Image courtesy: Canva
Markets

വിപണികളില്‍ വീണ്ടും ആശങ്ക, ക്രൂഡ് ഓയില്‍ 110 ഡോളറിലേക്ക്; പലിശപ്പേടിയില്‍ കടപ്പത്രങ്ങള്‍ ഇടിയുന്നു

T C Mathew

ഓഹരി വിപണികളില്‍ ചുവപ്പു പടരുന്നു. ക്രൂഡ് ഓയില്‍ 107 ഡോളറും കടന്നു കയറുകയാണ്. അതിനനുസരിച്ച് കടപ്പത്രവിപണികളില്‍ വിലത്തകര്‍ച്ച വരുന്നു. കടപ്പത്ര വിപണിയിലെ കോളിളക്കം കറന്‍സി, ഓഹരി വിപണികളിലേക്കു പടരുമോ എന്ന ആശങ്ക എങ്ങുമുണ്ട്. അടുത്തയാഴ്ച യുഎസ് ഫെഡറല്‍ റിസര്‍വ് പലിശ കൂട്ടുമെന്നു വിപണി ഉറച്ചു വിശ്വസിക്കുന്നു. ക്രൂഡ് ഓയില്‍ കയറ്റം മൂലം ചില്ലറ വിലക്കയറ്റം ഇനിയും ഉയരും എന്നത് പലിശ വര്‍ധിപ്പിക്കാന്‍ ഫെഡിനെ നിര്‍ബന്ധിതമാക്കും.

ഗിഫ്റ്റ് സിറ്റിയിലെ ഡെറിവേറ്റീവ് വ്യാപാരത്തില്‍ ഗിഫ്റ്റ് നിഫ്റ്റി വ്യാഴാഴ്ച രാത്രി 23,329.50ല്‍ ക്ലോസ് ചെയ്തു. ഇന്നു രാവിലെ 23,362 വരെ കയറിയിട്ടു താഴ്ന്നു. ഇന്ത്യന്‍ വിപണി ഇന്നും വലിയ നഷ്ടത്തോടെ വ്യാപാരം തുടങ്ങും എന്നാണ് സൂചന.

കടപ്പത്ര വിപണിയില്‍ കോളിളക്കം

സര്‍ക്കാരുകളുടെ കമ്മിയും കടമെടുപ്പും അതു വഴി പലിശ നിരക്കും ഉയരുമെന്ന ധാരണയാണു കടപ്പത്രവിലകള്‍ താഴാന്‍ കാരണം. യുഎസില്‍ 30 വര്‍ഷ കടപ്പത്രങ്ങള്‍ ഇന്ന് 5.37 ശതമാനം ആദായം കിട്ടുന്ന വിലയിലേക്കു താഴ്ന്നു. 2001 നു ശേഷം ഇതാദ്യമാണ് ഇങ്ങനെ വിലയിടിയുന്നത്. 10 വര്‍ഷ കടപ്പത്രങ്ങളിലെ നിക്ഷേപനേട്ടം 6.971 ശതമാനം വരെ ഉയര്‍ന്നു. 2023 നു ശേഷമുള്ള ഏറ്റവും ഉയര്‍ന്ന നിലയാണിത്. യൂറോപ്പിലും ജപ്പാനിലുമൊക്കെ ഇങ്ങനെ കടപ്പത്രവിപണി ഉലയുകയാണ്.

കടപ്പത്രങ്ങളില്‍ പ്രതീക്ഷിക്കുന്ന ആദായം (yield അഥവാ നിക്ഷേപനേട്ടം) കൂടുമ്പോള്‍ കടപ്പത്രങ്ങള്‍ ഇറക്കുന്നതു കമ്പനികള്‍ക്കും സര്‍ക്കാരുകള്‍ക്കും വലിയ ബാധ്യതയാകും. അതു സാമ്പത്തിക വളര്‍ച്ചയെ ബാധിക്കും. അതാണ് ഓഹരി, കറന്‍സി വിപണികളെ പേടിപ്പിക്കുന്നത്.

അമേരിക്കന്‍ ധനവകുപ്പ് 600 കോടി ഡോളറിന്റെ കടപ്പത്രങ്ങള്‍ തിരിച്ചുവാങ്ങുമെന്നു പ്രഖ്യാപിച്ചിട്ടും വിപണി ശാന്തമായിട്ടില്ല. യുദ്ധവും മറ്റു ചെലവുകളും മൂലം യുഎസ് കമ്മി റെക്കോര്‍ഡ് നിലയിലേക്കു കയറും. ഇതു നികത്താന്‍ കൂടുതല്‍ കടപ്പത്രങ്ങള്‍ ഇറക്കുമ്പോള്‍ കൂടുതല്‍ പലിശ നല്‍കേണ്ടി വരും. സ്വകാര്യ കമ്പനികളും ബോണ്ട് പലിശ കൂട്ടാന്‍ നിര്‍ബന്ധിതരാകും. പല ബിസിനസ് പ്ലാനുകളും പലിശ കൂടിയാല്‍ പരാജയമാകും.

