തീരുവ വിഷയത്തിലെ ആശങ്കയും കമ്പനികളുടെ ഒന്നാം പാദ ലാഭവളർച്ച കുറവാകുമെന്ന വിലയിരുത്തലും ഇന്ത്യൻ വിപണിയെ ഇന്നും ദുർബലമാക്കി. താഴ്ന്നു വ്യാപാരം തുടങ്ങിയ വിപണി ചെറിയ മേഖലയിൽ ചാഞ്ചാടി. അമേരിക്ക ഇന്ത്യക്ക് എത്ര ചുങ്കം ചുമത്തും എന്ന ആശങ്ക വിപണിയിൽ സജീവമാണ്.
ഉഭയകക്ഷി ചർച്ച വേഗം തീർക്കാൻ രാജ്യങ്ങളെ നിർബന്ധിക്കാനാണ് പ്രസിഡൻ്റ് ട്രംപ് ഉയർന്ന തീരുവ നേരത്തേ പ്രഖ്യാപിക്കുന്നത് എന്ന് വിലയിരുത്തപ്പെടുന്നു. വാഷിംഗ്ടണിലെ വലതുപക്ഷ പഠനകേന്ദ്രമായ മിൽക്കൻ ഇൻസ്റ്റിറ്റ്യൂട്ടിൻ്റെ ഈ നിഗമനം മറ്റു പലരും ആവർത്തിച്ചിട്ടുണ്ട്.
ബംഗ്ലാദേശിൽ നിന്നുളള ഇറക്കുമതിക്ക് അമേരിക്ക 35 ശതമാനം ചുങ്കം ചുമത്തിയതിനെ തുടർന്ന് ഇന്ത്യയിൽ നിന്നുള്ള വസ്ത്ര കയറ്റുമതി കമ്പനികളുടെ ഓഹരികൾ ഉയർന്നു. സമീപവർഷങ്ങളിൽ വസ്ത്ര കയറ്റുമതിയിൽ ഇന്ത്യക്ക് വലിയ എതിരാളിയാണ് ബംഗ്ലാദേശ്. ഇന്ത്യയുടെ ഉൽപന്നങ്ങൾക്ക് 25 ശതമാനത്തിനടുത്ത ചുങ്കമേ പ്രതീക്ഷിക്കുന്നുള്ളു. ഗോകൽദാസ് എക്സ്പോർട്സ് എട്ടു ശതമാനം കുതിച്ചു. അരവിന്ദ് ലിമിറ്റഡ്, വെൽസ്പൺ ഇന്ത്യ, കെപിആർ മിൽസ്, കിറ്റെക്സ് ഗാർമെൻ്റ്സ്, റെയ്മണ്ട്, അലോക് ഇൻഡസ്ട്രീസ് തുടങ്ങിയവ അഞ്ചു ശതമാനം വരെ കയറി.
ഒന്നാം പാദത്തിൽ ആഭരണ വിറ്റുവരവ് വർധന പ്രതീക്ഷയിലും കുറവായപ്പാേൾ ടൈറ്റൻ ഓഹരി ആറു ശതമാനം താഴ്ന്നു. വിദേശ ബ്രോക്കറേജുകൾ ഓവർ വെയ്റ്റ്, ഔട് പെർഫോം എന്നൊക്കെ വിശേഷിപ്പിച്ച് ഓഹരി വാങ്ങാൻ ശിപാർശ നൽകിയിട്ടുണ്ട്.
നിക്ഷേപങ്ങളും വായ്പാവിതരണവും നല്ല വളർച്ച കാണിച്ചതിനെ തുടർന്നു കൊട്ടക് മഹീന്ദ്ര ബാങ്ക് നാലു ശതമാനത്തിലധികം ഉയർന്നു.
കമ്പനിയുടെ ആക്ടീവ് ഫാർമസ്യൂട്ടിക്കൽ ഇൻഗ്രീഡിയൻ്റ് ബിസിനസും ഔഷധ ബിസിനസും വിൽക്കാൻ തീരുമാനിച്ചതിനെ തുടർന്ന് നെക്റ്റർ ലെെഫ് സയൻസസ് ഓഹരി 20 ശതമാനത്തോളം ഇടിഞ്ഞു. കമ്പനിയുടെ മുഖ്യ ബിസിനസുകൾ എല്ലാം ഇതോടെ കൈമാറ്റം ചെയ്യപ്പെടും. കടം വീട്ടി കമ്പനിയുടെ നില ഭദ്രമാക്കാനാണ് നീക്കം എന്നു പ്രൊമോട്ടറും ചെയർമാനുമായ സഞ്ജീവ് ഗോയൽ പറഞ്ഞു. 1290 കോടി രൂപയ്ക്കാണ് വിൽപന.
രൂപ ഇന്ന് നേട്ടത്തോടെ വ്യാപാരം തുടങ്ങി. ഡോളർ 10 പൈസ കുറഞ്ഞ് 85.75 രൂപയിൽ ഓപ്പൺ ചെയ്തു. പിന്നീട് 85.69 വരെ താഴുകയും 85.79 വരെ കയറുകയും ചെയ്തു.
സ്വർണം ലോകവിപണിയിൽ ഔൺസിന് 3331 ഡോളറിലാണ്. കേരളത്തിൽ ആഭരണ സ്വർണം പവന് 400 രൂപ കൂടി 72,480 രൂപയായി.
ക്രൂഡ് ഓയിൽ ഉയർന്ന നിലയിൽ നിന്ന് അൽപം താഴ്ന്നു. ബ്രെൻ്റ് ഇനം ബാരലിന് 69.36 ഡോളറിൽ എത്തി.
Stock market midday update on 8 july 2025.
Read DhanamOnline in English
Subscribe to Dhanam Magazine