Image courtesy: Canva
Markets

വിപണി ഇടിയുന്നു; ഐ.ടിയും ഓട്ടോയും എഫ്.എം.സി.ജിയും താഴ്‌ന്നു, കൊച്ചിൻ ഷിപ്പ്‌യാർഡ് നേട്ടത്തില്‍

രാവിലെ ഒരു മണിക്കൂറിനുള്ളിൽ മുഖ്യ സൂചികകൾ 0.65 ശതമാനം ഇടിഞ്ഞു

T C Mathew

ഇന്ത്യൻ വിപണി രണ്ടു ദിവസത്തെ കയറ്റത്തിനു ശേഷം ഇന്നു താഴ്ചയിലേക്കു മാറി. രാവിലെ ഒരു മണിക്കൂറിനുള്ളിൽ മുഖ്യ സൂചികകൾ 0.65 ശതമാനം ഇടിഞ്ഞു. ബാങ്ക് നിഫ്റ്റിയും മിഡ്, സ്മോൾ ക്യാപ് സൂചികകൾ 0.25 ശതമാനത്തിൽ താഴെയേ നഷ്‌ടം വരുത്തിയുള്ളൂ.

മെറ്റലും റിയൽറ്റിയും ഓയിലും രാവിലെ ഉയർന്നു. ഐടിയും ഓട്ടോയും എഫ്എംസിജിയും ഫാർമയും വലിയ ഇടിവിലായി.

മൂന്നാം പാദ റിസൽട്ട് പ്രതീക്ഷ പോലെ വരാത്തതിനെ തുടർന്ന് മാരുതി സുസുകി ഓഹരി മൂന്നു ശതമാനത്തിലധികം ഇടിഞ്ഞു. പല ബ്രോക്കറേജുകളും ഓഹരിയുടെ ലക്ഷ്യവില താഴ്ത്തി.

റെക്കോർഡ് ലാഭം ഉണ്ടാക്കി മികച്ച റിസൽട്ട് പുറത്തിറക്കിയ ടിവിഎസ് മോട്ടോഴ്സിൻ്റെ ലക്ഷ്യവില 4000 രൂപയിലേക്ക് നുവാമ ഉയർത്തി. നൊമുറ3970 രൂപയായി ലക്ഷ്യവില കൂട്ടി. ഓഹരി രാവിലെ അൽപം താഴ്‌ന്നു. അതേസമയം സിറ്റി ഈ ഓഹരിയുടെ ലക്ഷ്യവില 2750 രൂപയായി താഴ്‌ത്തി വിൽപന ശിപാർശ നൽകി.

സിറ്റി, വോഡഫോൺ ഐഡിയയുടെ ലക്ഷ്യവില 15-ൽ നിന്നു 14 രൂപയായി താഴ്‌ത്തി. ഓഹരി 10 രൂപയിലേക്കു കയറി. 

അറ്റാദായവും ലാഭമാർജിനും കുറഞ്ഞെങ്കിലും കൊച്ചിൻ ഷിപ്പ് യാർഡ് രാവിലെ ഒരു ശതമാനത്തിലധികം ഉയർന്നു. മികച്ച വളർച്ച കാണിച്ച ഗാർഡൻ റീച്ച് ഷിപ്പ് ബിൽഡേഴ്സ് അഞ്ചു ശതമാനത്തോളം കുതിച്ചു.

ഇന്നലെ വലിയ ഇടിച്ച നേരിട്ട സിഎസ്ബി ബാങ്ക് രാവിലെ നേട്ടത്തോടെ തുടങ്ങിയെങ്കിലും പിന്നീട് ഒരു ശതമാനം താഴ്ചയിലായി.

മികച്ച മൂന്നാം പാദ ഫലത്തെ തുടർന്ന് എൽ ആൻഡ് ടി ഓഹരി മൂന്നു ശതമാനം കുതിച്ചു. ഓഹരിക്ക് ജെഫറീസ് 4715 രൂപയും നുവാമ 4510 രൂപയും ലക്ഷ്യവില പ്രഖ്യാപിച്ചു.