പാര്‍പ്പിട, വാഹന, പേഴ്‌സണല്‍ വായ്പകള്‍ക്കും പലിശ കൂടുമ്പോള്‍ ജനങ്ങള്‍ ഉപഭോഗം കുറയ്ക്കാന്‍ നിര്‍ബന്ധിതരാകും. വളര്‍ച്ച മുരടിക്കും.

യുഎസ് വിപണി താഴ്ന്നു

ക്രൂഡ് ഓയില്‍ വില കുതിച്ചതും യുഎസ്-ഇറാന്‍, ഹൗതി-യെമന്‍, റഷ്യ-യുക്രെയ്ന്‍ സംഘര്‍ഷങ്ങള്‍ രൂക്ഷമാകുന്നതും നാലാം ദിവസവും യുഎസ് വിപണിയെ തകര്‍ച്ചയിലാക്കി. ഇന്നു വരുന്ന ചില്ലറവിലക്കയറ്റ കണക്ക് വിപണിഗതി നിര്‍ണയിക്കും. ഓഗസ്റ്റിലെ യുഎസ് ചില്ലറവിലക്കയറ്റം 3.4 ശതമാനവും ഭക്ഷ്യ, ഇന്ധന വിലകള്‍ ഒഴിവാക്കിയുള്ള കാതല്‍ വിലക്കയറ്റം 2.4 ശതമാനവും ആകുമെന്നാണു പ്രതീക്ഷ.

വ്യാഴാഴ്ച ഡൗ ജോണ്‍സ് സൂചിക 316.56 പോയിന്റ് (0.60 ശതമാനം) ഇടിഞ്ഞ് 52,064.10ല്‍ ക്ലോസ് ചെയ്തു. എസ്ആന്‍ഡ്പി 44.66 പോയിന്റ് (0.58%) നഷ്ടത്തോടെ 7591.70ല്‍ അവസാനിച്ചു. നാസ്ഡാക് കോംപസിറ്റ് 171.62 പോയിന്റ് (0.65%) താഴ്ന്ന് 26,081.73ല്‍ ക്ലോസ് ചെയ്തു.

ഫ്യൂച്ചേഴ്‌സ് പലവഴി

യുഎസ് ഫ്യൂച്ചേഴ്‌സില്‍ ഡൗവും എസ്ആന്‍ഡ്പിയും ഉയര്‍ന്നു. ഡൗ ജോണ്‍സ് 125 പോയിന്റും (0.24%) എസ്ആന്‍ഡ്പി 12 പോയിന്റും (0.15%) ഉയര്‍ന്നു. നാസ്ഡാക് 10 പോയിന്റ് (0.04%) താഴ്ന്നു നീങ്ങുന്നു.

എഡിആര്‍ വിപണി

ന്യൂയോര്‍ക്കിലെ എഡിആര്‍ (അമേരിക്കന്‍ ഡെപ്പോസിറ്ററി റെസീറ്റ്) വിപണിയില്‍ വ്യാഴാഴ്ച എച്ച്ഡിഎഫ്‌സി ബാങ്ക് വ്യാപാര സമയത്ത് 1.09 ശതമാനം ഇടിഞ്ഞിട്ടു തുടര്‍വ്യാപാരത്തില്‍ 0.27% ഉയര്‍ന്ന് 21.90 ഡോളറില്‍ ക്ലോസ് ചെയ്തു. ഐസിഐസിഐ ബാങ്ക് നിശ്ചിത സമയത്ത് 0.59% താഴ്ന്ന ശേഷം തുടര്‍ വ്യാപാരത്തില്‍ മാറ്റമില്ലാതെ 28.85 ഡോളറില്‍ അവസാനിച്ചു. ഇന്‍ഫോസിസ് നിശ്ചിത സമയത്ത് 0.18% താഴ്ന്ന ശേഷം തുടര്‍ വ്യാപാരത്തില്‍ 1.01 ശതമാനം കയറി 11.02 ഡോളറില്‍ ക്ലോസ് ചെയ്തു. വിപ്രോ വിപണിസമയത്തു 0.60% ഇടിഞ്ഞും തുടര്‍ വ്യാപാരത്തില്‍ അത്ര തന്നെ. ഉയര്‍ന്നും 1.68 ഡോളറില്‍ അവസാനിച്ചു.

