Image courtesy: Canva
Markets

പലിശ, ക്രൂഡ് വില: വിപണി ഇടിയുന്നു; ഐടി, മെറ്റൽ, റിയൽറ്റി ഓഹരികള്‍ നഷ്ടത്തില്‍

രൂപ ഇന്നു ഗണ്യമായ നഷ്ടത്തോടെ വ്യാപാരം തുടങ്ങി. ഡോളർ 11 പൈസ കൂടി 95.49 രൂപയിൽ ഓപ്പൺ ചെയ്തു

T C Mathew

ക്രൂഡ് വിലക്കയറ്റവും പലിശഭീഷണിയും ഓഹരികളെ വീണ്ടും താഴ്‌ത്തി. 60 പോയിൻ്റ് താഴ്ന്നു വ്യാപാരം തുടങ്ങിയ നിഫ്റ്റി 24,013 വരെ ഇടിഞ്ഞു. സെൻസെക്‌സ് 76,842 വരെ താഴ്ന്നു.

മുഖ്യ സൂചികകൾ 0.60 ശതമാനം വരെ താഴ്ന്നപ്പോൾ മിഡ് ക്യാപ്, സ്മോൾ ക്യാപ് സൂചികകൾ ഒരു ശതമാനം ഇടിഞ്ഞു.

ഐടി, മെറ്റൽ, റിയൽറ്റി, മീഡിയ, ഫാർമ, ഹെൽത്ത്, കൺസ്യൂമർ ഡ്യുറബിൾസ്, ഓയിൽ മേഖലകൾ വലിയ നഷ്‌ടത്തിലായി.

വിദേശ ബ്രോക്കറേജുകൾ എച്ച്ഡിഎഫ്സി ബാങ്കിന് ഓവർ വെയിറ്റ് റേറ്റിംഗ് നൽകി.ജെപി മോർഗൻ 990 രൂപയും മോർഗൻ സ്റ്റാൻലി 1025 രൂപയുമാണ് ബാങ്കിനു ലക്ഷ്യവില നിർണയിച്ചിരിക്കുന്നത്. ബാങ്ക് ഓഹരി 2.5 ശതമാനം വരെ ഉയർന്നു. ബാങ്കിൻ്റെ കാര്യത്തിലെ കുറേ അനിശ്ചിതത്വങ്ങൾ മാറുന്നതാണ് ഓഹരിയെ ഉയർത്തിയത്. ഭരണപരമായ വിഷയങ്ങളിലെ വീഴ്ചയ്ക്കു പരിഹാരം ഉണ്ടാകുമെന്നും പ്രതീക്ഷയുണ്ട്.

സ്വർണത്തിൻ്റെ ഇടിവ് സ്വർണ ഇടിഎഫുകളെ അഞ്ചു ശതമാനം വരെ താഴ്‌ത്തി. വെള്ളി ഇടിഎഫുകൾ നാലു ശതമാനം താഴ്ചയിലായി. സ്വർണപ്പണയ കമ്പനികളുടെ ഓഹരികൾ ഇടിഞ്ഞു. മുത്തൂറ്റും മണപ്പുറവും ഐഐഎഫ്എലും കപ്രി ഗ്ലോബലും മൂന്നു ശതമാനം താഴ്ന്നു.

ക്രൂഡ് ഓയിൽ വിലക്കയറ്റം ഓയിൽ മാർക്കറ്റിംഗ് കമ്പനികളെ മൂന്നു ശതമാനം വരെ താഴ്ത്തി.

നൊമുറ ലെൻസ് കാർട്ടിനും ക്ലീൻ മാക്‌സിനും വാങ്ങൽ ശിപാർശ നൽകി. ലെൻസ് കാർട്ടിന് 888 രൂപയും ക്ലീൻ മാക്സിന് 1510 രൂപയും ലക്ഷ്യവില നിർണയിച്ചു.

ടിവിഎസ് മോട്ടോർ ഓഹരിക്കു 4925 രൂപ ലക്ഷ്യവില നിർണയിച്ച യുബിഎസ് വാങ്ങാനും ശിപാർശ നൽകി.

റെയിൽ വികാസ് നിഗമിൽ നിന്ന് 602 കോടി രൂപയുടെ കരാർ ലഭിച്ച അശോക ബിൽഡ് കോൺ ഓഹരി രാവിലെ 12.5 ശതമാനം കുതിച്ചു.

കൈഗ ആണവനിലയത്തിനു രണ്ടു ജനറേറ്റർ- ട്രാൻസ്ഫോമർ യൂണിറ്റുകൾ നിർമിച്ചു നൽകാനുള്ള കരാർ ലഭിച്ച ട്രാൻസ്ഫോമേഴ്സ് ആൻഡ് റെക്റ്റിഫയേഴ്സ് ലിമിറ്റഡിനു ലഭിച്ചു. ഓഹരി അഞ്ചു ശതമാനം ഉയർന്നു.

റിലയൻസിൻ്റെ ജിയോ പ്ലാറ്റ് ഫോംസിന് ഐപിഒ നടത്താൻ സാഹചര്യമൊരുങ്ങി. സെബി പ്രോസ്പെക്ടസിന് അംഗീകാരം നൽകി. 37,000 ൽ പരം കോടി രൂപയുടേതാകും ഇഷ്യു. ഇന്ത്യയിലെ ഏറ്റവും വലിയ ഇഷ്യു ജിയോ പ്ലാറ്റ്ഫോംസിനു 11.5 ലക്ഷം രൂപ മൂല്യം കണക്കാക്കുന്നു.

സീ എൻ്റർടെയ്ൻമെൻ്റ് ഓഹരി എട്ടു ശതമാനം ഇടിഞ്ഞു. സീ പ്രൊമോട്ടർ സുഭാഷ് ചന്ദ്ര 22,006 കോടി ബാധ്യത വെറും ആറരക്കോടി രൂപയിൽ തീർക്കാൻ കമ്പനിനിയമ ട്രൈബ്യൂണലിൽ നിന്നു വിധി നേടിയതു വലിയ വിവാദമായ സാഹചര്യത്തിലാണിത്.

സിഎൻജി വില 3.5 ശതമാനം ഉയർത്തിയ സാഹചര്യത്തിൽ ഇന്ദ്രപ്രസ്ഥ ഗ്യാസ് ഓഹരി മൂന്നു ശതമാനം ഉയർന്നു.

രൂപ ഇന്നു ഗണ്യമായ നഷ്ടത്തോടെ വ്യാപാരം തുടങ്ങി. ഡോളർ 11 പൈസ കൂടി 95.49 രൂപയിൽ ഓപ്പൺ ചെയ്തു. ഡോളർ പിന്നീടു 95.42 രൂപയായി താഴ്ന്നു.

സ്വർണം ലോകവിപണിയിൽ ഔൺസിന് 4420 ഡോളറിലേക്കു താഴ്ന്നു. പലിശ കൂടും എന്ന നിഗമനമാണു കാരണം. കേരളത്തിൽ 22 കാരറ്റ് സ്വർണം പവന് 1080 രൂപ കുറഞ്ഞ് 1,14,960 രൂപയായി.

ക്രൂഡ് ഓയിൽ വില 90 ഡോളറിനു മുകളിൽ നിൽക്കുന്നു. ബ്രെൻ്റ് ഇനം 90.19 ഡോളറിലും ഡബ്ള്യുടിഐ ഇനം 85.11 ഡോളറിലും എത്തി.

Read DhanamOnline in English

Subscribe to Dhanam Magazine

SCROLL FOR NEXT