വിപണി വീണ്ടും ഉണർവിലായി. രാവിലെ ചെറിയ നേട്ടത്തോടെ ആരംഭിച്ച വ്യാപാരത്തിൽ നിഫ്റ്റി 24,166 ഉം സെൻസെക്സ് 77,291 ഉം വരെ ഉയർന്നു. ബാങ്ക് നിഫ്റ്റി താഴ്ചയിലായി.
ഐടി ഓഹരികൾ ഇന്നു നല്ല മുന്നേറ്റത്തിലാണ്. വലിയ കമ്പനികൾ മൂന്നു ശതമാനത്തിലധികവും മിഡ് ക്യാപ്പുകൾ നാലു ശതമാനത്തിലധികവും ഉയർന്നു.
തേജസ് നെറ്റ് വർക്സിന് ടിസിഎസിൽ നിന്ന് 1537 കോടി രൂപയുടെ നെറ്റ് വർക്ക് ഓർഡർ ലഭിച്ചു. ഓഹരി 10 ശതമാനം കുതിച്ചു.
പുതിയ സിഇഒ ചുമതലയേറ്റതിനെ തുടർന്ന് ജസ്റ്റ് ഡയൽ ഓഹരി 10 ശതമാനം കയറി.
ഏഥർ എനർജിയുടെ മൂന്നു ശതമാനം ഓഹരികൂടി വാങ്ങി ഓഹരിപങ്കാളിത്തം 32.8 ശതമാനമാക്കാൻ ഹീറോ മോട്ടോഴ്‌സ് 1758 കോടി രൂപ മുടക്കും. ഏഥർ ഓഹരി അഞ്ചു ശതമാനം ഉയർന്നു.
മണിപ്പാൽ ഹെൽത്തിന് 1000 രൂപ ലക്ഷ്യവില നിർണയിച്ച എച്ച്എസ്ബിസി വാങ്ങൽ ശിപാർശ നൽകി.
എസ്ബിഐ ഓഹരി വാങ്ങാൻ ജെഫറീസ് ശിപാർശ ചെയ്തു. ഓഹരിക്കു ലക്ഷ്യവിലയായി 1320 രൂപ നിർണയിച്ചു. 710 രൂപ ലക്ഷ്യവില നിർണയിച്ച് എസ്ബിഐ ഫണ്ട്സും വാങ്ങാൻ ശിപാർശ നൽകി.
ബജാജ് ഓട്ടോയ്ക്ക് സിഎൽഎസ്എ 13,466 രൂപ ലക്ഷ്യവില കണ്ടു. ഓഹരി വാങ്ങാൻ ശിപാർശ ചെയ്തു.
ലെൻസ് കാർട്ടിൻ്റെ 1.67 ശതമാനം ഓഹരി ബൾക്ക് ഇടപാടിൽ കൈമാറി.
വാർബർഗ് പിൻകസ് അപ്പോളോ ടയേഴ്‌സിലെ 4.25 ശതമാനം ഓഹരി ബൾക്ക് ഇടപാടിൽ വിറ്റു.
ജിഇ ഷിപ്പിംഗ് 58.82 ലക്ഷം ഓഹരികൾ ഒന്നിന് 1530 രൂപ വച്ച് വാങ്ങും. ഇതിനായി 900 കോടി രൂപ മുടക്കും. വ്യാഴാഴ്ചത്തെ വിപണിവിലയേക്കാൾ 16 ശതമാനം കൂടുതലാണു വില. ഓഹരി രാവിലെ 2.5 ശതമാനം ഉയർന്നു.
രൂപ ഇന്നു നേട്ടത്തോടെ വ്യാപാരം തുടങ്ങി. ഡോളർ മൂന്നു പൈസ താഴ്ന്നു 95.51 രൂപയിൽ ഓപ്പൺ ചെയ്തു. ഡോളർ പിന്നീടു 95.56 രൂപയായി.
സ്വർണം ലോകവിപണിയിൽ ഔൺസിന് 4581 ഡോളറിലേക്കു താഴ്ന്നു.
ക്രൂഡ് ഓയിൽ വില വീണ്ടും 89 ഡോളറിനടുത്തായി. ബ്രെൻ്റ് ഇനം 89.20 ഡോളറിലും ഡബ്ള്യുടിഐ ഇനം 83.11 ഡോളറിലും എത്തി.
Read DhanamOnline in English
Subscribe to Dhanam Magazine