ്പിക്കാൻ പദ്ധതി തയറാക്കിയ ഗോദ്‌റെജ് ഇൻഡസ്ട്രീസ് ഓഹരി രാവിലെ ഒൻപതു ശതമാനം മുന്നേറി.

നാലാംപാദത്തിൽ അറ്റാദായം 59 ശതമാനം ഇടിഞ്ഞ ഭാരത് കോക്കിംഗ് കോൾ ലിമിറ്റഡിൻ്റെ ഓഹരി അഞ്ചു ശതമാനത്തിലധികം ഇടിഞ്ഞു.

ഗൃഹോപകരണ നിർമാതാക്കളായ ഹാവൽസ് ലിമിറ്റഡിൻ്റെ ഓഹരി ആറു ശതമാനത്തോളം ഇടിഞ്ഞു. നാലാം പാദ വരുമാനം 2.47 ശതമാനം കൂടിയപ്പോൾ അറ്റാദായം 40 ശതമാനം കുതിച്ചു. എന്നാൽ അനലിസ്റ്റുകൾ കമ്പനിയുടെ സമീപ ഭാവിയെപ്പറ്റി അത്ര മികച്ച അഭിപ്രായം പ്രകടിപ്പിച്ചില്ല.

പ്രതീക്ഷയിലും മികച്ച നാലാം പാദ റിസൽട്ടിനെ തുടർന്ന് ഓറക്കിൾ ഫിനാൻഷ്യൽ ആറു ശതമാനത്തോളം മുന്നേറി.

രൂപ ഇന്നും ദുർബലമായി. ഡോളർ 94 രൂപയ്ക്കു മുകളിൽ കയറി. ഡോളർ 20 പൈസ (0.22 ശതമാനം) ഉയർന്ന് 94.00 രൂപയിൽ ഓപ്പൺ ചെയ്തു. പിന്നീട് 94.14 രൂപയിലേക്കു കയറി. രൂപ -ഡോളർ ഫോർവേഡ് വ്യാപാരത്തിന് ഏപ്രിൽ ഒന്നാം തീയതി പ്രഖ്യാപിച്ച നിയന്ത്രണങ്ങൾ റിസർവ് ബാങ്ക് കഴിഞ്ഞ ദിവസം പിൻവലിച്ചിരുന്നു. അതും പശ്ചിമേഷ്യൻ സാഹചര്യവും ചേർന്നാണു രൂപയെ താഴ്ത്തുന്നത്. ക്രൂഡ് ഓയിൽ വില 103 ഡോളറിനു മുകളിൽ എത്തിയത് ഇന്ത്യയുടെ കറൻ്റ് അക്കൗണ്ട് കമ്മി വർധിപ്പിക്കും എന്നു കറൻസി വിനിമയ വിപണി ശങ്കിക്കുന്നു.

ലോകവിപണിയിൽ സ്വർണവില ഔൺസിന് 4706 ഡോളറിൽ എത്തി. കേരളത്തിൽ 22 കാരറ്റ് സ്വർണം പവന് 880 രൂപ കുറഞ്ഞ് 1,12,600 രൂപയിൽ എത്തി.

ക്രൂഡ് ഓയിൽ വില രാവിലെ രണ്ടു ശതമാനത്തിലധികം ഉയർന്നു. ബ്രെൻ്റ് ഇനം ക്രൂഡ് വീപ്പയ്ക്ക് 103.85 ഡോളറിൽ എത്തി. പിന്നീടു 103.29 ഡോളറിലേക്കു താഴ്ന്നു. ഡബ്ള്യുടിഐ ഇനം 95.12 ഡോളറിലേക്കു കയറിയിട്ട് 94.49 ലേക്കു താഴ്ന്നു.

Read DhanamOnline in English

Subscribe to Dhanam Magazine

SCROLL FOR NEXT