വിപണി ചെറിയ താഴ്ചയിൽ വ്യാപാരം തുടങ്ങിയ ശേഷം ചാഞ്ചാട്ടത്തിലായി. നിഫ്റ്റി 25,938 നും 26,058 നും ഇടയിൽ കയറിയിറങ്ങിയപ്പാേൾ സെൻസെക്സ് 84,949 നും 85,345 നുമിടയിൽ നീങ്ങി. ബാങ്ക് നിഫ്റ്റിയും ചാഞ്ചാടി. ഡോളർ രാവിലെ 90.42 രൂപ വരെ കയറിയിട്ട് അൽപം താഴ്ന്നു.
മിഡ് ക്യാപ്, സ്മോൾ ക്യാപ് സൂചികകൾ നേട്ടത്തിലായി. മീഡിയ, ഫാർമ, റിയൽറ്റി, ഹെൽത്ത് കെയർ, കൺസ്യൂമർ ഡ്യുറബിൾസ് എന്നിവ ഒഴികെ മേഖലാ സൂചികകൾ ഉയർന്നു.
പാപ്പർ കേസിൽ വാങ്ങിയ ദൂഷണ പവർ ആൻഡ് സ്റ്റീലിൽ 50 ശതമാനം ഓഹരി ജപ്പാൻ്റെ ജെഎഫ്ഇ സ്റ്റീലിനു നൽകിയ ജെഎസ്ഡബ്ല്യു സ്റ്റീലിൻ്റെ ഓഹരി രണ്ടു ശതമാനം വരെ ഉയർന്നു. ജെഎസ്ഡബ്ല്യുവിൻ്റെ കടബാധ്യതയിൽ വലിയ കുറവ് വരുത്തുന്നതാണ് ഇടപാട്.
പ്രകൃതിവാതകം, പ്രൊപെയ്ൻ എന്നിവയുടെ അന്താരാഷ്ട്ര വില ഉയരുകയാണ്. വാതക വിലയിലെ കയറ്റം ഗെയിലിനും നഗരവാതക കമ്പനികൾക്കും (ഗുജറാത്ത് ഗ്യാസ്, ഐജിഎൽ, എംജിഎൽ) നഷ്ടം വരുത്തും.
കഴിഞ്ഞ ദിവസങ്ങളിൽ വലിയ മുന്നേറ്റം നടത്തിയ സ്പാർക് (സൺഫാർമ അഡ്വാൻസ്ഡ് റിസർച്ച് കമ്പനി) ഓഹരി രാവിലെ അഞ്ചു ശതമാനം വരെ ഉയർന്നു. രണ്ടു ദിവസം കൊണ്ട് 135 രൂപയിൽ നിന്നു 176 രൂപയിലേക്കു കുതിച്ച ഓഹരി ഇന്നലെ 151 രൂപയിലേക്കു താഴ്ന്നിരുന്നു.
475 കോടി രൂപയുടെ മലിനജലം നീക്കം ചെയ്യൽ കരാർ ബെംഗലൂരു സോളിഡ് വേസ്റ്റ് മാനേജ്മെൻ്റ് അഥോറിറ്റിയിൽ നിന്നു ലഭിച്ച മുക്കാ പ്രോട്ടീൻസ് ഓഹരി 16 ശതമാനം കുതിച്ചു.
വിമാന സർവീസുകളുടെ കാൻസലേഷൻ തുടരുന്നത് ഇൻ്റർ ഗ്ലോബ് ഏവിയേഷൻ (ഇൻഡിഗോ) ഓഹരിയെ രണ്ടു ശതമാനം താഴ്ത്തി.
രൂപയുടെ ഇടിവ് തുടരുന്നത് ഐടി കമ്പനികളെ ഉയർത്തി. പെർസിസ്റ്റൻ്റ്, കോഫോർജ്, ടിസിഎസ്, എംഫസിസ്, വിപ്രോ തുടങ്ങിയവ ഒന്നര ശതമാനത്തിലധികം കയറി.
ഈതെയ്ൻ കൈകാര്യം ചെയ്യാൻ ഒഎൻജിസിയുമായി 15 വർഷ കരാർ ഉണ്ടാക്കിയ പെട്രോനെറ്റ് എൽഎൻജി നാലു ശതമാനത്തോളം ഉയർന്നു.
വ്യാവസായിക ലോഹങ്ങൾ ലോകവിപണിയിൽ കയറ്റത്തിലാണ്. ചെമ്പ് ടണ്ണിന് 11,400 ഡോളർ വിലയിൽ എത്തി. 2013 നു ശേഷമുള്ള റെക്കോർഡ് വിലയാണിത്. സ്റ്റീലും ഉയർന്നു. ഹിന്ദുസ്ഥാൻ കോപ്പർ അടക്കം മെറ്റൽ ഓഹരികൾ ഇന്നു നല്ല മുന്നേറ്റത്തിലാണ്.
രൂപ ഇന്നു രാവിലെ കൂടുതൽ താഴ്ചയിലായി. ഡോളർ 21 പൈസ കയറി 90.41 രൂപയിൽ ഓപ്പൺ ചെയ്തു. 90.42 ൽ എത്തിയ ശേഷം ഡോളർ 90.25 രൂപയിലേക്കു താഴ്ന്നു. റിസർവ് ബാങ്ക് വിപണിയിൽ കാര്യമായി ഇടപെടുകയില്ലെന്ന ധാരണയിലായിരുന്നു വിപണി. എന്നാൽ ഇന്നു രാവിലെ പൊതുമേഖലാ ബാങ്കുകൾ വഴി റിസർവ് ബാങ്ക് ഡോളർ വിപണിയിൽ ഇറക്കി. ഇപ്പോൾ താഴുന്ന രൂപ അടുത്ത വർഷം ഉയരുമെന്നാണു മുഖ്യ സാമ്പത്തിക ഉപദേഷ്ടാവ് വി. അനന്ത നാഗേശ്വരൻ പറയുന്നത്. ഇന്നലെ 98.85 ൽ ക്ലോസ് ചെയ്ത ഡോളർ സൂചിക രാവിലെ 99.03 ലേക്കു കയറി.
സ്വർണം ഇന്ന് ഇടിവിലാണ്. ലോക വിപണിയിൽ സ്വർണം ഔൺസിന് 4191 ഡോളറിലേക്കു താഴ്ന്നു. പിന്നെ 4195 ഡോളർ ആയി. കേരളത്തിൽ 22 കാരറ്റ് സ്വർണം പവന് 160 രൂപ കുറഞ്ഞ് 95,600 രൂപയിൽ എത്തി.
ക്രൂഡ് ഓയിൽ ചെറിയ തോതിൽ കയറുകയാണ്. ബ്രെൻ്റ് ഇനം ക്രൂഡ് വീപ്പയ്ക്ക് 62.95 ഡോളറിലേക്ക് ഉയർന്നു.
Stock market midday update on 4 december 2025.
Read DhanamOnline in English
Subscribe to Dhanam Magazine