Image Created with Meta AI 
Markets

കമ്പനികളുടെ മോശം റിസൽട്ട്, വിപണിയിൽ ചോരപ്പുഴ; ഐടി, ഓട്ടോ, എഫ്എംസിജി മേഖലകള്‍ ഇടിവില്‍

നിഫ്റ്റിയും സെൻസെക്സും 0.30 ശതമാനത്തിനടുത്തു വരെ താഴ്ന്നിട്ടു നഷ്ടം കുറച്ചു

T C Mathew

വിപണിയിൽ വീണ്ടും ചോരപ്പുഴ. ഫ്ലാറ്റ് ആയി വ്യാപാരം തുടങ്ങിയ വിപണി പിന്നീടു താഴോട്ടു നീങ്ങി. പല കമ്പനികളുടെയും റിസൽട്ട് മോശമായത് വിപണിക്ക് ഇടിവിനു ന്യായമായി. നിഫ്റ്റിയും സെൻസെക്സും 0.30 ശതമാനത്തിനടുത്തു വരെ താഴ്ന്നിട്ടു നഷ്ടം കുറച്ചു.

റിയൽറ്റി, കൺസ്യൂമർ ഡ്യൂറബിൾസ്, ഓയിൽ - ഗ്യാസ്, ഹെൽത്ത് കെയർ, മീഡിയ എന്നിവ ഒഴികെ എല്ലാ മേഖലകളും നഷ്ടത്തിലായി. ഐടി, ഓട്ടോ, എഫ്എംസിജി മേഖലകളാണ് കൂടുതൽ ഇടിഞ്ഞത്.

ഒക്ടോബറിലെ വിൽപന കുറഞ്ഞതിനെ തുടർന്ന് ഹീറോ മോട്ടോകോർപ് ഓഹരി മൂന്നു ശതമാനം ഇടിഞ്ഞു.

തങ്കമയിൽ ജ്വല്ലറി ഇന്നും മുന്നേറി. രാവിലെ 15 ശതമാനം ഉയർന്നു. ഇന്നലെ 20 ശതമാനം കുതിച്ചതാണ്. രണ്ടാം പാദത്തിൽ 45 ശതമാനം വരുമാനവർധന നേടിയ കമ്പനി ലാഭത്തിലേക്കു മാറിയ സാഹചര്യത്തിലാണ് ഈ കയറ്റം. അഞ്ചു ദിവസം കൊണ്ട് ഓഹരി 40 ശതമാനം ഉയർന്നിട്ടുണ്ട്.

അറ്റാദായം 43 ശതമാനം ഉയർത്തിയ ത്രീ എം ഓഹരി ഇന്നു രാവിലെ 18 ശതമാനം കുതിച്ചു. ഇന്നലെ ആറു ശതമാനം ഉയർന്നതാണ്.

രണ്ടാം പാദത്തിൽ അറ്റാദായം അഞ്ചിരട്ടിയാക്കിയ ഹിറ്റാച്ചി എനർജി ഇന്ത്യയുടെ ഓഹരി രാവിലെ 13 ശതമാനം മുന്നേറി.

മികച്ച റിസൽട്ടിനെ തുടർന്ന് ടിബിഒ ടെക് ഓഹരി എട്ടു ശതമാനം ഉയർന്നു.

മികച്ച വളർച്ചയും ലാഭവും കാണിക്കുന്ന രണ്ടാം പാദ റിസൽട്ടിനെ തുടർന്നു ഭാരതി എയർടെൽ മൂന്നു ശതമാനം കയറി. എയർടെൽ കൂടുതൽ ഓഹരി വാങ്ങും എന്ന ശ്രുതിയിൽ ഇൻഡസ് ടവേഴ്സ് ഓഹരി മൂന്നു ശതമാനം ഉയർന്നു.

സുപ്രീം കോടതി അനുകൂല വിശദീകരണം നൽകിയതിനെ തുടർന്ന് ഇന്നലെ 10 ശതമാനം കുതിച്ച വോഡഫോൺ ഐഡിയ ഇന്നു രാവിലെ രണ്ടു ശതമാനം ഉയർന്നു.

രൂപ ഇന്നു മികച്ച നേട്ടത്താേടെ വ്യാപാരം തുടങ്ങി. ഡോളർ 37 പൈസ ഇടിഞ്ഞ് 88.41 രൂപയിലാണ് ഓപ്പൺ ചെയ്തത്. പിന്നീട് 88.58 രൂപയിലേക്കു കയറി. രാവിലെ 100 നു മുകളിൽ കയറിയ ഡോളർ സൂചിക പിന്നീട് 99.90 ലേക്കു താഴ്ന്നു. റിസർവ് ബാങ്ക് വലിയ തോതിൽ ഡോളർ വിപണിയിലിറക്കിയതാണ് രൂപയെ സഹായിച്ചത്. ഡോളർ 88.90 രൂപയ്ക്കു മുകളിൽ കയറാതിരിക്കാൻ കഴിഞ്ഞ ആഴ്ചകളിലും റിസർവ് ബാങ്ക് ശ്രമിച്ചിരുന്നു.

സ്വർണം രാജ്യാന്തര വിപണിയിൽ രാവിലെ ഔൺസിന് 3975 ഡോളർ വരെ താണിട്ട് 4000 ലേക്കു കയറി. കേരളത്തിൽ 22 കാരറ്റ് സ്വർണം പവന് 520 രൂപ കുറഞ്ഞ് 89,800 രൂപ ആയി.

ക്രൂഡ് ഓയിൽ വില സാവധാനം താഴുകയാണ്. ബ്രെൻ്റ് ഇനം വീപ്പയ്ക്ക് 64.75 ഡോളർ വരെ എത്തി.

Stock market midday update on 4 november 2025.

Read DhanamOnline in English

Subscribe to Dhanam Magazine

SCROLL FOR NEXT