സ്വർണവില കുതിക്കുന്നതിനെ തുടർന്ന് മുത്തൂറ്റ് ഫിനാൻസ് ഓഹരി നാലു ശതമാനത്തോളം ഉയർന്നു. മണപ്പുറം മൂന്നു ശതമാനത്തോളം കയറി.

കുറേ ദിവസങ്ങളായി താഴുന്ന കല്യാൺ ജ്വല്ലേഴ്‌സ് ഇന്നു രാവിലെ 1.25 ശതമാനം താഴ്ന്നു. 

കഴിഞ്ഞ ദിവസങ്ങളിൽ വലിയ കുതിപ്പ് നടത്തിയ കിറ്റെക്സ് ഗാർമെൻ്റ്സ് ഇന്നു രാവിലെ ആറു ശതമാനം ഇടിഞ്ഞു.

സ്വർണം, വെള്ളി, ചെമ്പ് തുടങ്ങിയവയുടെ വിലക്കയറ്റം മെറ്റൽ ഓഹരികളെ ഉയർത്തി. ഹിന്ദുസ്ഥാൻ കോപ്പർ രാവിലെ 12 ശതമാനം കുതിച്ചു. ആറു മാസം കൊണ്ട് 175 ശതമാനം ഉയർന്ന ഓഹരി അഞ്ചു ദിവസം കൊണ്ടു 30 ശതമാനം നേട്ടം ഉണ്ടാക്കി.  വെള്ളി, സ്വർണം ഇടിഎഫുകളും വലിയ കുതിപ്പിലാണ്.

രൂപ റെക്കോർഡ് താഴ്ചയിലാണു വ്യാപാരം തുടങ്ങിയത്. ഡോളർ 21 പൈസ കയറി 91.99 രൂപയിൽ ഓപ്പൺ ചെയ്തു. രാവിലെ തന്നെ റിസർവ് ബാങ്ക് ശക്തമായി ഇടപെട്ടപ്പോൾ 91.91 രൂപയിലേക്കു ഡോളർ താഴ്‌ന്നു.

കഴിഞ്ഞ രാതി വിദേശത്തെ വിനിമയവിപണിയിൽ ഡോളർ 92.22 രൂപ വരെ ഉയർന്നിരുന്നു. രാജ്യാന്തര സംഘർഷാന്തരീക്ഷവും ഇന്ത്യ- യുഎസ് കരാർ ഉണ്ടാകാത്തതുമാണു രൂപയെ താഴ്ത്തുന്നത്. 

സ്വർണം ലോകവിപണിയിൽ 5530 ഡോളറിലാണ്. വ്യാപാരത്തിനിടെ 5585 ഡോളർ വരെ കയറിയിരുന്നു. 

കേരളത്തിൽ 22 കാരറ്റ് സ്വർണം പവന് 8640 രൂപ കൂടി 1,31,160 രൂപയിൽ എത്തി. ഇത്ര വലിയ ഏകദിനവിലക്കയറ്റം മുൻപ് ഉണ്ടായിട്ടില്ല.

എംസിഎക്സിൽ 24 കാരറ്റ് സ്വർണം 10 ഗ്രാമിന് 1,75,869 രൂപ വരെ ഉയർന്നു.

വെള്ളി ലോകവിപണിയിൽ ഔൺസിന് 117 ഡോളറിലാണ്. രാവിലെ 119.50 വരെ ഉയർന്നിരുന്നു. എംസിഎക്സിൽ വെള്ളി കിലോഗ്രാമിന് 4,07,456 രൂപ വരെ കയറി.

ക്രൂഡ് ഓയിൽ കയറുകയാണ്. ബ്രെൻ്റ് ഇനം വീപ്പയ്ക്ക് 69.32 ഡോളർ വരെ എത്തി.

Read DhanamOnline in English

Subscribe to Dhanam Magazine

SCROLL FOR NEXT