Image : Canva and RBI 
Markets

പലിശയിൽ മാറ്റമില്ല, വളർച്ച കുറയും, വിലക്കയറ്റം കൂടും; രൂപയെ ഉയർത്തി പണനയം; വിപണി ഇടിവില്‍

സർക്കാർ കടപ്പത്രങ്ങളിൽ നിക്ഷേപിക്കുന്ന വിദേശ നിക്ഷേപ സ്ഥാപനങ്ങളെ ആദായനികുതിയിൽ നിന്ന് ഒഴിവാക്കി കേന്ദ്ര സർക്കാർ ഓർഡിനൻസ് പുറത്തിറക്കി

T C Mathew

പലിശനിരക്കുകളിൽ മാറ്റമില്ല. പിന്നീടു പലിശ കൂട്ടേണ്ടി വരുമെന്നു സൂചിപ്പിച്ചു. ജിഡിപി വളർച്ചപ്രതീക്ഷ കുറച്ചു. വിലക്കയറ്റപ്രതീക്ഷ ഉയർത്തി. റിസർവ് ബാങ്ക് ഗവർണർ സഞ്ജയ് മൽഹോത്ര പണനയ അവലോകന തീരുമാനങ്ങൾ അറിയിച്ചപ്പോൾ അപ്രതീക്ഷിതമായ ഒന്നും ഉണ്ടായില്ല.

പലിശ നിരക്കുകളിൽ മാറ്റം വരുത്തുന്നില്ല എന്നു ഗവർണർ പറഞ്ഞു. ബാങ്കുകൾ അടിയന്തര ഘട്ടങ്ങളിൽ റിസർവ് ബാങ്കിൽ നിന്ന് എടുക്കുന്ന ഏകദിന വായ്പയുടെ പലിശയായ റീപോ നിരക്ക് 5.25 ശതമാനം തുടരും. മറ്റു പ്രധാന നിരക്കുകളായ എംഎസ്എഫ് 5.50 ഉം എസ്ഡിഎഫ് അഞ്ചും ശതമാനത്തിൽ തുടരും.

ജിഡിപി വളർച്ച ഈ വർഷം 6.6 ശതമാനമാകും. നേരത്തേ പ്രതീക്ഷിച്ചത് 6.9 ശതമാനമായിരുന്നു. ഒന്നാം പാദത്തിൽ 6.7, രണ്ടിൽ 6.3, മൂന്നിൽ 6.5, നാലാം പാദത്തിൽ 6.8 ശതമാനം എന്നിങ്ങനെയാകും വളർച്ച.

ചില്ലറ വിലക്കയറ്റം ഇക്കൊല്ലം 5.1 ശതമാനമാകും എന്നു റിസർവ് ബാങ്ക് വിലയിരുത്തുന്നു നേരത്തേ പ്രതീഷിച്ചത് 4.6 ശതമാനമായിരുന്നു.

വിലക്കയറ്റത്തോതു കൂടി വരികയാണെന്നു മൽഹോത്ര ചൂണ്ടിക്കാട്ടി. ഇന്ധനവില, വരൾച്ച ഭീഷണി തുടങ്ങിയവയാണു പ്രധാന കാരണങ്ങൾ.

സർക്കാർ കടപ്പത്രങ്ങളിൽ നിക്ഷേപിക്കുന്ന വിദേശ നിക്ഷേപ സ്ഥാപനങ്ങളെ ആദായനികുതിയിൽ നിന്ന് ഒഴിവാക്കി കേന്ദ്ര സർക്കാർ ഓർഡിനൻസ് പുറത്തിറക്കി. 12.5 ശതമാനമായിരുന്ന ദീർഘകാല മൂലധനാദായനികുതിയും 20 ശതമാനമായിരുന്ന വിത്ഹോൾഡിംഗ് ടാക്സും ആണ് വിദേശസ്ഥാപനങ്ങൾക്കും ഫണ്ടുകൾക്കും ഒഴിവാക്കി കൊടുത്തത്.

കുറേ ദിവസങ്ങളായി പ്രതീക്ഷിച്ചിരുന്നതാണ് ഇത്. റിസർവ് ബാങ്ക് പണനയം പ്രഖ്യാപിക്കുന്നതിനിടെ ഇതിൻ്റെ അറിയിപ്പ് വന്നു.

