തീരുവക്കാര്യത്തിൽ അമേരിക്കൻ പ്രസിഡൻ്റ് ട്രംപിൻ്റെ നില ദുർബലമായി എന്ന വിലയിരുത്തലിൽ ഇന്ത്യൻ വിപണി ഇന്നു രാവിലെ ഉയർന്നു. ദക്ഷിണ കൊറിയ, ഹോങ് കോങ്, തായ്‌വാൻ വിപണികളും നേട്ടത്തിലാണ്. അതേസമയം യുഎസ് ഫ്യൂച്ചേഴ്‌സ് ഒരു ശതമാനത്തോളം താഴ്ന്നു.
വിപണി രാവിലെ മിതമായ നേട്ടത്തിൽ ഉയർന്നു വ്യാപാരം തുടങ്ങിയിട്ട് മികച്ച മുന്നേറ്റം നടത്തി. സെൻസെക്സ് 83,486 വരെയും നിഫ്റ്റി 25,771 വരെയും ഉയർന്ന ശേഷം താഴ്‌ന്നു. മിഡ് ക്യാപ് സൂചിക ആദ്യം ഉയർന്നിട്ടു നഷ്ടത്തിലേക്കു മാറി.
പ്രമുഖ ഇന്ത്യൻ ഐടി സേവന കമ്പനികളുടെ ലക്ഷ്യവില വിദേശ ബ്രോക്കറേജ് ജെഫറീസ് താഴ്‌ത്തി. കഴിഞ്ഞ ആഴ്ചകളിൽ വിദേശ ഫണ്ടുകൾ ഏറ്റവുമധികം വിൽപന നടത്തിയത് ഐടി കമ്പനികളിലാണ്. എച്ച്സിഎൽ ടെക്നോളജീസ് 1390 രൂപ, ഇൻഫോസിസ് 1290 രൂപ, എംഫസിസ് 2450 രൂപ, മൈൻഡ്‌ട്രീ 4300 രൂപ, ടിസിഎസ് 2350 രൂപ, ഹെക്സാവേർ 460 രൂപ എന്നിങ്ങനെയാണ് പുതിയ ലക്ഷ്യവിലകൾ. കോഫോർജിൻ്റെയും ലക്ഷ്യവില താഴ്‌ത്തി. ജനുവരിയിൽ ജെഫറീസ് നിശ്ചയിച്ച വിലയിൽ നിന്ന് 20 മുതൽ 33 വരെ ശതമാനം കുറവാണ് ഇവ. അന്നു വാങ്ങൽ ശിപാർശയും നൽകി. പിന്നീട് വില ഇടിഞ്ഞ ആഴ്ചകളിൽ ഇവർ ലക്ഷ്യവില താഴ്ത്തുകയോ വിൽക്കാൻ നിർദേശിക്കുകയോ ചെയ്തില്ല. രണ്ടു മാസം കൊണ്ട് വില 30 ശതമാനം ഇടിഞ്ഞ ശേഷമാണ് ഇപ്പോഴത്തെ തിരുത്തൽ. പ്രമുഖ ഐടി കമ്പനികളുടെയെല്ലാം ഓഹരികൾ ഇന്ന് ഇടിവിലായി. ഐടി സൂചിക 1.2 ശതമാനത്തോളം താഴ്‌ന്നു.
പ്രതിരോധ മേഖലയിൽ പ്രവർത്തിക്കുന്ന സോളാർ ഇൻഡസ്ട്രീസിന് മോർഗൻ സ്‌റ്റാൻലി വലിയ ലാഭവളർച്ച കാണുന്നു. 2030 വരെ വരുമാനം 20 ഉം അറ്റാദായം 23 ഉം ശതമാനം വീതം പ്രതിവർഷം വളരും എന്നാണു വിലയിരുത്തൽ. 13,300 രൂപ വിലയുള്ള ഓഹരിക്കു 16,151 രൂപയാണ് അവർ ലക്ഷ്യവില നിശ്ചയിച്ചത്. ഓഹരി രണ്ടു ശതമാനം ഉയർന്നു.
സെമികണ്ടക്ടറുകളുടെ വില ഉയരുന്നതടക്കമുള്ള പ്രതികൂല ഘടകങ്ങൾ കണക്കാക്കി ഡിക്സൺ ടെക്നോളജീസിൻ്റെ ലക്ഷ്യവില മോർഗൻ സ്റ്റാൻലി 8700 രൂപയിലേക്കു താഴ്‌ത്തി. 11,000 രൂപ ഉണ്ടായിരുന്ന ഓഹരിവില രണ്ടു ശതമാനം താഴ്‌ന്നു.
ടൊറൻ്റ് ഫാർമയ്ക്കു വിദേശ ബ്രോക്കറേജ് മക്കാറീ 5000 രൂപ ലക്ഷ്യവില നിശ്ചയിച്ചു.
