തുടക്കത്തിൽ താഴ്ന്ന വിപണി പിന്നീടു നഷ്ടത്തിൽ നിന്നു നേട്ടത്തിലേക്കു മാറി. ആദ്യമണിക്കൂറിൽ സെൻസെക്സ് 83,119 നും 83,886 നും ഇടയിലും നിഫ്റ്റി 25,565 നും 25,802 നും ഇടയിൽ കയറിയിറങ്ങി. പിന്നീടു ചാഞ്ചാട്ടമായി.
ഐടിയും റിയൽറ്റിയും ഒഴികെ എല്ലാ മേഖലകളും രാവിലെ കയറ്റത്തിലാണ്.
ഹിന്ദുസ്ഥാൻ ഏറോനോട്ടിക്സിനെ തഴഞ്ഞ് യുദ്ധവിമാന നിർമാണ കരാറിന് സ്വകാര്യ മേഖലയെ പരിഗണിക്കുന്നതായ റിപ്പോർട്ട് എച്ച്എഎൽ ഓഹരിയെ ആറു ശതമാനം താഴ്‌ത്തി.
വ്യാപാര ഉടമ്പടിയുടെ പേരിൽ ഇന്നലെ 20 ശതമാനം കുതിച്ച കിറ്റെക്സ് ഗാർമെൻ്റ്സ് ഇന്നു രാവിലെ 14 ശതമാനം ഉയർന്നു. ഗോകൽദാസ് എക്സ്പോർട്സ് 20 ശതമാനം കയറി. പോൾ ഗ്ലോബൽ, ഇൻഡോ കൗണ്ട്, അരവിന്ദ് തുടങ്ങിയവയും നല്ല നേട്ടം ഉണ്ടാക്കി.
കമ്പനിയുടെ ചെമ്പ് ഉൽപാദനം 20,000 ടണ്ണിലേക്കു വർധിക്കും എന്ന റിപ്പോർട്ടിൽ ലോയ്‌ഡ്‌സ് മെറ്റൽ ഓഹരി 10 ശതമാനത്തോളം കുതിച്ചു. ഡെമോക്രാറ്റിക് റിപ്പബ്ലിക് ഓഫ് കോംഗോയിൽ 16 ചെമ്പു ഖനികൾ ഉള്ള ഒരു ദുബായി കമ്പനിയിൽ ലോയ്ഡ്‌സ് 50 ശതമാനം ഓഹരി എടുത്തിട്ടുണ്ട്.
ആന്ത്രോപിക് എഐ (നിർമിത ബുദ്ധി കമ്പനി നിയമപരമായ സേവനങ്ങൾ മുഴുവൻ നടത്താൻ കഴിയുന്ന സോഫ്റ്റ്‌വേർ) ആപ്ലിക്കേഷൻ വിപണിയിൽ ഇറക്കി. നിയമോപദേശം, കരാറുകളുടെ പരിശോധന, മുൻകാലവിധികൾ വിലയിരുത്തൽ, കേസ് പഠനം, വാദമുഖങ്ങൾ തയാറാക്കൽ തുടങ്ങിയ സാധാരണ നിയമസേവനങ്ങൾ എല്ലാം മനുഷ്യസേവനം ഇല്ലാതെ ചെയ്യാൻ ഈ നിർമിതബുദ്ധി സോഫ്റ്റ്‌വേറിനു കഴിയും.
അമേരിക്കയിൽ ഇന്നലെ നിരവധി ലീഗൽ സോഫ്റ്റ്‌വേർ, ലീഗൽ ഡാറ്റാ സർവീസ് കമ്പനികളുടെ ഓഹരികൾ 10 ശതമാനം വരെ ഇടിഞ്ഞു.
ഇന്ത്യയിലെ ഐടി സേവന കമ്പനികളും ലീഗൽ സേവനങ്ങൾ ഒരു പ്രധാന ബിസിനസ് മേഖലയായി കാണുന്നുണ്ട്. ഇനി ഈ എഐ സോഫ്റ്റ്‌വേർ മാത്രം മതിയാകും എന്ന ഭീഷണിയാണു വന്നിരിക്കുന്നത്.
അതാണ് ഇന്നലെ ന്യൂയോർക്കിൽ ഇന്ത്യൻ ഐടി കമ്പനികളുടെ എഡിആറുകളെ ഇടിച്ചു വീഴ്ത്തിയത്.
ഇന്ന് ടിസിഎസ്, ഇൻഫോസിസ്, വിപ്രോ, എച്ച്സിഎൽ, കോഫോർജ്, പെർസിസ്റ്റൻ്റ് തുടങ്ങി ഐടി സൂചികയിലെ എല്ലാ കമ്പനികളും നാലു മുതൽ ആറര വരെ ശതമാനം ഇടിഞ്ഞു. ഐടി സൂചിക അഞ്ചു ശതമാനത്തിലധികം ഇടിവിലായി. ക്രമേണ കമ്പനികളിൽ പിരിച്ചുവിടീലുകളും മറ്റും ഉണ്ടാകും.
രൂപ ഇന്ന് ചെറിയ നഷ്ടത്തോടെ വ്യാപാരം തുടങ്ങി. ഡോളർ 16 പൈസ കൂടി 90.43 രൂപയിൽ ഓപ്പൺ ചെയ്തു. 90.52 രൂപയിലേക്കു കയറിയ ഡോളർ പിന്നീട് 90.38 രൂപയിലേക്കു താഴ്‌ന്നു. ഡോളർ സൂചിക 97.42 ലാണ്.
സ്വർണം ലോക വിപണിയിൽ ഔൺസിന് 5075 ഡോളറിലാണ്.
കേരളത്തിൽ 22 കാരറ്റ് സ്വർണം പവന് 4840 രൂപ കയറി 1,17,720 രൂപയിൽ എത്തി.
എംസിഎക്സിൽ 24 കാരറ്റ് സ്വർണം 10 ഗ്രാമിന് 1,60,755 രൂപ വരെ കയറി.
വെള്ളി ലോകവിപണിയിൽ ഔൺസിന് 88.26 ഡോളറിലാണ്. രാവിലെ 89.20 വരെ കയറിയിരുന്നു. എംസിഎക്സിൽ വെള്ളി കിലോഗ്രാമിന് 2,84,094 രൂപ വരെ കയറി.
രാവിലെ കയറിയ ക്രൂഡ് ഓയിൽ വില താഴുകയാണ്. ബ്രെൻ്റ് ഇനം ബാരലിന് 67.79 ഡോളറിലേക്കു താഴ്‌ന്നു.
Read DhanamOnline in English
Subscribe to Dhanam Magazine