ചെറിയ ഇടിവിൽ തുടങ്ങിയ വിപണി പിന്നീട് ചാഞ്ചാട്ടങ്ങൾക്കൊടുവിൽ നേട്ടത്തിലെത്തി. ഇസിഎൽ രീതി ഏപ്രിൽ മുതൽ നടപ്പാക്കുമെന്ന ആർബിഐ പ്രഖ്യാപനത്തെ തുടർന്ന് ബാങ്ക് ഓഹരികൾ സമ്മർദ്ദത്തിലായി. അതേസമയം മികച്ച നാലാം പാദ ഫലങ്ങളുടെ പിന്തുണയോടെ കോൾ ഇന്ത്യ, വരുൺ ബിവറേജസ്, പിരമൾ ഫിനാൻസ്, കോഹാൻസ് ലൈഫ് സയൻസസ് എന്നിവ കുതിച്ചു. ക്രൂഡ് ഓയിൽ കയറ്റം ഒഎൻജിസി, ഓയിൽ ഇന്ത്യക്ക് ഗുണമായി.
ചെറിയ താഴ്ചയിൽ വ്യാപാരം ആരംഭിച്ച വിപണി പിന്നീടു ചാഞ്ചാട്ടത്തിലും ഒടുവിൽ നേട്ടത്തിലുമായി. മുഖ്യസൂചികകൾ കൂടുതൽ സമയം നേട്ടത്തിലായിരുന്നു. ബാങ്ക് മേഖല താഴ്ചയിലായി.
മികച്ച നാലാം പാദ റിസൽട്ട് പ്രസിദ്ധീകരിച്ച അൾട്രാടെക് സിമൻ്റിന് എച്ച്എസ്ബിസി 14,200 രൂപ ലക്ഷ്യവില നിർണയിച്ച് വാങ്ങൽ ശിപാർശ നൽകി. ജെഫറീസ് ലക്ഷ്യവില 14,050 രൂപയാക്കി.
ബിസിനസും ലാഭവും വർധിപിച്ച പിരമൾ ഫിനാൻസിന് നുവാമ വാങ്ങൽ ശിപാർശ നൽകി. ലക്ഷ്യവില 2150 രൂപയായി. ഓഹരി എട്ടു ശതമാനം ഉയർന്നു.
പെപ്സികോയുടെ ബോട്ട്ലിംഗ് നടത്തുന്ന വരുൺ ബിവറേജസ് മികച്ച നാലാം പാദ റിസൽട്ട് പ്രസിദ്ധീകരിച്ചു. ജെഫറീസ് ഓഹരിക്ക് 615 രൂപ ലക്ഷ്യവില നിശ്ചയിച്ചു. ഓഹരി അഞ്ചു ശതമാനം കയറി.
സിഇഒ മാറ്റത്തെ തുടർന്ന് ഇന്നലെ 20 ശതമാനം കുതിച്ച കോഹാൻസ് ലൈഫ് സയൻസസ് ഓഹരി ഇന്നു രാവിലെ 18 ശതമാനം വരെ ഉയർന്നു.
ബാങ്കുകളുടെ വായ്പകൾ നഷ്ടമാകുന്നതിനു മുമ്പ് നഷ്‌ട സാധ്യത വിലയിരുത്തി കണക്കുകൾ തിരുത്താൻ നിർദേശിക്കുന്ന എക്‌സ്പെക്റ്റഡ് ക്രെഡിറ്റ് ലോസ് (ഇസിഎൽ) രീതി അടുത്ത വർഷം ഏപ്രിലിൽ നടപ്പാക്കുമെന്നു റിസർവ് ബാങ്ക് അറിയിച്ചു. ഇസിഎലിനുള്ള മാനദണ്ഡങ്ങൾ പ്രസിദ്ധീകരിച്ചിട്ടുണ്ട്. ബാങ്കുകളുടെ ലാഭം ഗണ്യമായി കുറയാൻ ഈ മാറ്റം കാരണമാകും എന്നു ഭീതിയുണ്ട്. ബാങ്കു മേഖലയുടെ ലാഭത്തിൽ 60,000 കോടി രൂപയുടെ കുറവാണു പ്രതീക്ഷിക്കുന്നത്. പൊതുമേഖലാ ബാങ്കുകൾ ആണു കൂടുതൽ ആഘാതം കണക്കാക്കുന്നത്. പൊതുമേഖല, സ്വകാര്യ മേഖല ബാങ്ക് ഓഹരികൾ രാവിലെ ഇടിഞ്ഞു.
ബോണസ് ഓഹരി പ്രഖ്യാപിച്ച സിറ്റി യൂണിയൻ ബാങ്ക് ഓഹരി ആറു ശതമാനം വരെ കുതിച്ചു.
നല്ല നാലാം പാദ റിസൽട്ടിനെ തുടർന്ന് കോൾ ഇന്ത്യ ഓഹരി അഞ്ചു ശതമാനത്തോളം ഉയർന്നു.
ക്രൂഡ് ഓയിൽ വില 110 ഡോളറിനടുത്തേക്കു കയറി. ഒഎൻജിസി, ഓയിൽ ഇന്ത്യ ഓഹരികൾ മൂന്നു ശതമാനം നേട്ടത്തിലായി.
രൂപ ഇന്നും ദുർബലമായി. ഡോളർ 18 പൈസ ഉയർന്ന് 94.37 രൂപയിൽ ഓപ്പൺ ചെയ്തു. പിന്നീട് ഡോളർ 94.47 രൂപയിലേക്കു കയറി.
ലോകവിപണിയിൽ സ്വർണവില ഔൺസിന് 4667 ഡോളറിലേക്കു താഴ്ന്നു. കേരളത്തിൽ 22 കാരറ്റ് സ്വർണം പവന് 520 രൂപ കുറഞ്ഞ് 1,12,200 രൂപയിൽ എത്തി.
ക്രൂഡ് ഓയിൽ വില രാവിലെ കയറ്റം തുടർന്നു. ബ്രെൻ്റ് ഇനം ക്രൂഡ് വീപ്പയ്ക്ക് 109.75 ഡോളറിൽ എത്തി. ഡബ്ള്യുടിഐ ഇനം 97.77 ഡോളറിലേക്കു കയറി.
Read DhanamOnline in English
Subscribe to Dhanam Magazine