Markets

വാണിജ്യമന്ത്രിയുടെ ശുഭാപ്തിവിശ്വാസത്തില്‍ വിശ്വാസം വിപണിക്കില്ല, സെന്‍സെക്‌സും നിഫ്റ്റിയും താഴേക്ക്, ആശ്വാസം ഫാര്‍മയിലും ഹെല്‍ത്ത് കെയറിലും

മിഡ് ക്യാപ്, സ്മാള്‍ ക്യാപ് സൂചികകളും ഗണ്യമായി താഴ്ന്നു

T C Mathew

വിപണി വീണ്ടും താഴ്ചയിലാണ്. വ്യാപാരകരാര്‍ സംബന്ധിച്ച് വാണിജ്യ മന്ത്രി പ്രകടിപ്പിക്കുന്ന ശുഭാപ്തിവിശ്വാസം വിപണി സ്വീകരിക്കുന്നില്ല. രാവിലെ നിഫ്റ്റി 25,000 നും സെന്‍സെക്‌സ് 82,000 നും താഴേക്കു വീണു. 24,907 വരെ താഴ്ന്നിട്ടു നിഫ്റ്റി തിരിച്ചു കയറാന്‍ ശ്രമിച്ചെങ്കിലും വീണ്ടും താഴ്ന്ന് 24,900 നു താഴെയായി. സെന്‍സെക്‌സ് 81,721 വരെ താഴ്ന്നിട്ടു കുറേ തിരിച്ചു കയറിയെങ്കിലും വീണ്ടും ഇടിഞ്ഞ് 81,700 നു താഴെ എത്തി.

മിഡ് ക്യാപ്, സ്മാള്‍ ക്യാപ് സൂചികകളും ഇന്നു ഗണ്യമായി താഴ്ന്നു. നിഫ്റ്റി ബാങ്കും ഇടിവിലാണ്. നാമമാത്ര നേട്ടം കാണിച്ച ഫാര്‍മ, ഹെല്‍ത്ത്‌കെയര്‍ മേഖലകള്‍ ഒഴികെ എല്ലാ മേഖലകളും രാവിലെ താഴ്ചയിലായി.

ഐ.ടികമ്പനികളും താഴേക്ക്‌

ഇന്നലെ 30 ശതമാനം ഇടിഞ്ഞ ഐഇഎക്‌സ് രാവിലെ 13 ശതമാനം ഉയര്‍ന്നു. വൈദ്യുതി വിലനിര്‍ണയത്തിലെ ഐഇഎക്‌സിന്റെ കുത്തക തകര്‍ക്കുന്ന വിധം വൈദ്യുതി റെഗുലേറ്റര്‍ വ്യവസ്ഥകള്‍ മാറ്റിയതിനെ തുടര്‍ന്നായിരുന്നു ഇന്നലെ താഴ്ന്നത്.

നിഷ്‌ക്രിയ ആസ്തി വര്‍ധിച്ചതിനെ തുടര്‍ന്ന് ബജാജ് ഫിനാന്‍സ് ഏഴു ശതമാനം ഇടിഞ്ഞു.

ഇന്ത്യ- യുകെ സ്വതന്ത്ര വ്യാപാര ഉടമ്പടി പ്രയോജനം ചെയ്യും എന്നതിന്റെ പേരില്‍ അപെക്‌സ് ഫ്രോസണ്‍ ഫുഡ്‌സ് ആറു ശതമാനം ഉയര്‍ന്നു.

പ്രമുഖ ഐടി കമ്പനികള്‍ രാവിലെ ഉയര്‍ന്നെങ്കിലും പിന്നീടു നേട്ടം കുറച്ചു. റിസല്‍ട്ട് പ്രതീക്ഷയോളം വരാത്തതിനെ തുടര്‍ന്ന് തന്‍ല പ്ലാറ്റ്‌ഫോംസ് നാലും ഹെക്‌സാവേര്‍ എട്ടും ശതമാനം ഇടിഞ്ഞു. അറ്റാദായം എട്ടു ശതമാനം വര്‍ധിപ്പിച്ച എംഫസിസ് ഓഹരി അഞ്ചു ശതമാനം ഉയര്‍ന്നു. പിന്നീടു നേട്ടം മുഴുവന്‍ തന്നെ നഷ്ടമാക്കി.

രൂപ, ഡോളര്‍, ക്രൂഡ്

രൂപ ഇന്നും ദുര്‍ബലമായി. ഡോളര്‍ 16 പൈസ വര്‍ധിച്ച് 86.57 രൂപയില്‍ ഓപ്പണ്‍ ചെയ്തു. ഡോളര്‍ സൂചിക 97.61 ലാണു നില്‍ക്കുന്നത്.

സ്വര്‍ണം ലോകവിപണിയില്‍ ഔണ്‍സിന് 3361 ഡോളറിലാണ്. കേരളത്തില്‍ 22 കാരറ്റ് സ്വര്‍ണം പവന് 360 രൂപ കുറഞ്ഞ് 73,680 രൂപയായി.

ക്രൂഡ് ഓയില്‍ രാവിലെ ഉയര്‍ന്നിട്ടു താഴോട്ടു നീങ്ങി. ബ്രെന്റ് ഇനം ബാരലിന് 69.32 ഡോളറില്‍ എത്തി.

Read DhanamOnline in English

Subscribe to Dhanam Magazine

SCROLL FOR NEXT