ഇന്ത്യ-അമേരിക്കൻ വ്യാപാര രൂപരേഖയുടെയും ഏഷ്യൻ കുതിപ്പിൻ്റെയും ആവേശത്തിലാണ് ഇന്നു രാവിലെ ഇന്ത്യൻ വിപണി വ്യാപാരം തുടങ്ങിയത്.
സെൻസെക്സ് 84,177 ൽ വ്യാപാരം ആരംഭിച്ചിട്ട് 84,314 വരെ കയറി. 25,888 ൽ വ്യാപാരം തുടങ്ങിയ നിഫ്റ്റി 25,922 വരെ എത്തി. പിന്നീടു സൂചികകൾ നേട്ടം കുറച്ചു. വിശാലവിപണി കുറേകൂടി ഉയർന്ന നേട്ടം കുറിച്ചു.
എഫ്എംസിജി ഒഴികെ എല്ലാ മേഖലകളും രാവിലെ കയറ്റത്തിലായിരുന്നു. പൊതുമേഖലാ ബാങ്കുകളും റിയൽറ്റിയും വലിയ മുന്നേറ്റം നടത്തി.
അമേരിക്കയിലേക്കു വലിയ അളവിൽ കയറ്റുമതി നടത്തുന്ന അപെക്സ് ഫ്രോസൺ ഫുഡ്‌സ്, അവന്തി ഫീഡ്‌സ്, ഗോകൽദാസ് എക്സ്പോർട്സ്, കിറ്റെക്‌സ് ഗാർമെൻ്റ്സ്, സോനാ ബിഎൽഡബ്ല്യു, ഭാരത് ഫോർജ് തുടങ്ങിയവ ആറു ശതമാനം വരെ കയറി.
മികച്ച മൂന്നാം പാദ റിസൽട്ട് എസ്ബിഐ ഓഹരിയെ ഏഴു ശതമാനം നേട്ടത്തിലേക്ക് ഉയർത്തി.
മികച്ച റിസൽട്ടിനെ തുടർന്നു സിഎൽഎസ്എ ടാറ്റാ സ്റ്റീലിൻ്റെ ലക്ഷ്യവില 220 രൂപയായി ഉയർത്തി. വാങ്ങൽ ശിപാർശയും നൽകി. ഓഹരി രണ്ടു ശതമാനം കയറി 203 രൂപയിൽ എത്തി.
മൂന്നാം പാദത്തിൽ വലിയ ലാഭവർധന കാണിച്ച കല്യാൺ ജ്വല്ലേഴ്‌സ് ഓഹരി രാവിലെ പത്തര ശതമാനം ഉയർന്നു
ഐഡിബിഐ ബാങ്കിലെ സർക്കാരിൻ്റെയും എൽഐസിയുടെയും ഓഹരി വാങ്ങാൻ കനേഡിയൻ നിക്ഷേപകൻ പ്രേം വൽസയുടെ ഫെയർഫാക്സ് കോർപറേഷനും എമിറേറ്റ്സ് എൻബിഡിയും ശ്രമിക്കുന്നു. കൊട്ടക് മഹീന്ദ്ര ബാങ്ക് മത്സരത്തിൽ ഇല്ല. ഫെയർഫാക്സിന് തൃശൂർ ആസ്ഥാനമായുള്ള സിഎസ്ബി ബാങ്കിൽ നിക്ഷേപമുണ്ട്. പ്രേം വത്സ നേടിയാൽ ക്രമേണ സിഎസ്ബിയെ ഐഡിബിഐയിൽ ലയിപ്പിക്കും എന്നാണു സംസാരം. ഐഡിബിഐ ബാങ്ക് ഓഹരി ഒന്നര ശതമാനം താഴ്‌ന്നു. സിഎസ്ബി ബാങ്ക് 2.3 ശതമാനം ഉയർന്നു.
മികച്ച മൂന്നാം പാദ നേട്ടത്തെ തുടർന്ന് അതുൽ ഓട്ടോ 11 ശതമാനവും ഷിപ്പിംഗ് കോർപറേഷൻ ഓഫ് ഇന്ത്യ 14 ഉം ശതമാനം കുതിച്ചു.
ബുള്ളിയൻ വിലകൾ കുതിച്ചു കയറുന്നതിനെ തുടർന്ന് വെള്ളി ഇടിഎഫുകൾ ഒൻപതു ശതമാനം വരെയും സ്വർണ ഇടിഎഫുകൾ മൂന്നു ശതമാനം വരെയും ഉയർന്നു.
രൂപ ഇന്നും നേട്ടത്തോടെ വ്യാപാരം തുടങ്ങി. ഡോളർ ഒൻപതു പൈസ കുറഞ്ഞ് 90.56 രൂപയിൽ ഓപ്പൺ ചെയ്തു. ഡോളർ പിന്നീട് 90.61 രൂപ വരെ കയറിയിട്ടു 90.48 രൂപയിലേക്കു താഴ്ന്നു .
സ്വർണം ലോക വിപണിയിൽ ഔൺസിന് 5020 ഡോളറിലാണ്. നേരത്തേ 4964 ഡോളർ വരെ താഴുകയും 5047.60 വരെ ഉയരുകയും ചെയ്തിരുന്നു.
കേരളത്തിൽ 22 കാരറ്റ് സ്വർണം പവന് 1640 രൂപ കൂടി 1,16,480 രൂപയിൽ എത്തി.
എംസിഎക്സിൽ 24 കാരറ്റ് സ്വർണം 10 ഗ്രാമിന് 1,58,500 രൂപ വരെ കയറി.
വെള്ളി ലോകവിപണിയിൽ ഔൺസിന് 81.51 ഡോളറിലാണ്. എംസിഎക്സിൽ വെള്ളി കിലോഗ്രാമിന് 2,64,885 രൂപ വരെ കയറി.
ക്രൂഡ് ഓയിൽ വില താഴുകയാണ്. ബ്രെൻ്റ് ഇനം ബാരലിന് 67.34 ഡോളറിലേക്കു താഴ്‌ന്നു.
Read DhanamOnline in English
Subscribe to Dhanam Magazine