വിദേശികൾക്കു നിർബാധം വാങ്ങാവുന്ന സർക്കാർ കടപ്പത്രങ്ങളുടെ പട്ടിക വിപുലമാക്കിയെന്നു ഗവർണർ മൽഹോത്ര പണനയത്തിനിടെ വെളിപ്പെടുത്തി. ഈ നടപടികൾ രാജ്യത്തേക്ക് കൂടുതൽ വിദേശനാണ്യം വരുത്തും.

ഈ പ്രഖ്യാപനങ്ങൾക്കു ശേഷം രൂപ കുത്തനേ ഉയർന്നു. ഡോളർ 95.75 രൂപയിൽ നിന്നു 95.31 രൂപയായി.

രൂപയെ ഉയർത്തിയ പ്രഖ്യാപനങ്ങൾ വിപണിയെ സന്തോഷിപ്പിച്ചെങ്കിലും വളർച്ച കുറയുമെന്നും പലിശ പിന്നീടു കൂടുമെന്നും വ്യക്തമായതു വിപണിക്കു തിരിച്ചടിയായി. പ്രഖ്യാപന സമയത്ത് ഉയർന്നു നിന്ന നിഫ്റ്റിയും സെൻസെക്സും പിന്നീട് ഇടിഞ്ഞു നഷ്‌ടത്തിലായി.

രാവിലെ 23,479 ൽ വ്യാപാരം തുടങ്ങിയ നിഫ്റ്റി 23,330 ലേക്കും 74,630 ൽ തുടങ്ങിയ സെൻസെക്സ് 74,120 ലേക്കും വീണു. ബാങ്ക് നിഫ്റ്റിയും നഷ്‌ടത്തിലായി.

പ്രതിരോധ ഓഹരികൾ ഇന്നു മുന്നേറി. പരസ് ഡിഫൻസും ഐഡിയ ഫോർജും ആറു ശതമാനം വീതം കയറി.

മാരുതി സുസുകി ഓഹരിക്കു ജെപി മോർഗൻ 16,415 രൂപ ലക്ഷ്യവില നിശ്ചയിച്ചു.

മഹീന്ദ്ര ആൻഡ് മഹീന്ദ്രയ്ക്ക് 4580 രൂപ ലക്ഷ്യവില നിർണയിച്ച നൊമുറ വാങ്ങൽ ശിപാർശ നൽകി.

ടൈറ്റന് എച്ച്എസ്ബിസി 5250 രൂപയും സിഎൽഎസ്എ 529 രൂപയും ലക്ഷ്യവില നിശ്ചയിച്ചു കമ്പനിക്ക് അവർ ഔട് പെർഫോം റേറ്റിംഗ് നൽകി.

ഓഹരി തിരിച്ചു വാങ്ങലിൻ്റെ റെക്കോർഡ് തീയതിയായ ഇന്ന് വിപ്രോ ഓഹരി നാലര ശതമാനം ഇടിഞ്ഞു.

രൂപ ഇന്നു രാവിലെ നാമമാത്ര നേട്ടത്തോടെ വ്യാപാരം തുടങ്ങിയിട്ടു ദുർബലമായി. ഡോളർ എട്ടു പൈസ കുറഞ്ഞ് 95.71 രൂപയിൽ ഓപ്പൺ ചെയ്തു. ഡോളർ പിന്നീട് 95.75 വരെ കയറിയിട്ട് പണനയത്തിനു ശേഷം 95.31 രൂപയിലേക്കു താഴ്ന്നു.

സ്വർണം ലോക വിപണിയിൽ ഔൺസിന് 4440 ഡോളറിലേക്കു താഴ്ന്നു. കേരളത്തിൽ 22 കാരറ്റ് സ്വർണം പവന് 280 രൂപ കുറഞ്ഞ് 1,14,200 രൂപ ആയി.

ക്രൂഡ് ഓയിൽ വില രാവിലെ അൽപം താഴ്ന്നിട്ടു വീണ്ടും കയറി. ബ്രെൻ്റ് ഇനം ക്രൂഡ് 95.35 ഡോളറിലും ഡബ്ള്യുടിഐ ഇനം 93.09 ഡോളറിലും എത്തി.

Read DhanamOnline in English

Subscribe to Dhanam Magazine

SCROLL FOR NEXT