Image Courtesy: Canva 
Markets

റീപോ നിരക്ക് കുറച്ചു; ഡോളർ ലഭ്യത കൂട്ടും, രൂപ വീണ്ടും താഴ്ന്നു; വിപണി ചാഞ്ചാട്ടത്തില്‍

ഈ വർഷത്തെ ജിഡിപി വളർച്ച പ്രതീക്ഷ 7.30 ശതമാനമായി ഉയർത്തി

T C Mathew

പലിശനിരക്ക് കുറയ്ക്കാൻ ബാങ്കുകളുടെ റീപോ നിരക്ക് കാൽ ശതമാനം കുറയ്ക്കാൻ റിസർവ് ബാങ്ക് തീരുമാനിച്ചു. ഈ വർഷത്തെ ജിഡിപി വളർച്ച പ്രതീക്ഷ 6.80 ൽ നിന്ന് 7.30 ശതമാനമായി ഉയർത്തി. വിലക്കയറ്റ പ്രതീക്ഷ 2.6 ൽ നിന്നു രണ്ടു ശതമാനമായി കുറച്ചു. പണനയ പ്രഖ്യാപനത്തിനു ശേഷം രൂപ ദുർബലമായി, ഓഹരികൾ കയറി.

ബാങ്കുകൾ അടിയന്തര ഘട്ടങ്ങളിൽ റിസർവ് ബാങ്കിൽ നിന്ന് എടുക്കുന്ന ഏകദിന വായ്പയുടെ പലിശയാണു റീപോ നിരക്ക്. പുതിയ തീരുമാന പ്രകാരം റീപോ നിരക്ക് 5.25 ശതമാനം ആയി. ഇതനുസരിച്ചു ബാങ്ക് റേറ്റും എംഎസ്എഫ് നിരക്കും 5.5 ശതമാനമായി കുറച്ചു.

കഴിഞ്ഞ രണ്ട് എംപിസി യോഗങ്ങൾ പലിശ നിരക്കിൽ മാറ്റം വരുത്തിയിരുന്നില്ല. ബാങ്കുകളുടെ പണലഭ്യത സംബന്ധിച്ച് നിഷ്പക്ഷ നിലപാടിലേക്കു റിസർവ് ബാങ്ക് മാറുകയും ചെയ്തിരുന്നു.

ഇന്നത്തെ തീരുമാനം ഏകകണ്ഠമായിരുന്നു. ഇതനുസരിച്ച് ബാങ്കുകൾക്കു പണലഭ്യത ഉറപ്പുവരുത്താനുള്ള ഓപ്പൺ മാർക്കറ്റ് ഓപറേഷൻ (ഒഎംഒ) പരിധി ഒരു ലക്ഷം കോടി രൂപയായി ഉയർത്തി. ഡോളർ ചാഞ്ചാട്ടം കുറയ്ക്കാൻ ഈ മാസം 500 കോടി ഡോളറിൻ്റെ സ്വാപ് (വാങ്ങാനും വിൽക്കാനുമുള്ള അവധിവ്യാപാര കരാർ) വിൽക്കും. ബാങ്കുകാർക്കു ഡോളർ ആവശ്യം കണക്കാക്കി സ്വാപ്പുകൾ വാങ്ങാം.

വളർച്ച പ്രതീക്ഷ ഉയർത്തും എന്നു മുൻകൂർ സൂചന ഉണ്ടായിരുന്നു. അർധവർഷത്തിൽ എട്ടു ശതമാനം വളർന്നതാണ് അതിലേക്കു നയിച്ചത്. ചില്ലറ വിലക്കയറ്റ പ്രതീക്ഷ അടുത്ത ധനകാര്യ വർഷം ആദ്യ രണ്ടു പാദങ്ങളിലേക്കും കുറച്ചു.

രാവിലെ നേരിയ നഷ്ടത്തിൽ വ്യാപാരം തുടങ്ങിയിട്ട് ഇന്ത്യൻ വിപണി വേഗം ചാഞ്ചാട്ടത്തിലേക്കു മാറി. റിസർവ് ബാങ്കിൻ്റെ പണനയ പ്രഖ്യാപനം തുടങ്ങുന്നതുവരെ ചാഞ്ചാട്ടം തുടർന്നു. പ്രഖ്യാപനം തുടങ്ങുമ്പോൾ മുഖ്യ സൂചികകൾ ചെറിയ നഷ്ടത്തിലായിരുന്നു, ബാങ്ക് നിഫ്റ്റി നേരിയ കയറ്റത്തിലും.

