ഇന്ത്യ- അമേരിക്ക വ്യാപാരകരാർ ഉടനെ ഉണ്ടാകില്ല എന്ന സൂചന വിപണിയെ ഇന്നു രാവിലെ താഴ്ത്തി. രൂപയും താഴ്ചയിലാണ്. ഡോളർ രാവിലെ 90.11 രൂപവരെ കയറി. നിഫ്റ്റി നൂറിലധികം പോയിൻ്റ് താഴ്ന്ന് 26,074 വരെയും സെൻസെക്സ് 350 ലധികം പോയിൻ്റ് കുറഞ്ഞ് 85,368 വരെയും എത്തി.
പി എസ് യു ബാങ്ക്, ധനകാര്യ, റിയൽറ്റി, ഹെൽത്ത് കെയർ, ഓട്ടോ, എഫ്എംസിജി, മെറ്റൽ, ഫാർമ, കൺസ്യൂമർ ഡ്യുറബിൾസ് തുടങ്ങിയ മേഖലകൾ ഇടിവിലായി.
മുഖ്യ സൂചികകൾ 0.40 ശതമാനം താഴ്ന്നപ്പോൾ ബാങ്ക് നിഫ്റ്റി 0.50-ഉം മിഡ് ക്യാപ് 100 സൂചിക 0.60 ഉം സ്മോൾ ക്യാപ് 0.95 ശതമാനവും ഇടിവിലായി.
ഡോളർ വീണ്ടും 90 രൂപയ്ക്കു മുകളിൽ കയറിയതിനെ തുടർന്ന് ഐടി ഓഹരികൾ ഗണ്യമായ നേട്ടം ഉണ്ടാക്കി. ഐടി സൂചിക 0.30 ശതമാനം ഉയർന്നു. എന്നാൽ പെർസിസ്റ്റൻ്റ്, എംഫസിസ്, ഓറക്കിൾ എന്നിവ ഒരു ശതമാനത്തിലധികം താഴ്ന്നു.
ബയോകോൺ ബയോളോജിക്കിനെ 550 കോടി ഡോളർ വിലയിട്ട് ഏറ്റെടുക്കാൻ തീരുമാനിച്ച ബയോകോൺ ലിമിറ്റഡിൻ്റെ ഓഹരി രാവിലെ ഉയർന്ന ശേഷം ഒരു ശതമാനത്തിലധികം താഴ്ചയിലായി. 550 കോടി ഡോളറിനേക്കാൾ വളരെ കൂടുതൽ മൂല്യം ബയോളോജിക് കമ്പനിക്കുണ്ടെന്നു ബയോകോൺ സാരഥി കിരൺ മജുംദാർ ഷോ പറഞ്ഞു.
വ്യോമ ഗതാഗതം താറുമാറായതിനെ തുടർന്ന് ഡയറക്ടർ ജനറൽ ഓഫ് സിവിൽ ഏവിയേഷൻ, ഇൻഡിഗോയുടെ ഉടമകളായ ഇൻ്റർ ഗ്ലോബ് ഏവിയേഷനു നോട്ടീസ് നൽകി. കമ്പനിയുടെ ഓഹരി ആദ്യം അഞ്ചു ശതമാനം താഴ്ന്നിട്ടു നഷ്ടം കുറച്ചു. വിദേശ നിക്ഷേപ ബാങ്ക് യുബിഎസ് ഇൻ്റർ ഗ്ലോബ് ഓഹരിക്ക് 4040 രൂപ ലക്ഷ്യവില ഇട്ടു വിൽപന ശിപാർശ നൽകി.
ഇൻഡിഗോ സർവീസുകൾ അലങ്കോലപ്പെട്ട സാഹചര്യത്തിൽ സ്പൈസ് ജെറ്റ് ഓഹരി രാവിലെ 14 ശതമാനം കുതിച്ചു. ഈ ദിവസങ്ങളിൽ നൂറിലധികം അഡീഷണൽ സർവീസുകൾ നടത്തുമെന്നു സ്പൈസ് ജെറ്റ് അറിയിച്ചു.
സ്മോൾ ഫിനാൻസ് ബാങ്ക് ലൈസൻസ് ലഭിച്ച ആദ്യ പേമെൻ്റ് ബാങ്കായ ഫിനോ പേമെൻ്റ്സ് ബാങ്കിൻ്റെ ഓഹരി ആറു ശതമാനം വരെ ഇടിഞ്ഞു.
ബൃഹൻ മുംബൈ മുനിസിപ്പൽ കോർപറേഷനിൽ നിന്ന് 447 കോടി രൂപയുടെ ഫ്ലെെ ഓവർ നിർമാണ കരാർ ലഭിച്ച അശോക ബിൽഡ് കോൺ ഓഹരി ആറു ശതമാനം ഉയർന്നു.
നവംബറിലെ വാഹന വിൽപന ഒക്ടോബറിനെ അപേക്ഷിച്ചു വളരെ കുറവായി. മൊത്തം വിൽപന 17.97 ശതമാനം കുറഞ്ഞു. ടൂ വീലർ വിൽപനയിലാണു കൂടിയ ഇടിവ്.19.16 ശതമാനം താഴ്ന്ന് 25.46 ലക്ഷം എണ്ണം ആയി വിൽപന. വാണിജ്യ വാഹന വിൽപന 14.46 ശതമാനം കുറഞ്ഞ് 94,935 എണ്ണമായി. കാർ - എസ് യു വി വിൽപന 28.88 ശതമാനം കുറഞ്ഞു. ട്രാക്ടർ വിൽപന 71.29 ശതമാനം കുതിച്ചു. ടൂവീലർ ഓഹരികൾ താഴ്ന്നു. ഹീറോ, ടിവിഎസ്, ഐഷർ, ബജാജ് തുടങ്ങിയവ രണ്ടു ശതമാനം വരെ താഴ്ചയിലായി.
രൂപ ഇന്നും താഴ്ന്നു. ഡോളർ എട്ടു പൈസ കയറി 90.06 രൂപയിൽ വ്യാപാരം തുടങ്ങി. പിന്നീട് 90.10 രൂപയിൽ എത്തിയിട്ടു ചാഞ്ചാട്ടമായി.
സ്വർണം കാര്യമായ മാറ്റമില്ലാതെ നീങ്ങുന്നു. ഔൺസിന് 4209 ഡോളറിലാണ് അന്താരാഷ്ട്രവില. കേരളത്തിൽ 22 കാരറ്റ് സ്വർണം പവന് 200 രൂപ കൂടി 95,640 രൂപയിൽ എത്തി.
ക്രൂഡ് ഓയിൽ സാവധാനം കയറുകയാണ്. ബ്രെൻ്റ് ഇനം വീപ്പയ്ക്ക് 63.89 ഡോളർ ആയി.
Stock market midday update on 8 december 2025.
Read DhanamOnline in English
Subscribe to Dhanam Magazine