പശ്ചിമേഷ്യൻ സമാധാന പ്രതീക്ഷയിൽ ഇന്ത്യൻ ഓഹരിവിപണി ഇന്നു കുതിച്ചു.
രാവിലെ സെൻസെക്സ് 75,321.22 വരെയും നിഫ്റ്റി 23,312.55 വരെയും കയറി.
എല്ലാ മേഖലകളും ഇന്നു നല്ല മുന്നേറ്റം കാഴ്ചവച്ചു. തുടക്കത്തിൽ താഴ്ന്നു നിന്ന ഐടിയും പിന്നീട് ഉയർന്നു. മിഡ് ക്യാപ്, സ്മോൾ ക്യാപ് സൂചികകൾ രണ്ടു ശതമാനത്തിലധികം നേട്ടം ഉണ്ടാക്കി.
ഗെയിൽ ഓഹരിക്കു നൊമുറ 185 രൂപ ലക്ഷ്യവില നിശ്ചയിച്ചു. ഓഹരി രണ്ടു ശതമാനം ഉയർന്നു.
ടാറ്റാ പവറിന് ബേൺസ്റ്റൈൻ 443 രൂപ ലക്ഷ്യവില നിർണയിച്ചു. ഓഹരി രണ്ടു ശതമാനം നേട്ടത്തിലായി.
എറ്റേണലിൻ്റെ ലക്ഷ്യവില 350 രൂപയിൽ നിന്നും 300 രൂപയായും സ്വിഗ്ഗിയുടേത് 380 ൽ നിന്നു 300 രൂപയായും എച്ച്എസ്ബിസി താഴ്ത്തി. ഭക്ഷ്യവിതരണ രംഗത്തു മത്സരം വർധിക്കുന്നത് ലാഭക്ഷമത കുറയ്ക്കും എന്നു ബാങ്ക് വിലയിരുത്തി. എറ്റേണൽ മൂന്നും സ്വിഗ്ഗി 4.5 ഉം ശതമാനം ഉയർന്നു.
ഐപിഎൽ ഫ്രഞ്ചൈസി ആർസിബിയെ യുനൈറ്റഡ് സ്പിരിറ്റ്സ് 16,600 കോടി രൂപയ്ക്കു വിറ്റു. 20 ശതമാനം നികുതി കൊടുത്ത ശേഷവും ഓഹരി ഉടമകൾക്കു 199 രൂപ വീതം ലാഭവീതം കിട്ടാവുന്ന വിലയിലാണ് വിൽപന നടന്നതെന്നു ബ്രോക്കറേജുകൾ വിലയിരുത്തി. ലാഭകരമായ ഈ വിൽപനയെ തുടർന്ന്, ഐപിഎൽ ഫ്രഞ്ചൈസികൾ ഉള്ള സൺ ടിവി, ആർപിഎസ്ജി വെഞ്ചേഴ്സ് എന്നിവയുടെ ഓഹരിയും ഉയർന്നു.സൺ ടിവി നാലും ആർപിഎസ്ജി 17 ഉം ശതമാനം കുതിച്ചു കയറി.
അബുദാബി ആസ്ഥാനമായ ഇൻ്റർനാഷണൽ ഹോൾഡിംഗ് കമ്പനിക്ക് ധനകാര്യ കമ്പനിയായ സമ്മാൻ കാപ്പിറ്റലിൽ 66.65 ശതമാനം ഓഹരി എടുക്കുന്നതിന് റിസർവ് ബാങ്ക് അനുമതി നൽകി. സമ്മാൻ ഓഹരി 12 ശതമാനം ഉയർന്നു.
പിജി ഇലക്ട്രോപ്ലാസ്റ്റിൻ്റെ റൂം എയർ കണ്ടീഷണർ നിർമാണ പ്ലാൻ്റിൽ ഉൽപാദനം പുനരാരംഭിച്ചു. എൽപിജി ക്ഷാമം മൂലം ഉൽപാദനം മുടങ്ങിയതായിരുന്നു. ഓഹരി എട്ടു ശതമാനത്തിലധികം കുതിച്ചു. മറ്റ് എയർ കണ്ടീഷണർ കമ്പനികൾ നാലു ശതമാനം കയറി.
സ്വർണവില കുതിച്ചുയരുന്നതിൻ്റെ പേരിൽ സ്വർണപ്പണയ കമ്പനികളായ മുത്തൂറ്റ് ഫിനാൻസും മണപ്പുറം ഫിനാൻസും ആറു ശതമാനത്തോളം ഉയർന്നു. കല്യാൺ ജ്വല്ലേഴ്സ് നാലു ശതമാനം കയറി.
പ്രതിരോധ സേനകളുടെ ഉപഗ്രഹ വാർത്താ വിനിമയ സംവിധാനത്തിൻ്റെ വാർഷിക മെയിൻ്റനൻസ് കരാർ അവാൻ്റെൽ ലിമിറ്റഡിനു ലഭിച്ചു. 459.9 കോടി രൂപയുടേതാണു കരാർ. ഓഹരി 15 ശതമാനം കുതിച്ചു.
പ്രകൃതിവാതകം പൈപ്പ് ലൈനിലൂടെ വിതരണം ചെയ്യുന്നതിനു നഗരഗ്യാസ് വിതരണ കമ്പനികൾക്കു കൂടുതൽ ആനുകൂല്യങ്ങൾ കേന്ദ്ര സർക്കാർ പ്രഖ്യാപിച്ചു. മഹാനഗർ ഗ്യാസ് ആറു ശതമാനം ഉയർന്നു. ഇന്ദ്രപ്രസ്ഥ ഗ്യാസ്, ഗുജറാത്ത് ഗ്യാസ് എന്നിവയും മികച്ച മുന്നേറ്റം നടത്തി.
രൂപ ഇന്നു രാവിലെ ദുർബലമായി. ഡോളർ എട്ടു പൈസ വർധിച്ച് 93.95 രൂപയിൽ ഓപ്പൺ ചെയ്തു. പിന്നീടു 93.97 രൂപയിലേക്കു കയറി. റിസർവ് ബാങ്ക് വിപണിയിൽ സജീവമായി ഇടപെടുന്നുണ്ട്.
സ്വർണം രാജ്യാന്തര വിപണിയിൽ ഔൺസിന് 4600 ഡോളർ വരെ കയറിയിട്ട് 4545 ഡോളറിലേക്ക് താഴ്ന്നു. കേരളത്തിൽ 22 കാരറ്റ് സ്വർണം പവന് 2760 രൂപ വർധിച്ച് 1,07,560 രൂപയായി.
എംസിഎക്സിൽ 24 കാരറ്റ് സ്വർണം 10 ഗ്രാമിന് 1,44,434 രൂപ വരെ ഉയർന്നു.
സ്വർണം, വെള്ളി ഇടിഎഫുകൾ രാവിലെ എട്ടു ശതമാനം വരെ കയറി.
ക്രൂഡ് ഓയിൽ രാവിലെ താഴ്ന്നിട്ടു വീണ്ടും കയറി. ബ്രെൻ്റ് ഇനം ക്രൂഡ് ബാരലിന് 99.79 ഡോളർ വരെ എത്തി. ഡബ്ള്യുടിഐ ഇനം 89 ഡോളറിലേക്കു കയറി.
Read DhanamOnline in English
Subscribe to Dhanam Magazine