Markets

വിപണി ഇടിവ് തുടരുന്നു; ഐടി പിടിച്ചു നിൽക്കുന്നു; മൈക്രോഫിനാൻസ് ഓഹരികളിൽ തിരിച്ചടി

ആഗോള-പ്രാദേശിക സമ്മർദങ്ങളെ തുടർന്ന് ഇന്ത്യൻ ഓഹരി സൂചികകൾ താഴ്ന്നപ്പോൾ ഐടി മേഖല ഭാഗികമായി പിടിച്ചുനിന്നു. ബിഹാറിൽ നിയന്ത്രണങ്ങൾ വന്നേക്കുമെന്ന സൂചന മൈക്രോഫിനാൻസ് ഓഹരികളെ സമ്മർദത്തിലാഴ്ത്തി.

T C Mathew

വിപണി വീണ്ടും താഴോട്ടു പോകുകയാണ്. ഇന്ന് (2026 ഫെബ്രുവരി 27) രാവിലെ താഴ്ന്നു വ്യാപാരം തുടങ്ങിയ ശേഷം സൂചികകൾ കൂടുതൽ ഇടിഞ്ഞു. നിഫ്റ്റി 25,300നും സെൻസെക്സ് 81,700നും താഴെ എത്തി. പിന്നീട് അല്പം കയറി. നിഫ്റ്റി 0.80ഉം സെൻസെക്സ് 0.70ഉം ശതമാനം താഴ്ന്നപ്പോൾ മിഡ് ക്യാപ്-100 സൂചിക ഒരു ശതമാനവും സ്മോൾ ക്യാപ്-100 സൂചിക 0.90 ശതമാനവും ഇടിഞ്ഞു. ബാങ്ക് നിഫ്റ്റി സൂചിക 0.80 ശതമാനം വരെ താഴ്ന്നു.

പ്രതിരോധിച്ച് ഐടി ഓഹരികൾ

ഐടിയും മീഡിയയും ഒഴികെ എല്ലാ മേഖലകളും രാവിലെ ഇടിവിലാണ്. എഫ്എംസിജി, റിയൽറ്റി, ഓട്ടോ, ധനകാര്യ, മെറ്റൽ, കാപ്പിറ്റൽ മാർക്കറ്റ് മേഖലകൾ വലിയ നഷ്ടത്തിലായി. ഭാരതി എയർടെലിന് വിദേശ ബ്രോക്കറേജ് ജെഫറീസ് വാങ്ങൽ ശിപാർശ നൽകി. ഓഹരിയുടെ ലക്ഷ്യവില 2575 രൂപയായി ഉയർത്തി. എയർടെൽ ഓഹരി ഒരു ശതമാനത്തിലധികം താഴ്‌ന്ന് 1900നു താഴെയായി.

സിഎൽഎസ്എ ടാറ്റാ മോട്ടോഴ്സ് സിവിക്ക് 673 രൂപ ലക്ഷ്യവില നിശ്ചയിച്ച് ഔട്ട് പെർഫോം റേറ്റിംഗ് നൽകി.ഗ്യാസ് അഥോറിറ്റി ഓഫ് ഇന്ത്യ (ഗെയിൽ) ഓഹരിയുടെ ലക്ഷ്യവില കൊട്ടക് സെക്യൂരിറ്റീസ് 145 രൂപയിലേക്കു താഴ്‌ത്തി. കൻസായ് നെരോലാകിൻ്റെ ലക്ഷ്യവില നൊമുറയും കൊട്ടക് സെക്യൂരിറ്റീസും 285 രൂപയിലേക്ക് ഉയർത്തി വാങ്ങൽ ശിപാർശ നൽകി.

മൈക്രോഫിനാൻസ് ഓഹരികളിൽ ഇടിവ്

ബിഹാറിൽ മൈക്രോഫിനാൻസ് കമ്പനികൾക്കു കടുത്ത നിയന്ത്രണങ്ങൾ വരും എന്ന സർക്കാർ പ്രഖ്യാപനം അവിടെ കാര്യമായ പ്രവർത്തനം ഉള്ള ധനകാര്യ കമ്പനികളെ ഇടിവിലാക്കി. ഫ്യൂഷൻ മൈക്രോ ഫിനാൻസ് ഒൻപതും എൽ ആൻഡ് ടി ഫിനാൻസ് നാലും ഉത്കർഷ് സ്മോൾ ഫിനാൻസ് ബാങ്ക് അഞ്ചും ശതമാനം താഴ്ന്നു.

പ്രൊമോട്ടർ ഗ്രൂപ്പ് ആറു ശതമാനത്തിലധികം ഓഹരി വിറ്റു എന്ന റിപ്പോർട്ടിനെ തുടർന്ന് വിശാൽ മെഗാ മാർട്ട് ഓഹരി എട്ടു ശതമാനം വരെ ഇടിഞ്ഞു.

കറൻസി/കമ്മോഡിറ്റി മാർക്കറ്റ്

രൂപ ഇന്നു നഷ്‌ടത്തിൽ വ്യാപാരം തുടങ്ങി. ഡോളർ നാലു പൈസ കൂടി 90.95 രൂപയിൽ ഓപ്പൺ ചെയ്തു. പിന്നീട് 90.965ലേക്കു കയറി. ഡോളർ സൂചിക 97.71ലാണു നിൽക്കുന്നത്. സ്വർണം ലോക വിപണിയിൽ ഔൺസിന് 5189 ഡോളറിലാണ്. കേരളത്തിൽ 22 കാരറ്റ് സ്വർണം പവന് 400 രൂപ ഉയർന്ന് 1,18,480 രൂപയിൽ എത്തി. എംസിഎക്സിൽ 24 കാരറ്റ് സ്വർണം 10 ഗ്രാമിന് 1,60,234 രൂപ വരെ ഉയർന്നിട്ട് അൽപം താഴ്ന്നു.

വെള്ളി ലോകവിപണിയിൽ ഔൺസിന് 89.73 ഡോളറിലേക്ക് എത്തി. എംസിഎക്സിൽ വെള്ളി കിലോഗ്രാമിന് 2,68,009 രൂപ വരെ കയറിയിട്ട് 2,66,153 രൂപയിലേക്കു താഴ്ന്നു.

ക്രൂഡ് ഓയിൽ വില താഴ്ന്നു. ബ്രെൻ്റ് ഇനം ബാരലിന് 70.72 ഡോളറിൽ എത്തി.

Read DhanamOnline in English

Subscribe to Dhanam Magazine

SCROLL FOR NEXT