ഗണ്യമായ നേട്ടത്തിൽ രാവിലെ വ്യാപാരം ആരംഭിച്ച വിപണി താമസിയാതെ നഷ്ടത്തിലേക്കു മാറി. പിന്നീടു ചാഞ്ചാട്ടം തുടർന്നു.
മിഡ് ക്യാപ്, സ്മോൾ ക്യാപ് ഓഹരികൾ കയറിയിറങ്ങിയെങ്കിലും തുടക്കം മുതൽ നേട്ടത്തിലായിരുന്നു.
139 പോയിൻ്റ് ഉയർന്ന് വ്യാപാരം തുടങ്ങിയ നിഫ്റ്റി 22,491 വരെ കയറിയ ശേഷമാണ് ഇടിഞ്ഞ് 22,245.85 വരെ എത്തിയത്. പിന്നീട് തിരിച്ചു കയറി 22,360 നു മുകളിൽ എത്തി. വീണ്ടും താഴ്ന്നു.
സെൻസെക്സ് രാവിലെ 74,308.59 വരെ കയറിയ ശേഷം 73,415 വരെ ഇടിഞ്ഞു. വ്യാപാരം ഒരു മണിക്കൂർ ആകുമ്പോഴേക്ക് തിരികെ നേട്ടത്തിലായിട്ട് അടുത്ത ഇടിവ് തുടങ്ങി.
ബാങ്ക് നിഫ്റ്റി കയറിയിറങ്ങിയ ശേഷം വീണ്ടും ചാഞ്ചാട്ടത്തിലായി. ബാങ്ക്, ധനകാര്യ, എഫ്എംസിജി മേഖലകൾ ഇന്നു നഷ്ടത്തിലായി.
മിഡ് ക്യാപ് 100 അര ശതമാനവും സ്മോൾ ക്യാപ് 100 ഒന്നേകാൽ ശതമാനവും ഉയർന്നു.
ക്രൂഡ് ഓയിൽ വിലയിടിവിനെ തുടർന്ന് പൊതുമേഖലാ എണ്ണ കമ്പനികളുടെ ഓഹരികൾ തുടർച്ചയായ നാലാം ദിവസവും ഉയർന്നു. എച്ച്പിസിഎൽ, ബിപിസിഎൽ, ഐഒസി, എംആർപിഎൽ എന്നിവ അഞ്ചു ശതമാനം വരെ കയറി.
ബ്രിട്ടീഷ് പെട്രോളിയം വിൽക്കാൻ ഉദ്ദേശിക്കുന്ന കാസ്ട്രോളിനെ വാങ്ങാൻ സൗദി അരാംകോ ഉദ്ദേശിക്കുന്നതായ റിപ്പോർട്ട് കാസ്ട്രോൾ ഓഹരിയെ അഞ്ചു ശതമാനം ഉയർത്തി.
പ്രോക്സിമസ്, ടെലിസൈൻ എന്നിവയോടു ചേർന്നു നോകിയയുമായി സഹകരിച്ച് സംരംഭകരെ നെറ്റ് വർക്കിംഗിൽ സഹായിക്കാൻ നീക്കം ആരംഭിച്ച റൂട്ട് മൊബൈൽ ഓഹരി 10 ശതമാനം കുതിച്ചു.
റിലയൻസ് ഇൻഡസ്ട്രീസ് ഇന്ന് രണ്ടു ശതമാനം വരെ ഉയർന്നു. കൊട്ടക് ഇൻസ്റ്റിറ്റ്യൂഷണൽ ഇക്വിറ്റീസും ജെഫറീസും ഓഹരിക്ക് വാങ്ങൽ ശിപാർശ നൽകി. കൊട്ടക് 1400 രൂപ ലക്ഷ്യവിലയായി നിശ്ചയിച്ചു. ജൂലൈയിൽ 1600 രൂപവരെ എത്തിയ ഓഹരി പിന്നീട് 27 ശതമാനം ഇടിഞ്ഞു. ഇന്നു രാവിലെ 1200 രൂപ വരെ ഉയർന്നു.
രൂപ ഇന്നും നേട്ടത്തോടെ വ്യാപാരം തുടങ്ങി. ഡോളർ മൂന്നു പൈസ കുറഞ്ഞ് 86.93 രൂപയിൽ ഓപ്പൺ ചെയ്തു. പിന്നീട് 86.91 വരെ താഴ്ന്നെങ്കിലും ഡോളർ 87.07 രൂപയിലേക്കു തിരിച്ചു കയറി.
സ്വർണം ലോക വിപണിയിൽ 2918 ഡോളറിലാണ്. കേരളത്തിൽ ആഭരണ സ്വർണം പവന് 360 രൂപ കുറഞ്ഞ് 64,160 രൂപ ആയി.
ക്രൂഡ് ഓയിൽ താഴ്ചയിൽ നിന്ന് അൽപം കയറി. ബ്രെൻ്റ് ഇനം ബാരലിന് 69.76 ഡോളറിൽ എത്തിയിട്ട് 69.64. ഡോളറിലേക്കു താഴ്ന്നു.
Read DhanamOnline in English
Subscribe to Dhanam Magazine