Image courtesy: Canva
Markets

കുതിപ്പിൽ ഇന്ത്യൻ വിപണി, ഐടി, എഫ്എംസിജി, ഫാർമ ഓഹരികള്‍ നേട്ടത്തില്‍; രൂപയ്ക്കും മുന്നേറ്റം

രാവിലെ ക്രൂഡ് ഓയിൽ വില താഴ്ന്നു. ബ്രെൻ്റ് ഇനം 90.08 ഡോളറിലെത്തി

T C Mathew

ഇന്ത്യൻ വിപണി വീണ്ടും വിദേശപ്രവണതകൾക്കു വിപരീതമായി നീങ്ങുന്നു. രാവിലെ നല്ല നേട്ടത്തിൽ വ്യാപാരം തുടങ്ങിയ വിപണി പിന്നീടു നേട്ടം ഗണ്യമായി ഉയർത്തി.

സെൻസെക്സ് 83,997.43 വരെയും നിഫ്റ്റി 25,795.90 വരെയും ഉയർന്നു. ബാങ്ക് നിഫ്റ്റി രാവിലെ രണ്ടു ശതമാനത്തിലധികം കുതിച്ചിട്ടു നേട്ടം അൽപം കുറച്ചു. ധനകാര്യ കമ്പനികളും മുന്നേറ്റത്തിലായി.

മെറ്റൽ ഓഹരികൾ ഇന്നും ഇടിയുകയാണ്. മെറ്റൽ വില താഴുന്നതാണു കാരണം.

ഐടി, എഫ്എംസിജി, ഫാർമ, ഹെൽത്ത് മേഖലകൾ മികച്ച നേട്ടം ഉണ്ടാക്കി.

ടാറ്റാ സ്റ്റീൽ - എപിഎൽ അപ്പോളോ ട്യൂബ്‌സ് ഇടപാട് സംബന്ധിച്ച വിമർശനങ്ങൾ തുടരുകയാണ്. തൻ്റെ ഓഹരികൾ വിറ്റു മാറുന്ന പ്രൊമോട്ടർ റീട്ടെയിൽ നിക്ഷേപകർക്കു നഷ്ടം വരുത്തുന്ന ഒരു വാങ്ങൽ കരാർ ഉണ്ടാക്കുന്നതിനെ നിക്ഷേപകർ ചോദ്യം ചെയ്യുന്നു. കഴിഞ്ഞ ദിവസം 20 ശതമാനത്തിലധികം ഇടിഞ്ഞ എപിഎൽ ഓഹരി ഇന്നു രാവിലെ 15 ശതമാനം നഷ്ടത്തിലായി. ടാറ്റാ സ്റ്റീൽ 1.5 ശതമാനം താഴ്ന്നു. ടാറ്റാ സ്റ്റീൽ ഓഹരിയുടെ ലക്ഷ്യവില ജെപി മോർഗൻ 170 രൂപയിലേക്കു താഴ്ത്തി. എപിഎൽ ഓഹരി വിൽക്കാനാണു കൂടുതൽ ബ്രോക്കർമാർ ശിപാർശ ചെയ്തത്.

സൗത്ത് ഇന്ത്യൻ ബാങ്കിലെ നിക്ഷേപം 9.99 ശതമാനമായി വർധിപ്പിക്കാൻ എസ്ബിഐ മ്യൂച്വൽ ഫണ്ടിനു റിസർവ് ബാങ്ക് അനുമതി നൽകി. ബാങ്ക് ഓഹരി ഉയർന്നു.

പിരമൾ ഫാർമയുടെ 7.8 ശതമാനം ഓഹരി ബൾക്ക് ഇടപാടിൽ കൈമാറ്റം ചെയ്തതായ റിപ്പോർട്ട് ഓഹരിയെ 5.5 ശതമാനം താഴ്ത്തി.

അമേരിക്ക പുതിയ തീരുവ ചുമത്തുന്നതായ റിപ്പോർട്ടിനെ തുടർന്നു വസ്‌ത്രകയറ്റുമതി കമ്പനികൾ താഴ്ചയിലായി. ഗോകൽദാസ്, കിറ്റെക്സ്, അരവിന്ദ്, ട്രൈഡൻറ്, ഇന്തോ കൗണ്ട് തുടങ്ങിയവ താഴ്‌ന്നു.

മെട്രോ കോച്ചുകൾ നിർമിക്കാൻ ദക്ഷിണകൊറിയൻ കമ്പനിയുമായി കരാർ ഉണ്ടാക്കിയ ജൂപ്പിറ്റർ വാഗൺസ് ഓഹരി 12 ശതമാനം കുതിച്ചു.

ഇൻഷ്വറൻസ് കമ്മീഷൻ കാര്യം പഠിക്കാൻ കമ്മിറ്റിയെ നിയോഗിക്കുന്നതായ റിപ്പോർട്ടിനെ തുടർന്ന് പിബി ഫിൻടെക്, എച്ച്ഡിഎഫ്സി ലൈഫ്, മാക്സ് ഫിൻ തുടങ്ങിയവ ആറു ശതമാനം വരെ ഉയർന്നു.

രൂപ ഇന്നു നേട്ടത്തോടെ വ്യാപാരം തുടങ്ങി. ഡോളർ 17 പൈസ കുറഞ്ഞ് 92.74 രൂപയിൽ ഓപ്പൺ ചെയ്തു. പിന്നീടു 92.50 രൂപ വരെ താഴ്ന്നു.

ലോകവിപണിയിൽ സ്വർണം ചാഞ്ചാടുകയാണ്. രാവിലെ ഔൺസിന് 3559 ഡോളർ വരെ ഉയർന്ന വില 3543 ഡോളറിലേക്കു താഴ്ന്നു. കേരളത്തിൽ 22 കാരറ്റ് സ്വർണം പവന് 2300 രൂപ ഇടിഞ്ഞ് 91,360 രൂപയായി. ഈ മാസത്തെ ഏറ്റവും താഴ്ന്ന വിലയാണിത്.

രാവിലെ ക്രൂഡ് ഓയിൽ വില താഴ്ന്നു. ബ്രെൻ്റ് ഇനം 90.08 ഡോളറും ഡബ്ള്യുടിഐ ഇനം 80.64 ഡോളറും ആയി.

Read DhanamOnline in English

Subscribe to Dhanam Magazine

SCROLL FOR NEXT