Image by Canva 
Markets

വിപണി ചാഞ്ചാട്ടത്തിൽ; ഹിന്ദുസ്ഥാൻ സിങ്ക്, തൻല പ്ലാറ്റ്ഫോംസ്, കിറ്റെക്സ് നേട്ടത്തില്‍, ഇൻഡിഗോ നഷ്ടത്തില്‍

സെൻസെക്സ് 82,148 നും 82,516 നുമിടയിൽ കയറിയിറങ്ങി

T C Mathew

ഇന്ത്യൻ വിപണി ചാഞ്ചാട്ടത്തിലായി. രാവിലെ ചെറിയ താഴ്ചയിൽ വ്യാപാരം തുടങ്ങിയിട്ട് നേട്ടത്തിലേക്കും  നഷ്ടത്തിലേക്കും മാറി മാറി നീങ്ങി. വ്യാപാര ഒരു മണിക്കൂർ പിന്നിട്ട ശേഷവും വിപണി ദിശാബോധം കൈക്കൊണ്ടിട്ടില്ല.

രാവിലെ സെൻസെക്സ് 82,148 നും 82,516 നുമിടയിൽ കയറിയിറങ്ങി. നിഫ്റ്റി 25,249 നും 25,348 നുമിടയിൽ ചാഞ്ചാടി. ബാങ്ക് നിഫ്റ്റി 59,027 നും 59,400 നുമിടയിൽ കയറിയിറങ്ങി.

ഐടി, മെറ്റൽ, ഫാർമ, എഫ്എംസിജി, ഹെൽത്ത്, കൺസ്യൂമർ ഡ്യൂറബിൾസ്, ഓയിൽ എന്നിവ ഒഴിച്ചുളള മേഖലകൾ രാവിലെ നഷ്‌ടത്തിലായി.

വെള്ളിവില താഴ്‌ന്നതിൻ്റെ പേരിൽ ഇന്നലെ ഇടിഞ്ഞ ഹിന്ദുസ്ഥാൻ സിങ്ക് അഞ്ചും ഹിന്ദുസ്ഥാൻ കോപ്പർ മൂന്നും ശതമാനം ഉയർന്നു. ഇന്നലെ 20 ശതമാനം വരെ ഇടിഞ്ഞ സിൽവർ ഇടിഎഫുകൾ ഇന്നു രാവിലെ ഏഴു മുതൽ 12 വരെ ശതമാനം കുതിച്ചു.

സ്വർണവില കുറഞ്ഞതിനെ തുടർന്നു താഴ്‌ന്ന സ്വർണ ഇടിഎഫുകൾ ഇന്നു നാലു മുതൽ അഞ്ചു വരെ ശതമാനം നേട്ടത്തിലായി.

ഇൻഡിഗോ റിസൽട്ട് ദുർബലമായിരുന്നെങ്കിലും ഓഹരിക്ക് യുബിഎസ് വാങ്ങൽ ശിപാർശ നൽകി. ലക്ഷ്യവില 6350 രൂപ വരെ ഉയർത്തി. ഓഹരി ഇന്നു രണ്ടു ശതമാനത്തോളം താഴ്‌ന്നു.

മികച്ച മൂന്നാം പാദ റിസൽട്ടിനെ തുടർന്നു ക്ലൗഡ് കമ്യൂണിക്കേഷൻസ് കമ്പനിയായ തൻല പ്ലാറ്റ്ഫോംസ് ഓഹരി 12 ശതമാനം കുതിച്ചു.

വ്യാഴാഴ്ച 8.5 ശതമാനം ഉയർന്ന കിറ്റെക്സ് ഗാർമെൻ്റ്സ് ഇന്നു രാവിലെ മൂന്നര ശതമാനം വരെ കയറി.

അമേരിക്കയുമായി വ്യാപാര കരാർ ഉണ്ടാകുമെന്ന പ്രതീക്ഷയിൽ ഇന്നലെ നല്ല കയറ്റം ഉണ്ടായ ഗോകൽദാസ് എക്സ്പോർട്സും അവന്തി ഫീഡ്സും ഇന്ന് അഞ്ചര ശതമാനം വരെ ഇടിഞ്ഞു.

ആദിത്യ ബിർല സൺ ലൈഫ് എഎംസിക്ക് 900 രൂപ ലക്ഷ്യവില നിശ്ചയിച്ച സിറ്റി വാങ്ങൽ ശിപാർശ നൽകി. ഓഹരി ഏഴു ശതമാനം കുതിച്ചു.

എപിഎൽ അപ്പോളോ ട്യൂബ്സിനെ നുവാമ വാങ്ങൽ പട്ടികയിൽ പെടുത്തി. ലക്ഷ്യവില 2638 രൂപയായി ഉയർത്തി. ഓഹരി അഞ്ചു ശതമാനം കയറി.

റിയൽ എസ്റ്റേറ്റ് കമ്പനികൾ രാവിലെ നഷ്‌ടത്തിലായി. റിയൽറ്റി സൂചികയിൽ ഡിഎൽഎഫ് മാത്രമാണു  രാവിലെ നേട്ടം കുറിച്ചത്. ഓബറോയ്, ശോഭ, ഗോദ്‌റെജ്, പ്രസ്റ്റീജ്, അജ്മേര, ലോധ, ബ്രിഗേഡ്, അനന്ത് രാജ് തുടങ്ങിയവ താഴ്ന്നു.

രൂപ ഇന്നു നേട്ടത്തോടെ വ്യാപാരം തുടങ്ങി. ഡോളർ 13 പൈസ കുറഞ്ഞ് 91.50 രൂപയിൽ ഓപ്പൺ ചെയ്തു. പിന്നീടു ഡോളർ 91.43 രൂപ വരെ താഴ്‌ന്നിട്ട്  91.63 രൂപയിലേക്കു തിരിച്ചുകയറി.

സ്വർണം ലോക വിപണിയിൽ ഔൺസിന് 4954 ഡോളറിലാണ്. രാവിലെ 4966.40 ഡോളർ വരെ കയറിയിരുന്നു. ഡോളറിൻ്റെ ക്ഷീണവും രാജ്യാന്തര സംഘർഷനിലയുമാണു സ്വർണത്തെ ഉയർത്തുന്നത്. കേരളത്തിൽ 22 കാരറ്റ് സ്വർണം പവന് 3960 രൂപ കുതിച്ച് 1,17,120 രൂപ എന്ന റെക്കോർഡ് കുറിച്ചു.

എംസിഎക്സിൽ 24 കാരറ്റ് സ്വർണം 10 ഗ്രാമിന് 1,59,226 രൂപ വരെ കയറി.

വെള്ളി ലോക വിപണിയിൽ ഔൺസിന് 99.23 ഡോളർ വരെ ഉയർന്നു. എംസിഎക്സിൽ വെള്ളി കിലോഗ്രാമിന് 3,39,927 രൂപ വരെ ഉയർന്നിട്ട് അൽപം താഴ്ന്നു.

ക്രൂഡ് ഓയിൽ വില സാവധാനം കൂടുകയാണ്. ബ്രെൻ്റ് ഇനം ബാരലിന് 64.63 ഡോളറിലേക്കു കയറി.

Read DhanamOnline in English

Subscribe to Dhanam Magazine

SCROLL FOR NEXT