Image courtesy: Canva
Markets

തീരുവയിൽ തട്ടി വിപണി വീഴുന്നു; ബെൽ, വോഡഫോൺ ഐഡിയ, കിറ്റെക്സ് ഇടിവില്‍, പ്രോട്ടിയൻ ഇ ഗവേണൻസ് മുന്നേറ്റത്തില്‍

ബാങ്ക് നിഫ്റ്റി ഒരു ശതമാനം താഴ്ന്നപ്പോൾ മിഡ് ക്യാപ്പും സ്മോൾ ക്യാപ്പും സൂചികകൾ ഒന്നര ശതമാനം ഇടിഞ്ഞു

T C Mathew

വിപണി കരടികളുടെ പിടിയിലേക്കു വീഴുന്നു എന്ന ധാരണയ്ക്ക് അടിവര ഇടുന്നതായി ഇന്നു രാവിലത്തെ വ്യാപാരം. വിപണി തുടർച്ചയായി താഴോട്ടു വീണു. സെൻസെക്സ് 80,947 വരെയും നിഫ്റ്റി 24,755 വരെയും താഴ്ന്ന ശേഷം തിരിച്ചു കയറി.

അമേരിക്ക ഇന്ത്യൻ ഉൽപന്നങ്ങൾക്ക് 50 ശതമാനം ചുങ്കം പ്രഖ്യാപിച്ച സാഹചര്യത്തിലാണിത്. നാളെ ഇന്ത്യന്‍ സമയം രാവിലെ 9.30 നു പുതിയ നിരക്ക് നിലവിൽ വരും. ഐഫോൺ അടക്കം ഇലക്ട്രോണിക് സാധനങ്ങളും ഔഷധങ്ങളും മാത്രമാണ് ഇതിൽ നിന്ന് ഒഴിവാകുന്നത്.

യുഎസിലേക്കു കഴിഞ്ഞ വർഷം പോയ 8700 കോടി ഡോളർ സാധനങ്ങളിൽ 70 ശതമാനത്തിനും ഇനി 50 ഓ അതിലധികമോ ചുങ്കം നൽകണം. ചെമ്മീന് 58.2 ശതമാനം ആണു ചുങ്കം. സ്റ്റീൽ, അലുമിനിയം, ചെമ്പ് എന്നിവയ്ക്കും നിരക്ക് 50 ശതമാനത്തിൽ കൂടുതലാണ്.

ബാങ്ക് നിഫ്റ്റി ഒരു ശതമാനം താഴ്ന്നപ്പോൾ മിഡ് ക്യാപ്പും സ്മോൾ ക്യാപ്പും സൂചികകൾ ഒന്നര ശതമാനം ഇടിഞ്ഞു. പിന്നീട് ഇവ നഷ്ടം കുറച്ചു.

പ്രതിരോധ ഓഹരികൾ ഇടിവിലായി. ബെൽ, ഭാരത് ഡൈനാമിക്സ്, എച്ച്എഎൽ, കൊച്ചിൻ ഷിപ്പ് യാർഡ്, മസഗാേൺ ഡോക്ക്, ഗാർഡൻ റീച്ച്, ഐഡിയാ ഫോർജ്, പരസ് ഡിഫൻസ്, ഡാറ്റാ പാറ്റേൺസ് തുടങ്ങിയവ താഴ്ന്നു.

വിദേശ നിക്ഷേപസ്ഥാപനം 15.4 ശതമാനം ഓഹരി ബൾക്ക് ഇടപാടിൽ വിറ്റതിനെ തുടർന്ന് സായ് ലൈഫ് സയൻസസ് ഓഹരി നാലു ശതമാനം ഇടിഞ്ഞു.

ആറു വർഷ കാലാവധിയുള്ള 1160 കോടി രൂപയുടെ ആധാർ ചേർക്കൽ കരാർ ലഭിച്ച പ്രോട്ടിയൻ ഇ ഗവേണൻസ് 12 ശതമാനം കുതിച്ചു.

വോഡഫോൺ ഐഡിയയ്ക്കായി രക്ഷപദ്ധതി ഉണ്ടാക്കിയിട്ടില്ലെന്ന മന്ത്രിയുടെ പ്രസ്താവനയിൽ കമ്പനി ഓഹരി ഏഴു ശതമാനം ഇടിഞ്ഞു.

എക്സ് ബോണസ് ആയ എച്ച്ഡിഎഫ്സി ബാങ്ക് ഒന്നര ശതമാനം താഴ്ന്നു. എക്സ് ഡിവിഡൻഡ് ആയ വേദാന്ത ലിമിറ്റഡ് നാലു ശതമാനം ഇടിഞ്ഞു.

എഫ്എംസിജി കമ്പനികൾ രാവിലെ ഉയർന്നു. ബ്രിട്ടാനിയ, നെസ്‌ലെ തുടങ്ങിയവ രണ്ടു ശതമാനത്തിലധികം കയറി. എച്ച് യു എൽ ചെറിയ നേട്ടം മാത്രം കാണിച്ചു.

രാസവള കമ്പനികൾ ഇടിവിലായി. എഫ്എസിടി ഓഹരി നാലു ശതമാനം താഴ്ന്നു. ആർസിഎഫ്, എൻഎഫ്എൽ, ജിഎസ്എഫ്സി, ജിഎൻഎഫ്സി, പാരദീപ്, ചംബൽ തുടങ്ങിയവയും ഇടിഞ്ഞു.

വസ്ത്ര കയറ്റുമതി കമ്പനികൾ എല്ലാം തന്നെ ഇടിവ് തുടർന്നു. കിറ്റെക്സ് ഗാർമെൻ്റ്സ് അഞ്ചു ശതമാനം ഇടിഞ്ഞു.

ഇന്നലെ വലിയ മുന്നേറ്റം നടത്തിയ പേപ്പർ കമ്പനികൾ ഇന്ന് അഞ്ചു ശതമാനം വരെ ഇടിഞ്ഞു.

രൂപ ഇന്നു രാവിലെ ദുർബലമായി. ഡോളർ 15 പൈസ ഉയർന്ന് 87.73 രൂപയിൽ ഓപ്പൺ ചെയ്തു. ഡോളർ 87.69 രൂപയിൽ എത്തിയിട്ട് 87.80 രൂപയിലേക്കു കയറി.

സ്വർണം ലോകവിപണിയിൽ ഔൺസിന് 3372 ഡോളറിലേക്കു താഴ്ന്നു. രാവിലെ 3385 ഡോളർ വരെ ഉയർന്നതാണ്. കേരളത്തിൽ 22 കാരറ്റ് സ്വർണം പവന് 400 രൂപ വർധിച്ച് 74,840 രൂപയായി.

ക്രൂഡ് ഓയിൽ വില രാവിലെ താഴ്ന്നു. ബ്രെൻ്റ് ഇനം ക്രൂഡ് വീപ്പയ്ക്ക് 68.50 ഡോളർ ആയി.

Stock market midday update on 26 august 2025.

Read DhanamOnline in English

Subscribe to Dhanam Magazine

SCROLL FOR NEXT