യൂറോപ്യന്‍ ഓഹരിവിപണികള്‍ ഇന്നലെയും താഴ്ന്നു. പ്രതീക്ഷിച്ചതുപോലെ യൂറോപ്യന്‍ കേന്ദ്ര ബാങ്ക് പലിശ നിരക്ക് കാല്‍ ശതമാനം വര്‍ധിപ്പിച്ചു.

ഏഷ്യയില്‍ തകര്‍ച്ച തുടരുന്നു

ഏഷ്യന്‍ വിപണികള്‍ ഇന്നും വലിയ നഷ്ടത്തിലാണ്. ജപ്പാനില്‍ നിക്കൈ സൂചിക 2.85 ശതമാനം ഇടിഞ്ഞു. ഓസ്‌ട്രേലിയന്‍ വിപണി ഒരു ശതമാനം താഴ്ന്നു. ദക്ഷിണ കൊറിയയില്‍ കോസ്പി മൂന്നു ശതമാനം ഇടിഞ്ഞാണു വ്യാപാരം ആരംഭിച്ചത്. ഹോങ് കോങ്ങിലെ ഹാങ് സെങ് സൂചിക 1.40 ശതമാനവും തായ്വാന്‍ സൂചിക 1.80 ശതമാനവും ഷാങ്ഹായ് സൂചിക 1.60 ശതമാനവും താഴ്ന്നു.

ഇന്ത്യന്‍ വിപണിയെ കാസ് ഉയര്‍ത്തി

ഇന്നലെ തുടക്കം മുതല്‍ ചാഞ്ചാട്ടത്തിലായിരുന്ന ഇന്ത്യന്‍ വിപണി ക്ലോസിംഗ് ഓക്ഷന്‍ സെഷനി (കാസ്) ലൂടെ നേട്ടത്തില്‍ അവസാനിച്ചു. കാഷ് വിപണിയില്‍ വ്യാപാരം അവസാനിക്കുമ്പോള്‍ സെന്‍സെക്‌സ് 134.73 ഉം നിഫ്റ്റി 42.25 ഉം ബാങ്ക് നിഫ്റ്റി 33.05 ഉം പോയിന്റ് നഷ്ടത്തിലായിരുന്നു. കാസ് കഴിഞ്ഞപ്പോള്‍ എല്ലാം നേട്ടത്തിലായി.

ക്രൂഡ് ഓയില്‍ വില രാവിലെ നാമമാത്രമായി കുറഞ്ഞതു മൂലം വിപണി ചെറിയ നേട്ടത്തിലാണു വ്യാപാരം തുടങ്ങിയത്. പിന്നീടു ചാഞ്ചാടി. ബാങ്ക്, ധനകാര്യ, മീഡിയ ഓഹരികള്‍ നേട്ടം ഉണ്ടാക്കി.

വിദേശികളുടെ വില്‍പന തുടരുകയാണ്. അവര്‍ ക്യാഷ് വിപണിയില്‍ 438.24 കോടി രൂപയുടെ അറ്റ വില്‍പന നടത്തി. സ്വദേശിഫണ്ടുകള്‍ 1025.85 കോടി രൂപയുടെ അറ്റ വാങ്ങലും നടത്തി.

വ്യാഴാഴ്ച സെന്‍സെക്സ് 138.37 പോയിന്റ് (0.19%) ഉയര്‍ന്ന് 74,902.59 ല്‍ ക്ലോസ് ചെയ്തു. നിഫ്റ്റി 46.30 പോയിന്റ് (0.26%) കയറി 23,477.80ല്‍ അവസാനിച്ചു. ബാങ്ക് നിഫ്റ്റി 176.40 പോയിന്റ് (0.31%) നേട്ടത്തോടെ 56,471.95 ല്‍ ക്ലോസ് ചെയ്തു. മിഡ് ക്യാപ് 100 സൂചിക 235.45 പോയിന്റ് (0.38%) താഴ്ന്ന് 62,357.35 ല്‍ അവസാനിച്ചു. സ്‌മോള്‍ ക്യാപ് 100 സൂചിക 14.95 പോയിന്റ് (0.07%) കുറഞ്ഞ് 20,021.95ല്‍ ക്ലോസ് ചെയ്തു.

വിശാലവിപണിയില്‍ ഭൂരിപക്ഷം ഓഹരികള്‍ നഷ്ടത്തില്‍ തുടര്‍ന്നു. ബിഎസ്ഇയില്‍ 1826 ഓഹരികള്‍ കയറി, 2502 ഓഹരികള്‍ താഴ്ന്നു. എന്‍എസ്ഇയില്‍ 1452 എണ്ണം ഉയര്‍ന്നപ്പോള്‍ 2065 എണ്ണം താഴ്ന്നു.

