ഏതാനും ദിവസങ്ങളിലെ ഇടിവിനു ശേഷം വിപണി ഇന്നു നല്ല കയറ്റത്തിലാണ്. മിതമായ നേട്ടത്തോടെ വ്യാപാരം തുടങ്ങിയ ശേഷം കൂടുതൽ കയറ്റത്തിലായി. മുഖ്യസൂചികകൾ ഒരു മണിക്കൂർ കൊണ്ട് 0.85 ശതമാനം ഉയർന്നു. നിഫ്റ്റി 210 പോയിൻ്റും സെൻസെക്സ് 670 പോയിൻ്റും കയറി. മിഡ് ക്യാപ് സൂചിക 1.70 ഉം സ്മോൾ ക്യാപ് സൂചിക രണ്ടും ശതമാനം കുതിച്ചു.
റിലയൻസിനു വിദേശ ബ്രോക്കറേജ് നൊമുറ 1570 രൂപ ലക്ഷ്യവില നിശ്ചയിച്ചു. സിഎൽഎസ്എ 1800 രൂപയാണു ലക്ഷ്യവില നിർണയിച്ചത്. ഓഹരി രാവിലെ ചാഞ്ചാട്ടത്തിലാണ്.
പേയ്ടി എം പേമെൻ്റ് ബാങ്കിൻ്റെ ബാങ്കിംഗ് ലൈസൻസ് റദ്ദാക്കി, ബാങ്ക് അടച്ചു പൂട്ടാൻ നടപടി തുടങ്ങി. മാതൃകമ്പനിയായ വൺ 97 കമ്യൂണിക്കേഷൻസിൻ്റെ ഓഹരി എട്ടു ശതമാനം ഇടിഞ്ഞു.
ആവേശകരമായ ലാഭവർധന കുറിച്ച നാലാം പാദ റിസൽട്ടിനെ തുടർന്ന് തൻല പ്ലാറ്റ്‌ഫോംസ് ഓഹരി 14 ശതമാനം വരെ മുന്നേറി. ക്ലൗഡ് കമ്യൂണിക്കേഷൻസിൽ പ്രവർത്തിക്കുന്ന കമ്പനിക്ക് 600 റെ ജീവനക്കാർ ഉണ്ട്.
കോഹാൻസ് ലൈഫ് സയൻസസിൻ്റെ സിഇഒ വിവേക് ശർമ രാജിവച്ചു. ചെയർമാൻ ഉമംഗ് വോഹ്ര സിഇഒ സ്ഥാനം കൂടി വഹിക്കും. ഓഹരി 20 ശതമാനം വരെ കുതിച്ചു.
സ്‌ത്രൈണ രോഗങ്ങൾക്കുളള ഔഷധങ്ങൾ നിർമിക്കുന്ന ഓർഗാനോൺ എന്ന അമേരിക്കൻ കമ്പനിയെ 1175 കോടി ഡോളറിന് വാങ്ങും എന്നു സൺ ഫാർമസ്യൂട്ടിക്കൽസ് അറിയിച്ചു. ഓഹരി എട്ടു ശതമാനം കുതിച്ചു. ടാരോ മുതൽ പല കമ്പനികളെ മുൻപ് ഏറ്റെടുത്തിട്ടുള്ള സണിൻ്റെ ഏറ്റവും വലിയ വാങ്ങൽ ആണ് ഇത്. സൺ ഓഹരി ഏഴര ശതമാനം ഉയർന്നു.
അറ്റപലിശ വരുമാനത്തിൽ 24 ശതമാനത്തിൻ്റെ കുതിപ്പ് രേഖപ്പെടുത്തിയ എം ആൻഡ് എം ഫിനാൻസ് ഓഹരി രാവിലെ ഒൻപതു ശതമാനം കുതിച്ചു.
നാലാം പാദ റിസൽട്ട് റിസൽട്ട് പ്രതീക്ഷയോളം വരാത്തതിനെ തുടർന്ന് ആക്സിസ് ബാങ്ക് അഞ്ചു ശതമാനം നഷ്ടത്തിലായി.
നിലവിലെ പ്ലാൻ്റുകളിൽ ഡൈ അമോണിയം ഫോസ്ഫേറ്റ് (ഡിഎപി) നിർമിക്കാൻ എഫ്എസിടിക്ക് കേന്ദ്ര സർക്കാരിൻ്റെ അനുമതി ലഭിച്ചു. ലാഭമാർജിൻ കൂടുതലുള്ള കൂട്ടുവളമാണു ഡിഎപി. എഫ്എസിടി ഓഹരി രണ്ടര ശതമാനം ഉയർന്നു.
നഷ്ടത്തിൽ നിന്നു ലാഭത്തിലേക്കു മാറിയ ഇൻഡസ് ഇൻഡ് ബാങ്ക് ഓഹരി അഞ്ചു ശതമാനം നേട്ടത്തിലായി.
രൂപ ഇന്നും ദുർബലമായി. രാവിലെ ഉയർന്നു വ്യാപാരം തുടങ്ങിയിട്ടു നിമിഷങ്ങൾക്കകം നഷ്‌ടത്തിലേക്കു മാറി. ഡോളർ രണ്ട പൈസ ഉയർന്ന് 94.23 രൂപയിൽ ഓപ്പൺ ചെയ്തു. പിന്നീട് 94.28 രൂപയിലേക്കു കയറി.
ലോകവിപണിയിൽ സ്വർണവില ഔൺസിന് 4726 ഡോളറിലേക്കു കയറി. കേരളത്തിൽ 22 കാരറ്റ് സ്വർണം പവന് 280 രൂപ വർധിച്ച് 1,13,240 രൂപയിൽ എത്തി.
ക്രൂഡ് ഓയിൽ വില രാവിലെ ഉയർന്നിട്ടു താഴോട്ടു നീങ്ങി. ബ്രെൻ്റ് ഇനം ക്രൂഡ് വീപ്പയ്ക്ക് 107.59 ൽ നിന്ന് 106.57 ഡോളറിൽ എത്തി. ഡബ്ള്യുടിഐ ഇനം 95.26 ഡോളറിലേക്കു താഴ്ന്നു.
Read DhanamOnline in English
Subscribe to Dhanam Magazine