വിപണി ഇന്നു പ്രതീക്ഷ പോലെ ഉയർന്ന തുടക്കം കുറിച്ചു. പിന്നീടു നേട്ടം വർധിപ്പിച്ചു. വ്യാപാരം ഒരു മണിക്കൂർ പിന്നിടുമ്പോൾ നിഫ്റ്റിയും സെൻസെക്സും 0.40 ശതമാനത്തിലധികം നേട്ടത്തിലാണ്.
വിശാലവിപണി കൂടുതൽ കയറ്റത്തിലായി. സ്മോൾ ക്യാപ് 100 സൂചിക ഒരു ശതമാനവും മിഡ് ക്യാപ് 100 സൂചിക 0.95 ശതമാനവും കുതിച്ചു.
എഫ്എംസിജി ഒഴികെ എല്ലാ മേഖലകളും രാവിലെ ഉയർന്നു. ഓയിൽ - ഗ്യാസ്, റിയൽറ്റി, മെറ്റൽ, ഹെൽത്ത് കെയർ, ഫാർമ, പൊതുമേഖലാ ബാങ്ക് തുടങ്ങിയവ ഒരു ശതമാനത്തിലധികം ഉയർന്നു.
മിറ്റ്സുബിഷിയിൽ നിന്ന് 651 കോടി രൂപയുടെ കോൺട്രാക്ട് ലഭിച്ചത് ആസാദ് എൻജിനിയറിംഗിനെ നാലു ശതമാനം ഉയർത്തി.
ടാറ്റാ മോട്ടോഴ്സിൻ്റെ ജഗ്വാർ ലാൻഡ് റോവർ വിഭാഗത്തിന് 150 കോടി പൗണ്ട് വായ്പയ്ക്കു ഗാരൻ്റി നിൽക്കാൻ ബ്രിട്ടീഷ് സർക്കാർ തയാറായത് ടാറ്റാ മോട്ടോഴ്സ് ഓഹരി രാവിലെ രണ്ടു ശതമാനം കുതിക്കാൻ സഹായിച്ചു. പിന്നീടു നേട്ടം കുറഞ്ഞു. സൈബർ ആക്രമണം മൂലം ജെഎൽആർ ഉൽപാദനം ഒരു മാസമായി മുടങ്ങിയിരിക്കുകയാണ്.
ആന്ധ്രപ്രദേശിൽ 1000 ഏക്കർ ഭൂമി വാങ്ങിയതിനെ തുടർന്നു പിജി ഇലക്ട്രോപ്ലാസ്റ്റ് മൂന്നു ശതമാനം ഉയർന്നു.
ആൻഡമാൻ തീരക്കടലിൽ പ്രകൃതിവാതക നിക്ഷേപം കണ്ടെത്തിയത് ഓയിൽ ഇന്ത്യയെ രണ്ടു ശതമാനം ഉയർത്തി.
രണ്ടാം പാദത്തിലെ വിറ്റുവരവ് കുറന്നത് ഹിന്ദുസ്ഥാൻ യൂണിലീവറിനെ രണ്ടര ശതമാനം താഴ്ത്തി.
132 ലക്ഷം ചതുരശ്ര അടി പ്രോജക്ടുകളുടെ ഡിസൈനിംഗും നിർമാണ നിർവഹണവും നടത്താൻ അദാനി എൻ്റർപ്രൈസസുമായി അഞ്ചു വർഷത്തെ കരാർ ഒപ്പുവച്ചത് വാസ്കോൺ എൻജിനിയേഴ്സ് ലിമിറ്റഡ് ഓഹരിയെ 13.5 ശതമാനം ഉയരത്തിൽ എത്തിച്ചു. ഓഹരി വെള്ളിയാഴ്ച ആറു ശതമാനം ഉയർന്നിരുന്നു.
പ്രതിരോധമന്ത്രാലയം 30,000 കോടി രൂപയുടെ മിസൈൽ പ്രതിരോധ സംവിധാനം വാങ്ങാൻ തീരുമാനിച്ചതു ഭാരത് ഇലക്ട്രോണിക്സ് ഓഹരിയെ മൂന്നു ശതമാനം ഉയർത്തി.
ഓയിൽ മാർക്കറ്റിംഗ് കമ്പനികളുടെ ഓഹരി മൂന്നു ശതമാനം വരെ ഉയർന്നു. ഇന്ത്യയുടെ ക്രൂഡ് ഓയിൽ ഇറക്കുമതിവില കുറയുന്നതാണു കാരണം.
ലോകവിപണിയിൽ ചെമ്പുവില ഉയർന്നു പോകുന്നത് ഹിന്ദുസ്ഥാൻ കോപ്പർ ഓഹരിയെ നാലു ശതമാനം കുതിക്കാൻ സഹായിച്ചു.
ഫാർമ കമ്പനി വൊക്കാർട്ട് ഇന്ന് ഏഴു ശതമാനം ഉയർന്നു. ട്രംപ് പ്രഖ്യാപിച്ച 100 ശതമാനം തീരുവയിൽ വൊക്കാർട്ടിന് ഒഴിവു കിട്ടും എന്ന പ്രതീക്ഷയിലാണ് കയറ്റം.
പൊതുമേഖലാ സ്ഥാപനമായ പവർ ട്രേഡിംഗ് കോർപറേഷൻ പ്രൊമോട്ട് ചെയ്ത പിടിസി ഇന്ത്യ ഫിനാൻഷ്യൽ സർവീസസ് കമ്പനിയിലെ മൂന്നു സ്വതന്ത്ര ഡയറക്ടർമാർ ഒന്നിച്ചു രാജി വച്ചു. കമ്പനിയുടെ ഭരണത്തിൽ പാകപ്പിഴകൾ ഉണ്ടെന്ന സൂചനയാണ് ഇതു നൽകുന്നത്.
രൂപ ഇന്ന് നേട്ടത്തോടെ വ്യാപാരം തുടങ്ങി. ഡോളർ ആറു പൈസ താഴ്ന്ന് 88.66 രൂപയിൽ ഓപ്പൺ ചെയ്തു. പിന്നീട് 88.72 രൂപയായി.
സ്വർണം ലോകവിപണിയിൽ മുന്നേറ്റം തുടരുകയാണ്. വില ഔൺസിന് 3800.30 ഡോളർ വരെ എത്തി റെക്കോർഡ് കുറിച്ചു. പിന്നീട് 3795 ഡോളറിലേക്കു താഴ്ന്നു. കേരളത്തിൽ 22 കാരറ്റ് സ്വർണം പവന് 680 രൂപ കൂടി 85,360 രൂപ എന്ന റെക്കോർഡിൽ എത്തി.
വെള്ളിവില രാജ്യാന്തര വിപണിയിൽ ഔൺസിന് 48.65 ഡോളർ വരെ ഉയർന്നു.
ക്രൂഡ് ഓയിൽ വില രാവിലെ താഴ്ന്നിട്ട് അൽപം തിരിച്ചു കയറി. ബ്രെൻ്റ് ഇനം ക്രൂഡ് വീപ്പയ്ക്ക് 69.79 ഡോളറിൽ എത്തി.
Stock market midday update on 29 September 2025.
Read DhanamOnline in English
Subscribe to Dhanam Magazine