വിപണി മുന്നോട്ടു യാത്ര തുടരുകയാണ്. രാവിലെ നേട്ടത്തിൽ ആരംഭിച്ച മുഖ്യ സൂചികകൾ പിന്നീട് കൂടുതൽ ഉയർന്നു. വ്യാപാരം ഒരു മണിക്കൂർ പിന്നിടും മുൻപ് സെൻസെക്സ് 78,742 വരെയും നിഫ്റ്റി 23,870 വരെയും ഉയർന്നു. ബാങ്ക് നിഫ്റ്റി 52,000 വരെ കയറിയിട്ട് അൽപം താഴ്ന്നു.
മിഡ് ക്യാപ്, സ്മോൾ ക്യാപ് സൂചികകൾ തുടക്കത്തിലെ കയറ്റത്തിനു ശേഷം ഇടയ്ക്കു താഴ്ചയിലായി. വീണ്ടും നേട്ടത്തിലേക്കു കയറി.
അംബുജ സിമൻ്റ്സ്, അൾട്രാടെക്, ഡാൽമിയ ഭാരത് എന്നീ സിമൻ്റ് കമ്പനികൾക്കു യുബിഎസ് വാങ്ങൽ ശിപാർശ നൽകിയതിനെ തുടർന്ന് അവ മൂന്നു ശതമാനത്തോളം കയറി.
വെനിസ്വെലയുടെ ക്രൂഡ് ഓയിൽ വാങ്ങുന്ന രാജ്യങ്ങൾക്ക് 25 ശതമാനം ചുങ്കം ചുമത്തുമെന്ന യുഎസ് പ്രസിഡൻ്റ് ട്രംപിൻ്റെ ഭീഷണിയെ തുടർന്ന് ചെന്നൈ പെട്രോയും ഓയിൽ മാർക്കറ്റിംഗ് കമ്പനികളും നഷ്ടത്തിലായി.
അമേരിക്കയിൽ ഇന്നലെ ടെക്നോളജി കമ്പനികൾ മികച്ച മുന്നേറ്റം നടത്തിയതിനെ തുടർന്ന് ഐടി കമ്പനികൾ ഇന്നു കയറി.
സുസ്ലോൺ എനർജിയെ വാങ്ങാവുന്ന ഓഹരിയായി നിർദ്ദേശിച്ച് മോട്ടിലാൽ ഓസ്വാൾ റിപ്പോർട്ട് പ്രസിദ്ധീകരിച്ചു. ഓഹരി രണ്ടു ശതമാനത്തിലധികം ഉയർന്നു.
രൂപ ഇന്നു ചെറിയ നേട്ടത്തിൽ വ്യാപാരം തുടങ്ങി. ഡോളർ അഞ്ചു പൈസ കുറഞ്ഞ് 85.59 രൂപയിൽ ഓപ്പൺ ചെയ്തു. പിന്നീട് 85.73 രൂപയിലേക്കു കയറി.
സ്വർണം ലോകവിപണിയിൽ ഔൺസിന് 3015 ഡോളറിലാണ്. കേരളത്തിൽ ആഭരണ സ്വർണം പവന് 240 രൂപ കുറഞ് 65,480 രൂപയായി.
ക്രൂഡ് ഓയിൽ വില കാര്യമായ മാറ്റമില്ലാതെ തുടരുന്നു. ബ്രെൻ്റ് ഇനം ബാരലിന് 73 ഡോളറിൻ്റെ പരിസരത്താണ്.
Read DhanamOnline in English
Subscribe to Dhanam Magazine