Image courtesy: Canva
Markets

വിപണി ചാഞ്ചാട്ടം കഴിഞ്ഞു കയറുന്നു; മുന്നേറ്റവുമായി ബാങ്കിംഗ്, ഐടി ഓഹരികള്‍, ബിഎസ്ഇ ലിമിറ്റഡ് ഓഹരി ഇടിവില്‍

രൂപ ഇന്നു നേട്ടത്തോടെ വ്യാപാരം തുടങ്ങി. ഡോളർ മൂന്നു പൈസ കുറഞ്ഞ് 95.95 രൂപയിൽ ഓപ്പൺ ചെയ്തു

T C Mathew

വിപണി ഇന്നു രാവിലെ ചാഞ്ചാട്ടത്തിലായി. നിഫ്റ്റി രാവിലെ താഴ്‌ന്നു വ്യാപാരം തുടങ്ങിയിട്ട് കയറിയും ഇറങ്ങിയും നീങ്ങി. ആദ്യ മണിക്കൂറിൽ സൂചിക 22,659 നും 22,750 നും ഇടയിൽ ചാഞ്ചാടി. സെൻസെക്സ് താഴ്ന്നു തുടങ്ങിയിട്ടു നേട്ടത്തിൽ തന്നെ തുടർന്നു.

ബാങ്ക് നിഫ്റ്റി, മിഡ് ക്യാപ്, സ്മോൾ ക്യാപ് സൂചികകൾ മികച്ച നേട്ടം കുറിച്ചു.

നിഫ്റ്റി 50 സൂചികയിൽ ചേർക്കപ്പെട്ട ബിഎസ്ഇ ലിമിറ്റഡ് ഓഹരി മൂന്നു ശതമാനം ഇടിഞ്ഞു.

ബാങ്ക് മേഖല മുന്നേറ്റം കാണിച്ച ഇന്നു രാവിലെ എച്ച്ഡിഎഫ്സി ബാങ്ക് ഒന്നര ശതമാനം താഴ്ന്നു. ബാങ്ക് സിഇഒ സ്ഥാനത്തേക്കു നിർദേശിച്ച പേരുകളിൽ റിസർവ് ബാങ്കിൻ്റെ തീരുമാനം ഇനിയും അറിവായിട്ടില്ല.

ഐടി ഓഹരികൾ ഇന്നു നേട്ടത്തിലായി. ഇൻഫോസിസ് തുടക്കത്തിൽ ഒരു ശതമാനത്തിലധികം നഷ്‌ടം കാണിച്ചിട്ടു പിന്നീടു നേട്ടത്തിലേക്കു മാറി. ഫസ്റ്റ് സോഴ്സ് എട്ടും കോഫോർജ് 4.5 ഉം ശതമാനം കുതിച്ചു. ടിസിഎസ്, വിപ്രോ, ടെക് മഹീന്ദ്ര, മൈൻഡ് ട്രീ തുടങ്ങിയവ രണ്ടു ശതമാനത്തിലധികം കയറി.

റാബി വിളകളുടെ താങ്ങുവില വർധിപ്പിക്കും എന്ന റിപ്പോർട്ട് കെഎസ്ബി പമ്പ്‌സിനെ എട്ടു ശതമാനം കുതിപ്പിലക്കു നയിച്ചു.

പുതു തലമുറ പ്രതിരോധ കമ്പനികൾ ഇന്നു രാവിലെ കുതിച്ചു. സോളർ ഇൻഡസ്ട്രീസ്, ആക്സിസ്കേഡ്സ്, എംടാർ ടെക്, സിഗ്‌മാ അഡ്വാൻസ്ഡ്, യൂണിമെക് ഏറോസ്പേസ് തുടങ്ങിയവ അഞ്ചു ശതമാനത്തിലധികം മുന്നേറി. എന്നാൽ കൊച്ചിൻ ഷിപ് യാർഡ് താഴ്ചയിലാണ്.

ചികിത്സച്ചെലവ് നിയന്ത്രിക്കണം എന്നു സുപ്രീം കോടതി വീണ്ടും ആവശ്യപ്പെട്ടത് ആശുപത്രി ഓഹരികളെ താഴ്‌ത്തി. അപ്പോളോ ഹോസ്പിറ്റൽസ്, ഫോർട്ടിസ്, മാക്സ് ഹെൽത്ത്, ആസ്റ്റർ ഡിഎം തുടങ്ങിയവ നാലു മുതൽ എട്ടു വരെ ശതമാനം ഇടിഞ്ഞു.

ക്രൂഡ് ഓയിൽ വില താഴ്ന്നത് ഓയിൽ ഐഒസി, ബിപിസിഎൽ, എച്ച്പിസിഎൽ എന്നിവയെ മൂന്നു ശതമാനം വരെ ഉയർത്തി. ഇൻ്റർഗ്ലോബ് ഏവിയേഷൻ, സ്പൈസ് ജെറ്റ് എന്നിവയും പെയിൻ്റ് കമ്പനികളും ഉയർന്നു.

മോൾബയോ ഡയഗ്നോസ്‌റ്റിക്കിനു ജെഫറീസ് വാങ്ങൽ ശിപാർശ നൽകി. ലക്ഷ്യവില 1600 രൂപ. ഓഹരി എട്ടു ശതമാനം കുതിച്ചു.

കൊട്ടക് ഇൻസ്റ്റിറ്റ്യൂഷണൽ ഇക്വിറ്റീസ് മ്യൂച്വൽ ഫണ്ട് കമ്പനികളെ നിക്ഷേപയോഗ്യമായി വിലയിരുത്തി. എസ്ബിഐ ഫണ്ട്സ് മാനേജ്മെൻ്റിന് 600 രൂപയും എച്ച്ഡിഎഫ്സി എഎംസിക്ക് 2800 രൂപയും ലക്ഷ്യവില നിർണയിച്ചു. രണ്ട് ഓഹരികളും രണ്ടു ശതമാനം ഉയർന്നു.

കമ്പനിയുടെ 6.06 ശതമാനം ഓഹരി ബൾക്ക് ഇടപാടിൽ കൈമാറ്റം ചെയ്യപ്പെട്ടതിനെ തുടർന്ന് അവലോൺ ടെക്നോളജീസ് ഓഹരി അഞ്ചു ശതമാനം ഇടിഞ്ഞു.

രൂപ ഇന്നു നേട്ടത്തോടെ വ്യാപാരം തുടങ്ങി. ഡോളർ മൂന്നു പൈസ കുറഞ്ഞ് 95.95 രൂപയിൽ ഓപ്പൺ ചെയ്തു. 95.92 രൂപ വരെ താഴ്ന്ന ശേഷം 95.97 രൂപയിലേക്കു കയറി.

ലോക വിപണിയിൽ സ്വർണം 0.50 ശതമാനം ഉയർന്ന് ഔൺസിന് 4132 ഡോളറിൽ എത്തി. കേരളത്തിൽ 22 കാരറ്റ് സ്വർണം പവന് 560 രൂപ വർധിച്ച് 1,09,680 രൂപയായി.

ക്രൂഡ് ഓയിൽ വില രാവിലത്തെ ഉയരത്തിൽ നിന്നു താഴ്ന്നു. ബ്രെൻ്റ് ഇനം 103.68 ഡോളറിലും ഡബ്ള്യുടിഐ ഇനം 89.64 ഡോളറിലും എത്തി.

Read DhanamOnline in English

Subscribe to Dhanam Magazine

SCROLL FOR NEXT