Image courtesy: Canva
Markets

വിപണി കുതിക്കുന്നു; 2.5 ശതമാനം മുന്നേറി ഐടി സൂചിക; രൂപയും നേട്ടത്തിൽ

മിഡ് ക്യാപ്, സ്മോൾ ക്യാപ് സൂചികകൾ ഒന്നേകാൽ ശതമാനത്തിലധികം മുന്നേറി

T C Mathew

വിപണി ഉത്സാഹത്തിലാണ്. നിഫ്റ്റി 23,964 ഉം സെൻസെക്സ് 76,715 ഉം വരെ ഉയർന്ന ശേഷം അല്പം താഴ്ന്നു. മിഡ് ക്യാപ്, സ്മോൾ ക്യാപ് സൂചികകൾ ഒന്നേകാൽ ശതമാനത്തിലധികം മുന്നേറി.

ഐടി സൂചിക 2.5 ശതമാനം കുതിച്ചു. റിയൽറ്റിയും ഹെൽത്ത് കെയറും ഫാർമയും വലിയ നേട്ടം ഉണ്ടാക്കി.

ജൂൺ പാദത്തിൽ പ്രതീക്ഷ മറികടന്ന റിസൽട്ട് പുറത്തുവിട്ട ഐഡിഎഫ്സി ഫസ്റ്റ് ബാങ്കിന് സിഎൽഎസ്എ 1270 രൂപ ലക്ഷ്യവില നിർണയിച്ചു. ഓഹരി പത്തു ശതമാനം കുതിച്ചു.

മികച്ച ലാഭ മാർജിൻ കാഴ്ചവച്ച ഡിസിബി ബാങ്ക് ഓഹരി എട്ടു ശതമാനം കയറി.

ടാറ്റാ കൺസ്യൂമർ പ്രൊഡക്ട്സിന് ജെഫറീസ് 1450 രൂപ ലക്ഷ്യവില നിശ്ചയിച്ചു വാങ്ങൽ ശിപാർശ നൽകി. ഓഹരി മൂന്നു ശതമാനം ഉയർന്നു.

എയു സ്മോൾ ഫിനാൻസ് ബാങ്കിന് ജെഫറീസ് 1270 രൂപ ലക്ഷ്യവില നിർണയിച്ചു. ഓഹരി നാലു ശതമാനം കയറി.

ജിൻഡൽ സ്റ്റീലിന് 1300 രൂപ ലക്ഷ്യവില നിർണയിച്ച യുബിഎസ് വാങ്ങൻ ശിപാർശ നൽകി. പ്രതീക്ഷയിലും മികച്ച ജൂൺ പാദ റിസൽട്ടാണു കമ്പനി പ്രസിദ്ധീകരിച്ചത്.

ഈവ, ഗുഡ് ഹോം ബ്രാൻഡുകൾ 256 കോടി രൂപയ്ക്ക് വിപ്രോ കൺസ്യൂമർ കെയറിനു വിറ്റ ടിടികെ ഹെൽത്ത് കെയർ ഓഹരി 10 ശതമാനം കുതിച്ചു.

അണ്ടർ റൈറ്റിംഗ് നഷ്‌ടം അസാധാരണമായി വർധിച്ച ജൂൺ പാദ റിസൽട്ട് പ്രസിദ്ധീകരിച്ച ന്യൂ ഇന്ത്യ അഷ്വറൻസ് നാലു ശതമാനം താഴ്‌ന്നു.

ക്രൂഡ് ഓയിൽ വില ഇടിഞ്ഞതിനെ തുടർന്ന് ഒഎൻജിസിയും ഓയിൽ ഇന്ത്യയും രണ്ടു ശതമാനത്തിലധികം താഴ്‌ന്നു. വിമാന കമ്പനി ഇൻഡിഗോ നാലു ശതമാനം കയറി. ഏഷ്യൻ പെയിൻ്റ്സ് മൂന്നു ശതമാനം ഉയർന്നു. ഓയിൽ മാർക്കറ്റിംഗ് കമ്പനികൾ രണ്ടര ശതമാനം നേട്ടത്തിലായി.

വരുമാനം ഗണ്യമായി കൂടിയപ്പോഴും അറ്റാദായം 47 ശതമാനം ഇടിഞ്ഞ ശക്തി പമ്പ്‌സിൻ്റെ ഓഹരി അഞ്ചു ശതമാനം വരെ താഴ്ന്നു.

രൂപ ഇന്നു നല്ല നേട്ടത്തോടെ വ്യാപാരം തുടങ്ങി. ഡോളർ 41 പൈസ കുറഞ്ഞ് 96.15 രൂപയിൽ ഓപ്പൺ ചെയ്തു. പിന്നീടു ഡോളർ 96.27 രൂപ വരെ കയറി.

സ്വർണം ലോകവിപണിയിൽ ഔൺസിന് 4090 ഡോളറിനു താഴെ എത്തി. കേരളത്തിൽ 22 കാരറ്റ് സ്വർണം പവന് 680 രൂപ വർധിച്ച് 1,06,960 രൂപ ആയി.

ക്രൂഡ് ഓയിൽ വില താഴ്ന്നു. ബ്രെൻ്റ് ഇനം 92.40 ഡോളറിലും ഡബ്ള്യുടിഐ ഇനം 84.99 ഡോളറിലും എത്തി.

Read DhanamOnline in English

Subscribe to Dhanam Magazine

SCROLL FOR NEXT