ചെറിയ നേട്ടത്തിൽ വ്യാപാരം തുടങ്ങിയ വിപണി മികച്ച നേട്ടത്തിലേക്കു കയറി. പിന്നീടു പെട്ടെന്നു താഴ്ന്നു നഷ്ടത്തിലായെങ്കിലും വേഗം തന്നെ തിരിച്ചു കയറി.
24,554 വരെ താഴുകയും 24,670 വരെ ഉയരുകയും ചെയ്ത നിഫ്റ്റി വ്യാപാരം ഒരു മണിക്കൂർ പിന്നിട്ടപ്പോൾ 0.33 ശതമാനം ഉയർന്നു നീങ്ങുന്നു. സെൻസെക്സ് 80,500 നും 80,903 നുമിടയിൽ ഇറങ്ങിക്കയറിയ ശേഷം 80,750 നു മുകളിലേക്കു കയറി.
ബാങ്ക് നിഫ്റ്റി തുടക്കത്തിൽ താഴുകയും പിന്നെ ഉയരുകയും ചെയ്തിട്ട് നഷ്ടത്തിലേക്കു മാറി.
മിഡ് ക്യാപ്, സ്മോൾ ക്യാപ് ഓഹരികൾ തുടക്കത്തിൽ ദുർബലമായിരുന്നെങ്കിലും പിന്നീടു നല്ല കയറ്റത്തിലായി.
ഒന്നാം പാദ റിസൽട്ട് ദുർബലമാകുകയും അറ്റാദായം 15 ശതമാനം കുറയുകയും ചെയ്തതിനെ തുടർന്ന് ഫെഡറൽ ബാങ്ക് ഓഹരി ആദ്യം അഞ്ചു ശതമാനം താഴ്ന്നു. പിന്നീടു നഷ്ടം ഒരു ശതമാനത്തിനു സമീപമാക്കി. ബാങ്കിൻ്റെ നിഷ്ക്രിയ ആസ്തി രണ്ടു ശതമാനം കൂടി. കാർഷികവായ്പകളും മൈക്രോ ഫിനാൻസും ആണു പ്രശ്നമായത്. കടം തിരിച്ചടവിലെ മോശം കാലം മാറിയെന്നും രണ്ടാം പാദത്തിൽ നില മെച്ചപ്പെട്ടു എന്നും മാനേജ്മെൻ്റ് വിശദീകരിച്ചു. മോട്ടിലാൽ ഓസ്വാൾ, സിഎൽഎസ്എ, നുവാമ തുടങ്ങിയവ ഓഹരിക്കു വാങ്ങൽ ശിപാർശ നൽകി. ചില ബ്രോക്കറേജുകൾ ലക്ഷ്യവില താഴ്ത്തി. രണ്ടാം പാദത്തിലും പലിശവരുമാനമാർജിൻ കുറയാം എന്നു മാനേജ്മെൻ്റ് സൂചിപ്പിച്ചു.
ഐടിസി വിറ്റുവരവ് ഗണ്യമായി വർധിച്ചെങ്കിലും ലാഭമാർജിൻ സമ്മർദത്തിലായി. വിറ്റുവരവ് 20.6 ശതമാനം ഉയർന്നപ്പോൾ പ്രവർത്തന ലാഭം 2.9 ശതമാനമേ കൂടിയുള്ളൂ. അറ്റാദായം കാര്യമായി വർധിച്ചില്ല. ഓഹരി ഒരു ശതമാനം ഉയർന്നു.
ടാറ്റാ പവറിൻ്റെ വരുമാനം 4.6 ശതമാനം വർധിച്ചപ്പോൾ അറ്റാദായം 6.2 ശതമാനം ഉയർന്നു. ഓഹരി മൂന്നു ശതമാനത്തോാളം താഴ്ന്നു. ഊർജ ആവശ്യം ഗണ്യമായി വർധിക്കുന്നില്ല എന്നു കമ്പനി വിലയിരുത്തി.
എൽഐസി ഹൗസിംഗ് ഫിനാൻസിൻ്റെ വരുമാനം എഴു ശതമാനവും അറ്റ പലിശ വരുമാനം നാലു ശതമാനവും വർധിച്ചപ്പോൾ അറ്റാദായം 4.4 ശതമാനം ഉയർന്നു. ഓഹരി രണ്ടര ശതമാനം കയറി.
ഡെൽഹിവെറി ഒന്നാം പാദ അറ്റാദായം 68 ശതമാനം വർധിപ്പിച്ചതിനെ തുടർന്ന് ഓഹരി അഞ്ചു ശതമാനം കുതിച്ചു. മോട്ടിലാൽ ഓസ്വാൾ ഓഹരിയുടെ ലക്ഷ്യവില 500 രൂപയായി ഉയർത്തി.
ജൂലൈയിലെ വാഹന വിൽപന 21 ശതമാനം വർധിപ്പിച്ച ഹീറോ മോട്ടോകോർപ് ഓഹരി മൂന്നു ശതമാനം കയറി.
രൂപ ഇന്നു ദുർബലമായി. ഡോളർ 17 പൈസ ഉയർന്ന് 87.21 രൂപയിൽ വ്യാപാരം തുടങ്ങി. പിന്നീട് 87.35 രൂപയിലേക്കു കയറി.
സ്വർണം ലോകവിപണിയിൽ ഔൺസിന് 3358 ഡോളറിലാണ്.
ക്രൂഡ് ഓയിൽ വില താഴ്ന്നു. ബ്രെൻ്റ് ഇനം ബാരലിന് 69. 39 ഡോളറിൽ എത്തി.
Stock market midday update on 4 august 2025.
Read DhanamOnline in English
Subscribe to Dhanam Magazine