നേരിയ താഴ്ചയിൽ വ്യാപാരം തുടങ്ങിയ ഇന്ന് വിപണി കുറേ സമയം ചാഞ്ചാട്ടത്തിലായിരുന്നു. നിഫ്റ്റി 25,192.50വരെയും സെൻസെക്സ് 80,257.74 വരെയും ഉയർന്ന ശേഷം താഴോട്ടു നീങ്ങി. ബാങ്ക് നിഫ്റ്റിയും മിഡ് ക്യാപ് 100 ഉം ഇന്നു നഷ്ടത്തിലാണ്.
രണ്ടാം പാദത്തിലെ ആഭരണ വിൽപനയിൽ നല്ല വർധന കാണിച്ച ടൈറ്റൻ ഓഹരി രാവിലെ 4.4 ശതമാനത്തിലധികം കുതിച്ചു. സ്വർണവില കയറുന്നതനുസരിച്ച് 24 കാരറ്റ് നാണയങ്ങൾക്കു ഡിമാൻഡ് വർധിക്കുന്നുണ്ട്.
ഉൽപാദനം തടസപ്പെട്ടതു മൂലം ജെഎൽആർ വാഹന വിൽപന കുറഞ്ഞതിനാൽ ടാറ്റാ മോട്ടോഴ്സ് ഓഹരി രാവിലെ ഒരു ശതമാനം ഇടിഞ്ഞു.
ഐടി ഓഹരികൾ രാവിലെ നല്ല കയറ്റത്തിലാണ്. ഇൻഫോസിസ് രണ്ടര ശതമാനത്തോളം കുതിച്ചു. ടിസിഎസും ടെക് മഹീന്ദ്രയും എംഫസിന്നു രണ്ടു ശതമാനത്തിലധികം കയറി. കോഫോർജും മൈൻഡ് ട്രീയും രണ്ടു ശതമാനം വരെ ഉയർന്നു. അമേരിക്കയിൽ ഓറക്കിൾ കോർപറേഷൻ ഇടിഞ്ഞതിൻ്റെ ചുവടു പിടിച്ച് ഓറക്കിൾ ഫിനാൻഷ്യൽ ഒരു ശതമാനം താഴ്ന്നു.
ടാറ്റാ വ്യവസായ ഗ്രൂപ്പിൻ്റെ നിയന്ത്രണം പിടിക്കാൻ ഷപ്പൂർജി പല്ലോൺജി മിസ്ത്രി കുടുംബം ശ്രമിക്കുന്നതിനെതിരേ ടാറ്റാ സൺസ് ചെയർമാൻ എൻ. ചന്ദ്രശേഖരനും ടാറ്റാ ട്രസ്റ്റ്സ് ചെയർമാൻ നോയൽ ടാറ്റായും കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷായെയും ധനമന്ത്രി നിർമല സീതാരാമനെയും സന്ദർശിച്ചു സഹായം അഭ്യർഥിച്ചു. മെഹ്‌ലി മിസ്ത്രിയുടെ നേതൃത്വത്തിൽ നാലു ട്രസ്റ്റിമാർ ഗ്രൂപ്പിൻ്റെ ആധിപത്യം കൈയടക്കാൻ ശ്രമിക്കുന്നതിൽ ഗവണ്മെൻ്റും സന്തുഷ്ടരല്ല എന്നാണു സൂചന. അട്ടിമറിശ്രമം എന്നാണ് മിസ്ത്രി കുടുംബത്തിൻ്റെ ശ്രമത്തെ മറുപക്ഷം വിശേഷിപ്പിക്കുന്നത്. എസ് പി മിസ്ത്രി ഗ്രൂപ്പിൻ്റെ കടബാധ്യത പരിഹരിക്കാൻ ടാറ്റാ സൺസിലെ ഓഹരി വിൽക്കാൻ അവർ കുറേ നാളായി ശ്രമിച്ചു വരികയാണ്.
മൂന്നു മാസത്തിനു ശേഷം ഫെഡറൽ ബാങ്ക് ഓഹരി ഇന്നു രാവിലെ 200 രൂപയ്ക്കു മുകളിൽ കയറി.
രൂപ ഇന്നു നേരിയ നേട്ടത്തിൽ വ്യാപാരം തുടങ്ങി. ഡോളർ രണ്ടു പൈസ താഴ്ന്ന് 88.75 രൂപയിൽ ഓപ്പൺ ചെയ്തു. പിന്നീട് 88.78 രൂപ വരെ എത്തി.
സ്വർണം ലോകവിപണിയിൽ ഔൺസിനു 4022 ഡോളറിൽ എത്തി. ഇന്നു രാവിലെ 0.90 ശതമാനമാണു സ്വർണത്തിൻ്റെ കുതിപ്പ്. യുഎസ് ഭരണസ്തംഭനവും വിലക്കയറ്റവും കേന്ദ്ര ബാങ്കുകളുടെ നിരന്തര വാങ്ങലും ഒക്കെയാണു സ്വർണവിലയെ ഈ വർഷം 55 ശതമാനം ഉയർത്തിയത്. സർക്കാരുകൾ ഭീമമായ തോതിൽ കടം വർധിപ്പിക്കുന്നത് സർക്കാർ കടപ്പത്രങ്ങളിലെ വിശ്വാസം നഷ്ടപ്പെടുത്തുന്നുണ്ട്. അപ്പോഴും സുരക്ഷിത താവളമായി സ്വർണത്തെ എല്ലാവരും കാണുന്നു. വെള്ളി ഔൺസിന് 1.2 ശതമാനം കയറി 48.45 ഡോളർ ആയി.
കേരളത്തിൽ 22 കാരറ്റ് സ്വർണം പവന് 840 രൂപ വർധിച്ച് 90,320 രൂപയിൽ എത്തി.
ക്രൂഡ് ഓയിൽ വില കയറുകയാണ്. രാവിലെ 0.80 ശതമാനം ഉയർന്നു. ബ്രെൻ്റ് ഇനം വീപ്പയ്ക്ക് 66 ഡോളറിനു മുകളിൽ എത്തി.
Stock market midday update on 8 october 2025.
Read DhanamOnline in English
Subscribe to Dhanam Magazine