Markets

ചാഞ്ചാട്ടം കഴിഞ്ഞു സൂചികകൾ കയറ്റത്തിൽ, സെൻസെക്സ് 76,500 ന് മുകളിൽ, ബാങ്ക് നിഫ്റ്റി നേട്ടത്തില്‍

രൂപ ഇന്നും തുടക്കത്തിൽ ദുർബലമായി. ഡോളർ 16 പൈസ കൂടി 94.90 രൂപയിൽ ഓപ്പൺ ചെയ്തു

T C Mathew

ഇന്ത്യൻ വിപണി നാമമാത്ര നഷ്ടത്തിൽ വ്യാപാരം തുടങ്ങിയിട്ടു മികച്ച നേട്ടത്തിലേക്കു മാറി. എന്നാൽ പിന്നീട് ഇടിഞ്ഞു നഷ്ടത്തിൽ വീണ സൂചികകൾ വീണ്ടും തിരിച്ചു മികച്ച ഉയരത്തിലായി. നിഫ്റ്റി 23,900 നും സെൻസെക്സ് 76,500 നും മുകളിൽ ആണ്.

ബാങ്ക് നിഫ്റ്റിയും ഉയർന്നു നീങ്ങുന്നു. എന്നാൽ മിഡ് ക്യാപ്, സ്മോൾ ക്യാപ് സൂചികകൾ നഷ്ടത്തിലാണ്.

ജെപി മോർഗൻ ഇന്ത്യൻ ഐടി സേവന കമ്പനികളെ മൊത്തം തരംതാഴ്ത്തി. എല്ലാ കമ്പനികളുടെയും ലക്ഷ്യവിലയും താഴ്‌ത്തി. എന്നാൽ മിക്ക ഐടി സേവന കമ്പനികളും ഇന്ന് ഉയർന്നു. ആഗോള വിപണികളുടെ ചുവടുപിടിച്ചാണ് ഇന്ത്യൻ കമ്പനികൾ ഉയർന്നത്. ടെക് മഹീന്ദ്ര മൂന്നു ശതമാനം കയറി.

നിർമിതബുദ്ധി (എഐ) മേഖലയിൽ നിക്ഷേപം ഇല്ല എന്നതിൻ്റെ പേരിൽ ഇന്ത്യൻ ഐടി സേവന കമ്പനികളെ കൈവിടുന്ന പാശ്ചാത്യ ബ്രോക്കറേജുകളെ ഫസ്റ്റ് ഗ്ലോബലിൻ്റെ ദേവിന മെഹ്റ വിമർശിച്ചു. എഐ ഇൻഫോസിസിൻ്റെ ജോലി ഏറ്റെടുത്തു ചെയ്യുകയില്ല എന്ന് ഇൻഫോസിസ് ചെയർമാൻ നന്ദൻ നിലേകനിയും അഭിപ്രായപ്പെട്ടു.

ആഗോളതലത്തിൽ വ്യാവസായിക ലോഹങ്ങൾക്കു വിലയിടിവ് തുടരുകയാണ്. ഇന്ത്യയിൽ സ്റ്റീൽ കമ്പനികൾ അടക്കം മെറ്റൽ കമ്പനികൾ ഇന്നും താഴ്ന്നു.

അദാനി എൻ്റർപ്രൈസസിന് മോർഗൻ സ്റ്റാൻലി വാങ്ങൽ ശിപാർശ നൽകി. 3638 രൂപയാണ് അവർ നിർണയിച്ച ലക്ഷ്യവില.

വേദാന്ത അലൂമിനിയത്തിന് 540 രൂപ ലക്ഷ്യവില നിർണയിച്ച സിഎൽഎസ്എ ഓഹരിക്ക് ഔട് പെർഫോം റേറ്റിംഗ് നൽകി.

വരുൺ ബിവറേജസിന് ഉയർന്ന റേറ്റിംഗ് നൽകിയ ഇൻവെസ്റ്റെക് ലക്ഷ്യവില 609 രൂപയാക്കി.

ടാറ്റാ മോട്ടോഴ്സ് സിവിക്കു സിഎൽഎസ്എ 527 രൂപ ലക്ഷ്യവില നിർണയിച്ച് വാങ്ങൽ ശിപാർശ നൽകി.

ഐആർഎഫ്‌സിയുടെ ശതമാനം ഓഹരികൾ ഓഫർ ഫോർ സെയിൽ വഴി വിൽപന ആരംഭിച്ചതിനെ തുടർന്ന് ഓഹരി ആറു ശതമാനം ഇടിഞ്ഞു.

സ്വർണം, വെള്ളി വിലയിടിവിനെ തുടർന്ന് അവയുടെ ഇടിഎഫുകൾ ഇന്നും താഴ്ചയിലായി.

രൂപ ഇന്നും തുടക്കത്തിൽ ദുർബലമായി. ഡോളർ 16 പൈസ കൂടി 94.90 രൂപയിൽ ഓപ്പൺ ചെയ്തു. ഡോളർ 94.82 രൂപയിലേക്കു താഴ്ന്ന ശേഷം ചാഞ്ചാട്ടത്തിലായി.

സ്വർണം ലോക വിപണിയിൽ ഔൺസിന് 4065 ഡോളറിലേക്കു താഴ്ന്നു. കേരളത്തിൽ 22 കാരറ്റ് സ്വർണം പവന് 200 രൂപ കുറഞ്ഞ് 1,05,840 രൂപ ആയി.

ക്രൂഡ് ഓയിൽ വില വീണ്ടും കുറഞ്ഞു. ബ്രെൻ്റ് ഇനം 76.30 ഡോളറിലും ഡബ്ള്യുടിഐ ഇനം 72.41 ഡോളറിലും എത്തി.

Read DhanamOnline in English

Subscribe to Dhanam Magazine

SCROLL FOR NEXT