പ്രഖ്യാപനം പ്രതീക്ഷിച്ച ദിശയിൽ തന്നെ വന്നെങ്കിലും ഗവർണർ പ്രസ്താവന നിർത്തിയ ശേഷം രൂപ താഴുകയും ഓഹരികൾ കയറുകയും ചെയ്തു. പ്രസ്താവന തുടങ്ങുമ്പോൾ 89.78 രൂപയിലായിരുന്ന ഡോളർ അതിനു ശേഷം 90.02 രൂപയിലേക്ക് കയറി. ഇന്നലെ 89.98 രൂപയിൽ ക്ലോസ് ചെയ്ത ഡോളർ ഇന്നു രാവിലെ 89.84 രൂപയിൽ ആണു വ്യാപാരം തുടങ്ങിയത്.

നിഫ്റ്റി 26,010 ൽ നിന്നപ്പോൾ ആരംഭിച്ച പ്രസ്താവന അവസാനിച്ച ശേഷം 26,070 ആയി. സെൻസെക്സ് തുടക്കത്തിലെ 85,215 ൽ നിന്ന് 85,370 കടന്നു.

കണക്കുകളെപ്പറ്റി ബ്രോക്കറേജുകൾ സംശയം ഉന്നയിച്ചതിനെ തുടർന്ന് കേയ്ൻസ് ടെക്നോളജി ഓഹരി രാവിലെ ആറു ശതമാനം ഇടിഞ്ഞു.

ഗോൾഡ്മാൻ സാക്സ് മാരുതി സുസുകിയുടെ ലക്ഷ്യവില 19,000 രൂപയായി ഉയർത്തി.

2026-27വർഷത്തിലേക്ക് ഐടി കമ്പനികളുടെ അറ്റാദായ വർധന ഈ വർഷത്തെ 2.9 ശതമാനത്തിൽ നിന്നു 4.6 ശതമാനം ആകുമെന്നു വിദേശ ബ്രോക്കറേജ് നൊമുറ വിലയിരുത്തി. രൂപയ്ക്ക് ഒരു ശതമാനം ഇടിവ് വരുമ്പോൾ ഐടി കമ്പനികളുടെ ലാഭമാർജിൻ 30 ബേസിസ് പോയിൻ്റ് വർധിക്കും എന്നും നൊമുറ കണക്കാക്കുന്നു.

അദാനി ഗ്രീനിന് 748 കോടി രൂപയുടെ കേബിൾ നൽകാൻ ഡയമണ്ട് പവറിന് കരാർ ലഭിച്ചു. ഓഹരി നാലു ശതമാനം വരെ ഉയർന്നിട്ടു നേട്ടം കുറച്ചു.

കാസിനോകളും ഹോട്ടലുകളും നടത്തുന്ന ഡെൽറ്റാ കോർപറേഷൻ്റെ 14 ലക്ഷം ഓഹരി പ്രൊമോട്ടർ ഗ്രൂപ്പ് വാങ്ങിയതിനെ തുടർന്ന് ഓഹരി ഏഴു ശതമാനത്തോളം ഉയർന്നു.

രൂപ ഇന്നു രാവിലെ നേട്ടത്തോടെ വ്യാപാരം ആരംഭിച്ചു. ഡോളർ 14 പൈസ കുറഞ്ഞ് 89.84 രൂപയിലാണ് ഓപ്പൺ ചെയ്തത്. പിന്നീട് 89.70 രൂപയിലേക്കു ഡോളർ വീണു.

സ്വർണം ലോകവിപണിയിൽ താഴ്ന്നിട്ടു കയറി ഔൺസിന് 4212 ഡോളറിൽ എത്തി. കേരളത്തിൽ 22 കാരറ്റ് സ്വർണം പവന് 200 രൂപ വർധിച്ച് 95,280 രൂപയായി..

ക്രൂഡ് ഓയിൽ വില രാവിലെ കയറിയിട്ട് അൽപം താഴ്ന്നു. ബ്രെൻ്റ് ഇനം ക്രൂഡ് വീപ്പയ്ക്ക് 63.15 ഡോളറിലേക്കു കുറഞ്ഞു.

Stock market midday update on 5 december 2025.

Read DhanamOnline in English

Subscribe to Dhanam Magazine

SCROLL FOR NEXT