Image courtesy: Canva
Markets

വിപണി കയറുന്നു, വളർച്ച പ്രതീക്ഷ കൂടി; മുന്നേറ്റവുമായി മെറ്റലും റിയൽറ്റിയും, ഐടി മേഖല ഇന്നും താഴ്ന്നു

രൂപ ഇന്നും നേട്ടത്തോടെ വ്യാപാരം തുടങ്ങി. ഡോളർ രണ്ടു പൈസ താഴ്ന്ന് 95.57 രൂപയിൽ ഓപ്പൺ ചെയ്തു

T C Mathew

വിപണി മുന്നേറ്റ പാതയിലേക്കു മാറി ക്രൂഡ് ഓയിൽ ഇടിയുന്നതും യുഎസ്- ഇറാൻ ചർച്ച നടക്കുന്നതും കയറ്റത്തിനു സഹായിച്ചു.

ഐടി മേഖല ഇന്നും താഴ്ന്നു. മെറ്റലും റിയൽറ്റിയും കുതിച്ചു.

പഞ്ചസാര മിൽ കമ്പനികൾ ഇന്ന് നല്ല മുന്നേറ്റം നടത്തി. ചില ഓഹരികൾ ആറു ശതമാനം കയറി. പഞ്ചസാരവില ഉയരുമെന്നും സ്റ്റോക്ക് നിബന്ധനയിൽ അയവു വരുമെന്നും വിപണി കരുതുന്നു.

തെലങ്കാനാ പുനരുൽപാദന ഊർജ കോർപറേഷനിൽ നിന്ന് 298 കോടി രൂപയുടെ കരാർ ലഭിച്ച ഓസ്വാൾ പമ്പ്‌സ് ഏഴു ശതമാനം കുതിച്ചു.

എസ് ആൻഡ് പി ഗ്ലോബൽ ഇന്ത്യയുടെ ഈ ധനകാര്യവർഷത്തെ വളർച്ച പ്രതീക്ഷ 7 ശതമാനമായി ഉയർത്തി. നേരത്തേ 6.6 ശതമാനമാണു പ്രതീക്ഷിച്ചിരുന്നത്. ഫിച്ച് റേറ്റിംഗ്സ് വളർച്ചപ്രതീക്ഷ 6.4 ൽ നിന്ന് 6.9 ശതമാനമായി വർധിപ്പിച്ചു. മറ്റൊരു റേറ്റിംഗ് ഏജൻസിയായ മൂഡീസ് കഴിഞ്ഞ ആഴ്ച ഇന്ത്യയുടെ വളർച്ച നിഗമനം ആറിൽ നിന്ന് ഏഴു ശതമാനമായി ഉയർത്തിയിരുന്നു.

ക്രൂഡ് ഓയിൽ വില ഗണ്യമായി ഇടിഞ്ഞ സാഹചര്യത്തിൽ പെയിൻ്റ് കമ്പനികൾ ഉയർന്നു ഏഷ്യൻ, നെരോലാക്, ഷാലിമാർ, ബെർജർ തുടങ്ങിയ പെയിൻ്റ് കമ്പനികൾ രണ്ടു ശതമാന ശതമാനം വരെ കയറി.

ക്രൂഡ് വിലയിടിവ് ഒഎൻജിസിയെ താഴ്‌ത്തി.

ബ്രോക്കറേജുകൾ റേറ്റിംഗ് ഉയർത്തിയതിനെ തുടർന്ന് ബജാജ് ഫിനാൻസ്, ബജാജ് ഫിൻസെർവ്, എ. ആൻഡ് ടി ഫിനാൻസ് എന്നിവ മൂന്നു ശതമാനം വരെ ഉയർന്നു.

ഇലക്ട്രിക് ടൂ വീലറുകളുടെ സബ്‌സിഡി കാര്യത്തിൽ അനുകൂല തീരുമാനം ഉണ്ടാകുമെന്ന സൂചന ഒല ഇലക്ട്രിക് മൊബിലിറ്റിയെ 10 ശതമാനം ഉയർത്തി.

രൂപ ഇന്നും നേട്ടത്തോടെ വ്യാപാരം തുടങ്ങി. ഡോളർ രണ്ടു പൈസ താഴ്ന്ന് 95.57 രൂപയിൽ ഓപ്പൺ ചെയ്തു. പിന്നീടു ഡോളർ 95.64 രൂപ വരെ ഉയർന്നു.

സ്വർണം ലോകവിപണിയിൽ ഔൺസിന് 4344 ഡോളറിൽ എത്തി. കേരളത്തിൽ 22 കാരറ്റ് സ്വർണം പവന് 640 രൂപ കൂടി 1,13,080 രൂപയായി.

ക്രൂഡ് ഓയിൽ വില കുറഞ്ഞു. ബ്രെൻ്റ് ഇനം 98.11 ഡോളറിലും ഡബ്ള്യുടിഐ ഇനം 88.94 ഡോളറിലും എത്തി.

Read DhanamOnline in English

Subscribe to Dhanam Magazine

SCROLL FOR NEXT