ചണ്ഡിഗഡ് ശാഖയിൽ 590 കോടി രൂപയുടെ വെട്ടിപ്പ് നടന്ന ഐഡിഎഫ്സി ഫസ്റ്റ് ബാങ്കിൻ്റെ ഓഹരി 20 ശതമാനം ഇടിഞ്ഞു. ബാങ്കിൻ്റെ രണ്ടു ശതമാനം ഓഹരി രാവിലെ ബൾക്ക് ഇടപാടുകളിൽ കൈമാറ്റം ചെയ്യപ്പെട്ടു. ഹരിയാന സർക്കാരിൻ്റെ ഒരു അക്കൗണ്ടിലായിരുന്നു തിരിമറി. ബാങ്കിലെ നാലു ജീവനക്കാരെ സസ്‌പെൻഡ് ചെയ്തിട്ടുണ്ട്.
ചില അനധികൃത ഇടപാടുകൾ ശ്രദ്ധയിൽ പെട്ടതിനെ തുടർന്ന് ഹരിയാന സർക്കാർ എയു സ്മോൾ ഫിനാൻസ് ബാങ്കിനോടു വിശദീകരണം തേടി. ബാങ്ക് ഓഹരി എട്ടു ശതമാനം ഇടിഞ്ഞു.
കമ്പനിയുടെ പുനഃസംഘടന പ്രഖ്യാപിച്ചതിനെ തുടർന്ന് യുപിഎൽ ഓഹരി രാവിലെ 14 ശതമാനം വരെ ഇടിഞ്ഞു.
825 കോടി രൂപയുടെ ഔഷധവികസന -നിർമാണ കരാർ ലഭിച്ചതിനെ തുടർന്ന് മോർപെൻ ലബോറട്ടറീസ് ഓഹരി 15 ശതമാനം കുതിച്ചു.
കിറ്റെക്സ് ഗാർമെൻ്റ്സ് ഓഹരി രാവിലെ 10 ശതമാനം വരെ ഉയർന്നു. യുഎസ് തീരുവ സംഭവവികാസങ്ങളെ തുടർന്നാണിത്. എന്നാൽ വസ്‌ത്ര കയറ്റുമതിക്കാരായ ഗോകൽദാസ്, ഇൻഡോ കൗണ്ട്, വെൽസ്പൺ തുടങ്ങിയവ രണ്ടു മുതൽ നാലു വരെ ശതമാനം താഴ്ന്നു. സമുദ്രോൽപന്ന കയറ്റുമതിക്കാരായ അവന്തി ഫീഡ്സ്, അപെക്സ് ഫ്രോസൺ ഫുഡ്സ് തുടങ്ങിയവയും താഴ്ന്നു.
രൂപ ഇന്നു നേട്ടത്തോടെ വ്യാപാരം തുടങ്ങി. ഡോളർ 18 പൈസ (0.20 ശതമാനം) കുറഞ്ഞ് 90.76 രൂപയിൽ വ്യാപാരം തുടങ്ങി. 90.78 രൂപയിലേക്കു കയറിയ ശേഷം 90.68 രൂപയിലേക്കു താഴ്ന്നു.
സ്വർണം ലോക വിപണിയിൽ ഔൺസിന് 5169 ഡോളറിലാണ്. കേരളത്തിൽ 22 കാരറ്റ് സ്വർണം പവന് 1520 രൂപ വർധിച്ച് 1,18,320 രൂപയിൽ എത്തി.
എംസിഎക്സിൽ 24 കാരറ്റ് സ്വർണം 10 ഗ്രാമിന് 1,60,600 രൂപ വരെ ഉയർന്നിട്ട് അൽപം താഴ്ന്നു.
വെള്ളി ലോകവിപണിയിൽ ഔൺസിന് 87.60 ഡോളറിലാണ്. എംസിഎക്സിൽ വെള്ളി കിലോഗ്രാമിന് 2,68,120 രൂപ വരെ ഉയർന്നു.
സ്വർണം, വെള്ളി ഇടിഎഫുകളുടെ വില ഇന്നു രണ്ടു ശതമാനത്തിലധികം ഉയർന്നു.
ക്രൂഡ് ഓയിൽ വില കുറയുകയാണ്. ബ്രെൻ്റ് ഇനം ബാരലിന് 70.83 ഡോളറിലേക്കു താഴ്ന്നു. വ്യാഴാഴ്ച യുഎസ് - ഇറാൻ ചർച്ച ജനീവയിൽ നടക്കും എന്ന പ്രഖ്യാപനത്തെ തുടർന്നു വിലയിടിവിനു വേഗം കൂടി.
Read DhanamOnline in English
Subscribe to Dhanam Magazine