അമേരിക്കൻ പ്രസിഡൻ്റ് ഡോണൾഡ് ട്രംപ് തീരുവ യുദ്ധത്തെ പുതിയ തലത്തിലേക്കു കയറ്റി. ഇന്ത്യക്ക് 26 ശതമാനം അടക്കം വിവിധ ലോകരാജ്യങ്ങൾക്ക് 'പകരത്തിനു പകരം' തീരുവ ചുമത്തി. ഔഷധങ്ങൾക്കു മാത്രമാണ് ഒഴിവ്. ആഗോള വളർച്ചയിൽ ഒരു ശതമാനം ഇടിവ് വരുത്തുന്ന പുതിയ ചുങ്കം ഇന്ത്യയുടെ ജിഡിപി വളർച്ചയെ ഗണ്യമായി കുറയ്ക്കും എന്നാണ് ആശങ്ക. വളർച്ച കുറയും എന്ന ധാരണയിൽ ക്രൂഡ് ഓയിൽ വില മൂന്നു ശതമാനം താഴ്ന്നു.
ഏഷ്യൻ രാജ്യങ്ങളിൽ വിപണികൾ മൂന്നു ശതമാനം വരെ ഇടിഞ്ഞു. പക്ഷേ വലിയ ആശങ്കയ്ക്കു കാര്യമില്ല എന്ന മട്ടിലാണ് ഇന്ത്യൻ ഓഹരി വിപണി ഇന്നു നീങ്ങുന്നത്. രാവിലെ ഒരു ശതമാനം ഇടിഞ്ഞ വിപണി പിന്നീടു നഷ്ടം 0.3 ശതമാനമായി കുറച്ചു.
ഔഷധങ്ങൾക്ക് 'പകരത്തിനു പകരം' തീരുവ ചുമത്താത്തതിനാൽ ആ മേഖല ഇന്നു നല്ല നേട്ടം ഉണ്ടാക്കി. നിഫ്റ്റി ഫാർമ സൂചിക അഞ്ചു ശതമാനം കയറി. സൺ ഫാർമ, അരബിന്ദോ ഫാർമ, ഗ്ലാൻഡ് ഫാർമ, ലൂപിൻ, സൈഡസ് ലൈഫ്, ഡോ. റെഡ്ഡീസ്, ഡിവിസ് ലാബ്, നാറ്റ്കോ, ബയോകോൺ തുടങ്ങിയവ നാലു ശതമാനത്തിലധികം ഉയർന്നു.
ഐടി മേഖല വീണ്ടും താഴ്ചയിലായി. നിഫ്റ്റി ഐടി സൂചിക മൂന്നു ശതമാനത്തോളം ഇടിഞ്ഞു. പെർസിസ്റ്റൻ്റ്, കോഫോർജ്, എംഫിസിസ് തുടങ്ങിയവ കൂടുതൽ നഷ്ടത്തിലായി. മാറിയ സാഹചര്യത്തിൽ അമേരിക്കൻ കമ്പനികൾ ഐടി ചെലവ് വെട്ടിക്കുറയ്ക്കും എന്നാണു ഭീതി. പ്രധാന ഇന്ത്യൻ ഐടി കമ്പനികളുടെ വരുമാനത്തിൽ 50 ശതമാനവും അമേരിക്കയിൽ നിന്നാണ്.
നാലാം പാദത്തിൽ വിറ്റുവരവ് വളർച്ച കുറവാണെന്നു പറഞ്ഞ ഡാബർ ഓഹരി എട്ടു ശതമാനം ഇടിഞ്ഞു.
രൂപ ഇന്നും താഴ്ന്നാണു വ്യാപാരം തുടങ്ങിയത്. ഡോളർ 23 പൈസ കയറി 85.73 രൂപയിൽ ഓപ്പൺ ചെയ്തു. പിന്നീട് 83.76 വരെ കയറിയിട്ട് 83.65 രൂപയിലേക്കു താഴ്ന്നു.
സ്വർണം ലോക വിപണിയിൽ ഔൺസിന് 3148 ഡോളറിൽ ആണ്. കേരളത്തിൽ ആഭരണ സ്വർണം പവന് 400 രൂപ കൂടി 68,480 രൂപ എന്ന റെക്കോർഡ് കുറിച്ചു.
ക്രൂഡ് ഓയിൽ വില താഴ്ന്നു നിൽക്കുന്നു. ബ്രെൻ്റ് ഇനം ക്രൂഡ് ബാരലിന് 73.31 ഡോളർ ആയി.
Read DhanamOnline in English
Subscribe to Dhanam Magazine