താഴ്ന്നു വ്യാപാരം തുടങ്ങിയ വിപണി നഷ്‌ടം ഗണ്യമായി കുറച്ചെങ്കിലും വീണ്ടും തുടക്കത്തിലെ നിലയിലേക്കു വന്നു. പിന്നീടു ചാഞ്ചാട്ടമായി.
രാവിലെ നിഫ്റ്റി 23,876 ഉം സെൻസെക്സ് 76,345 ഉം വരെ താഴ്ന്നിട്ടു തിരിച്ചു കയറി.
ഓട്ടോയും മീഡിയയും ഒഴികെ എല്ലാ വ്യവസായ മേഖലകളും രാവിലെ നഷ്‌ടത്തിലാണ്. റിയൽറ്റിയും ഫാർമയും ബാങ്കുകളുമാണു കൂടുതൽ താഴ്ന്നത്.
സ്പൈസ് ജെറ്റ് ഓഹരി ഒൻപതു ശതമാനം വരെ ഉയർന്നു 12.20 രൂപയിൽ എത്തി. വിമാനത്താവള നടത്തിപ്പുകാർക്ക് വിമാന സർവീസിന് അനുമതി നൽകാൻ നീക്കം എന്ന റിപ്പോർട്ടാണു സഹായിച്ചത്. വിമാനത്താവള നടത്തിപ്പുകാരായ അദാനിയും ജിഎംആർ ഗ്രൂപ്പും വിമാനകമ്പനി തുടങ്ങുമ്പോൾ സ്‌പൈസ് ജെറ്റിനെ വാങ്ങാൻ ശ്രമിക്കും എന്ന പ്രതീക്ഷയാണ് വിപണിയിൽ ഉള്ളത്.
നഷ്‌ടത്തിലേക്കു മാറിയ എച്ച്പിസിഎൽ ഓഹരി നാലും ബിപിസിഎൽ ഓഹരി രണ്ടും ശതമാനം താഴ്ന്നു. പിന്നീടു ബിപിസിഎൽ നേട്ടത്തിലേക്കു മാറി. എച്ച്പിസിഎൽ നഷ്ടം കുറച്ചു.
ഓറക്കിൾ ഫിനാൻഷ്യൽ സർവീസസ് ഓഹരി ആദ്യം നാലു ശതമാനം ഉയർന്നു. പിന്നീടു നഷ്ടത്തിലായി. കമ്പനി ജൂൺ പാദത്തിൽ വരുമാനം 51.3 ശതമാനവും അറ്റാദായം 68.2 ശതമാനവും വർധിപ്പിച്ചു. രാജിവച്ച മകരന്ദ് ചാനൽക്കർക്കു പകരം അവധൂത് കേത്കറെ എംഡിയും സിഇഒയുമായി നിയമിച്ചു. ഓഹരി ആദ്യം നാലു ശതമാനം ഉയർന്നു, പിന്നീടു മൂന്നര ശതമാനം നഷ്ടത്തിലേക്കു മാറി.
ലാഭം ഗണ്യമായി ഇടിഞ്ഞതിനെ തുടർന്നു ഡോ. റെഡ്ഡീസ് ലബോറട്ടറീസ് മൂന്നര ശതമാനം താഴ്ന്നു.
മികച്ച ഒന്നാം പാദ റിസൽട്ട് തൻല പ്ലാറ്റ്ഫോംസിനെ 16 ശതമാനം ഉയർത്തി. വരുമാനം 17.85 ഉം അറ്റാദായ 20.07 ഉം ശതമാനം ഉയർന്നു.
പ്രതീക്ഷയിലും മോശമായ റിസൽട്ട് ഇൻഡസ് ഇൻഡ് ബാങ്ക് ഓഹരിയെ ആറു ശതമാനത്തോളം താഴ്‌ത്തി.
ജൂൺ പാദ റിസൽട്ട് വരാനിരിക്കെ ഇൻഫോസിസ് ടെക്നോളജീസ് ഒന്നര ശതമാനത്തിലധികം താഴ്ചയിലായി. കമ്പനിയുടെ അറ്റാദായം ഏഴു ശതമാനം കുറയും എന്നാണു നിഗമനം.
അറ്റാദായം 34 ശതമാനം വർധിപ്പിച്ച മികച്ച റിസൽട്ട് നേടിയ വാരീ റിന്യൂവബിൾസ് ഓഹരി ആറു ശതമാനം ഇടിഞ്ഞു.
ജൂൺ പാദ റിസൽട്ടിനെ തുടർന്ന് ഇന്നലെ മൂന്നു ശതമാനം ഉയർന്ന നെസ്‌ലെ ഇന്നു രാവിലെ മൂന്നു ശതമാനം നഷ്‌ടത്തിലായി.
രൂപ ഇന്നു നേട്ടത്തോടെ വ്യാപാരം തുടങ്ങി. ഡോളർ എട്ടു പൈസ കുറഞ്ഞു 96.49 രൂപയിൽ ഓപ്പൺ ചെയ്തു. പിന്നീടു ഡോളർ 96.55 രൂപ വരെ കയറി.
സ്വർണം ലോകവിപണിയിൽ ഔൺസിന് 4125 ഡോളറിനു താഴെ എത്തി.
കേരളത്തിൽ 22 കാരറ്റ് സ്വർണം പവന് 560 രൂപ വർധിച്ച് 1,08,000 രൂപ ആയി.
ക്രൂഡ് ഓയിൽ വില ഉയർന്നിട്ട് അൽപം താഴ്ന്നു. ബ്രെൻ്റ് ഇനം 96.07 ഡോളറിലും ഡബ്ള്യുടിഐ ഇനം 88.26 ഡോളറിലും എത്തി.
Read DhanamOnline in English
Subscribe to Dhanam Magazine