ഇന്ത്യ- അമേരിക്ക വ്യാപാരകരാർ വിപണിയെ ആവേശത്തിലാക്കി. റെക്കോർഡ് മുന്നേറ്റത്തോടെ വ്യാപാരം തുടങ്ങിയ വിപണിയിൽ ലാഭമെടുക്കൽ മൂലം നേട്ടം അല്പം കുറഞ്ഞു. എല്ലാ വ്യവസായ മേഖലകളും എല്ലാ ഇനം ഓഹരികളും നല്ല കയറ്റത്തിലായി.
രൂപ ഒന്നേകാൽ ശതമാനത്തിലധികം ഉയർന്നു.
വ്യാപാരകരാർ ഇന്ത്യ-യുഎസ് ബന്ധത്തിലെ ഉലച്ചിൽ മാറ്റിയതിനെ തുടർന്ന് വിദേശനിക്ഷേപകർ ഇന്ത്യയിലേക്കു മടങ്ങിവരും എന്നു വിപണി കരുതുന്നു. അത് ഓഹരികളെ കയറ്റും.
ഇനി കയറ്റുമതി ഗണ്യമായി വളരുമെന്നും അതു ജിഡിപി വളർച്ചയെ എട്ടു ശതമാനത്തിനു മുകളിൽ എത്തിക്കുമെന്നും നിരീക്ഷകർ കരുതുന്നു. വളർച്ച കൂടുമെന്ന പ്രതീക്ഷ ഓഹരികളെ ഗണ്യമായി ഉയർത്തും.
സെൻസെക്സ് 3600 ലധികം പോയിൻ്റ് ഉയർന്ന് 85,323 ൽ ഓപ്പൺ ചെയ്തു. പിന്നീട് 85,871.13 വരെ കയറിയിട്ട് താഴ്‌ന്നു. നിഫ്റ്റി 1220 പോയിൻ്റ് നേട്ടത്തോടെ 26,308.05 ലാണ് ഓപ്പൺ ചെയ്തത്. 26,341 വരെ കയറിയിട്ടു താഴ്‌ന്നു. രണ്ടു സൂചികകളും റെക്കോർഡ് നേട്ടമാണ് ഓപ്പണിംഗിൽ കുറിച്ചത്.
വസ്ത്രങ്ങൾ, സമുദ്രോൽപന്നങ്ങൾ, രത്നങ്ങൾ, ആഭരണങ്ങൾ, രാസവസ്തുക്കൾ, വാഹന ഘടകങ്ങൾ, ഔഷധങ്ങൾ തുടങ്ങിയവ അമേരിക്കയിലേക്കു കയറ്റുമതി ചെയ്യുന്ന കമ്പനികളുടെ ഓഹരികൾ വമ്പൻ മുന്നേറ്റമാണ് ഇന്നു രാവിലെ നടത്തിയത്.
കിറ്റെക്സ് ഗാർമെൻ്റ്സ്, കെപിആർമിൽസ്, ഗോകൽദാസ്, പ്രീകോട്ട് മിൽസ്, വർധമാൻ, വെൽസ്പൺ, ട്രൈഡൻ്റ്, ഹിമത് സിംഗ്ക സൈഡ്, ആദിത്യ ബിർല ലൈഫ് സ്റ്റൈൽ, ഗോൾഡിയാം, അവന്തി ഫീഡ്സ്, അപെക്സ് ഫ്രോസൺ, വാട്ടർ ബേസ്, ഇൻഡോ കൗണ്ട്, അവലോൺ ടെക്നോളജീസ് തുടങ്ങിയവ 20 ശതമാനം ഉയർന്ന് അപ്പർ സർകീട്ടിൽ എത്തി. ഭാരത് ഫോർജ്, സോനാ ബി എൽ ഡബ്ള്യു, ഓർബിറ്റ് എക്സ്പോർട്സ്, വാരീ എനർജീസ്, പ്രീമിയർ എനർജീസ്, സംഗം ഇന്ത്യ തുടങ്ങി കയറ്റുമതി രംഗത്തെ കമ്പനികളും വലിയ നേട്ടത്തിലായി.
അദാനി എൻ്റർപ്രൈസസ്, അദാനി എനർജി, അദാനി ഗ്രീൻ, അദാനി പോർട്‌സ് തുടങ്ങിയവയും ഇന്നു കുതിച്ചുയർന്നു. റിലയൻസ് ഓഹരി നാലു ശതമാനത്തിലധികവും ജിയോ ഫിനാൻഷ്യൽ എട്ടു ശതമാനവും നേട്ടം ഉണ്ടാക്കി.
മാർക്സൺസ് , ഇൻഡോകോ റെമെഡീസ് തുടങ്ങിയ ഔഷധ കമ്പനികളും പിസിബിഎൽ, ആരതി ഇൻഡസ്ട്രീസ് തുടങ്ങിയ കെമിക്കൽ കമ്പനികളും 10 ശതമാനത്തിലധികം കുതിച്ചു.
രൂപ ഇന്ന് വലിയ നേട്ടത്തോടെ വ്യാപാരം തുടങ്ങി.1.2 ശതമാനം കുതിപ്പിലാണു രൂപ ഓപ്പൺ ചെയ്തത്. ഇത്ര വലിയ ഏകദിന കയറ്റം മുമ്പ് ഉണ്ടായിട്ടില്ല. ഇന്നലെ 91.51 രൂപയിലായിരുന്ന ഡോളർ രാവിലെ 90.40 രൂപയായി താഴ്ന്നു. 90.47 രൂപയിലേക്കു കയറിയ ശേഷം ഡോളർ 90.27 രൂപയിലേക്കു താഴ്‌ന്നു.
സ്വർണം ലോക വിപണിയിൽ ഔൺസിന് 4825 ഡോളറിലാണ്. ഏഷ്യൻ വ്യാപാരത്തിൽ 4840 വരെ കയറിയിട്ട് കുറേ താഴ്‌ന്ന ശേഷം വില വീണ്ടും കയറുകയാണ്. കേരളത്തിൽ 22 കാരറ്റ് സ്വർണം പവന് രൂപ കയറി രൂപയിൽ എത്തി.
എംസിഎക്സിൽ 24 കാരറ്റ് സ്വർണം 10 ഗ്രാമിന് 1,49,485 രൂപ വരെ കയറി.
വെള്ളി ലോകവിപണിയിൽ ഔൺസിന് 84 ഡോളറിലാണ്. എംസിഎക്സിൽ വെള്ളി കിലോഗ്രാമിന് 2,57,480 രൂപ വരെ കയറി.
ക്രൂഡ് ഓയിൽ താഴുകയാണ്. ബ്രെൻ്റ് ഇനം ബാരലിന് 65.94 ഡോളറിലേക്കു താഴ്‌ന്നു.
Read DhanamOnline in English
Subscribe to Dhanam Magazine