Demat account  Image : Canva
Markets

വിപണിയും രൂപയും നേട്ടത്തിൽ, സെൻസെക്സ് 77,542 വരെ കയറി, ഓട്ടോ ഓഹരികള്‍ മുന്നേറ്റത്തില്‍

ഐടി സൂചിക മികച്ച നേട്ടം കുറിച്ചു. തുടക്കത്തിൽ താഴ്ന്ന ഇൻഫോസിസ് അടക്കമുള്ള ഓഹരികൾ പിന്നീടു നേട്ടത്തിലായി

T C Mathew

ഇന്ത്യൻ വിപണി ഇന്നു മികച്ച നേട്ടത്തോടെ വ്യാപാരം തുടങ്ങി. മുഖ്യ സൂചികകൾ രാവിലെ 0.70 ശതമാനത്തിനു മുകളിൽ എത്തി.

സെൻസെക്സ് 77,542 ഉം നിഫ്റ്റി 24,185 ഉം വരെ കയറി. ഓട്ടോ ഓഹരികളാണു കയറ്റത്തിനു മുന്നിൽ നിൽക്കുന്നത്.

മിഡ് ക്യാപ്, സ്മോൾ ക്യാപ് സൂചികകൾ തുടക്കത്തിലെ നേട്ടം ഗണ്യമായി നഷ്‌ടപ്പെടുത്തി.

ഐടി സൂചിക മികച്ച നേട്ടം കുറിച്ചു. തുടക്കത്തിൽ താഴ്ന്ന ഇൻഫോസിസ് അടക്കമുള്ള ഓഹരികൾ പിന്നീടു നേട്ടത്തിലായി.

സിഎഫ്ഒ സുനിൽ അഗർവാൾ അപ്രതീക്ഷിതമായി രാജിവച്ചതിനെ തുടർന്ന് എൽഐസി ഓഹരി മൂന്നു ശതമാനത്തോളം താഴ്ന്നു. രാജിക്കു വ്യക്തമായ കാരണം പറഞ്ഞിട്ടില്ല. കൂടുതൽ മെച്ചപ്പെട്ട അവസരങ്ങൾ തേടുന്നു എന്നു മാത്രമാണ് അഗർവാൾ പറഞ്ഞത്.

സ്വർണത്തിൻ്റെ വിലയിടിവിൽ ടൈറ്റൻ അടക്കം ജ്വല്ലറി ഓഹരികളും മണപ്പുറവും മുത്തൂറ്റും അടക്കം സ്വർണപ്പണയ കമ്പനികളും താഴ്ചയിലായി.

ക്രൂഡ് ഓയിൽ വിലയിടിവ് ടയർ കമ്പനികളുടെ ഓഹരി വില കയറ്റി. ക്രൂഡ് ഓയിൽ താഴുന്നതു കൃത്രിമ റബറിൻ്റെ വില കുറയാൻ കാരണമാകും. അതു സ്വാഭാവിക റബറിൻ്റെ വിലയും താഴ്ത്തും.

ലോഹങ്ങളുടെ വിലയിടിവ് ലോഹകമ്പനികളെ കൂടുതൽ താഴ്ത്തി.

ഇന്നലെ അഞ്ചു ശതമാനം കുതിച്ച കിറ്റെക്സ് ഗാർമെൻ്റ്സ് ഇന്നു രാവിലെ രണ്ടു ശതമാനം താഴ്ന്നു

ഹീറോ മോട്ടോകോർപ് ഓഹരിയെ ഔട്ട് പെർഫോം എന്നു വിശേഷിപ്പിച്ച സിഎൽഎസ്എ ലക്ഷ്യവില 5728 രൂപയായി നിർണയിച്ചു.

എസ്ബിഐക്ക് വാങ്ങൽ ശിപാർശ നൽകിയ സിഎൽഎസ്എ കാണുന്ന ലക്ഷ്യവില 1275 രൂപയാണ്.

ഭാരത് ഡൈനാമിക്സ് ഓഹരിക്കു ഗോൾഡ്മാൻ സാക്സ് വിൽപനശിപാർശ നൽകി. ലക്ഷ്യവില 1275 രൂപയാക്കി.

സ്വർണം, വെള്ളി വിലയിടിവ് അവയുടെ ഇടിഎഫുകളുടെ വില താഴാനിടയാക്കി. നിക്ഷേപകർ അവയിൽ നിന്നു മാറുകയാണ്.

രൂപ ഇന്നു നല്ല നേട്ടത്തോടെ വ്യാപാരം തുടങ്ങി. ഡോളർ 37 പൈസ കുറഞ്ഞ് 94.30 രൂപയിൽ ഓപ്പൺ ചെയ്തു. ഡോളർ 94.24 രൂപ വരെ താഴ്ന്ന ശേഷം 94.32 രൂപയിലേക്കു കയറി. വീണ്ടും താഴ്ന്ന് 94.16 രൂപയായി.

സ്വർണം ലോക വിപണിയിൽ ഔൺസിന് 3970 ഡോളറിലേക്കു താഴ്ന്നു. പിന്നീട് 4000 ലേക്കു കയറി. കേരളത്തിൽ 22 കാരറ്റ് സ്വർണം പവന് 2040 രൂപ കുറഞ്ഞ് 1,02,760 രൂപ ആയി.

ക്രൂഡ് ഓയിൽ വില വീണ്ടും കുറഞ്ഞു. ബ്രെൻ്റ് ഇനം 72.38 ഡോളറിലും ഡബ്ള്യുടിഐ ഇനം 69.17 ഡോളറിലും എത്തി.

Read DhanamOnline in English

Subscribe to Dhanam Magazine

SCROLL FOR NEXT