കമ്പനികള്‍, വാര്‍ത്തകള്‍

നാഷണല്‍ സ്റ്റോക്ക് എക്‌സ്‌ചേഞ്ച് (എന്‍എസ്ഇ) ഐപിഒ വില പ്രഖ്യാപിച്ചു. 1700-1785 രൂപ. ഒരു രൂപ മുഖവില ഉള്ളതാണ് ഓഹരി. ഒരു ലോട്ട് എട്ട് ഓഹരികളാണ്. ഇഷ്യു 17നു തുടങ്ങി 21 -ന് അവസാനിക്കും. 1785 രൂപ വിലയില്‍ എന്‍എസ്ഇയുടെ വിപണിമൂല്യം 4.41 ലക്ഷം കോടി രൂപ വരും. സമാഹരിക്കുന്ന തുക 22,562 കോടി രൂപയാകും. 35 ശതമാനം ഓഹരീളാണു റീട്ടെയില്‍ നിക്ഷേപകര്‍ക്കു നീക്കി വച്ചിട്ടുള്ളത്. നിലവിലുള്ള ഓഹരികള്‍ മാത്രമാണു വില്‍ക്കുന്നത്. പുതിയ ഓഹരികള്‍ ഇല്ല.

വോഡഫോണ്‍ ഐഡിയയ്ക്ക് 35,000 കോടി രൂപ വായ്പ അനുവദിക്കാന്‍ എസ്ബിഐയുടെ നേതൃത്വത്തിലുള്ള കണ്‍സോര്‍ഷ്യം ധാരണയില്‍ എത്തി. ഇനി ബാങ്ക് ബോര്‍ഡുകള്‍ വായ്പ അംഗീകരിക്കണം. സര്‍ക്കാര്‍ കുടിശികകള്‍ പുനര്‍ക്രമീകരിക്കുകയും ആദിത്യ ബിര്‍ല ഗ്രൂപ്പ് പണമിറക്കുകയും ചെയ്ത സാഹചര്യത്തിലാണ് പുതിയ വായ്പ.

കനറാബാങ്ക് 4500 കോടി രൂപയുടെ ടിയര്‍ വണ്‍ ബോണ്ടുകള്‍ ഇറക്കി മൂലധനം സമാഹരിക്കാന്‍ തീരുമാനിച്ചു.

എച്ച്ഡിഎഫ്‌സി ബാങ്കിന്റെ ബോണ്ട് വില്‍പന സംബന്ധിച്ച് ബഹറിനില്‍ ഉണ്ടായിരുന്ന എല്ലാ കേസുകളിലും ബാങ്കിന് അനുകൂലമായ വിധി ലഭിച്ചു.

സ്വര്‍ണം ഇടിഞ്ഞു, കയറി

പലിശപ്പേടിയില്‍ സ്വര്‍ണവിപണി ഇടിവു തുടര്‍ന്നു. വ്യാഴാഴ്ച രണ്ടു ശതമാനത്തോളം താഴ്ന്ന സ്വര്‍ണം ഇന്നു രാവിലെ ഗണ്യമായി കയറി. ഇന്നലെ സ്വര്‍ണം 85.10 ഡോളര്‍ (1.93%) നഷ്ടത്തോടെ ഔണ്‍സിന് 4317.70 ഡോളറില്‍ ക്ലോസ് ചെയ്തു. ഇന്നു രാവിലെ വില 4335 ഡോളര്‍ വരെ കയറിയിട്ട് അല്‍പം താഴ്ന്നു.

കേരളത്തില്‍ 22 കാരറ്റ് സ്വര്‍ണം പവന് വ്യാഴാഴ്ച 880 രൂപ കൂടി 1,14,040 രൂപ ആയി.

വെള്ളിവില വ്യാഴാഴ്ച അഞ്ചു ശതമാനം ഇടിഞ്ഞ് ഔണ്‍സിന് 63.70 ഡോളറില്‍ ക്ലോസ് ചെയ്തു. ഇന്നു രാവിലെ അല്പം ഉയര്‍ന്നു.

പ്ലാറ്റിനം 1779 ഡോളര്‍, പല്ലാഡിയം 1266 ഡോളര്‍, റോഡിയം 9350 ഡോളര്‍ എന്നിങ്ങനെ നില്‍ക്കുന്നു.

റബറിനു കയറ്റം

രാജ്യാന്തര വിപണിയിലും കേരളത്തിലും റബര്‍വില വീണ്ടും കയറ്റത്തിലായി. ബാങ്കോക്കില്‍ ആര്‍എസ്എസ് ഒന്ന് ക്വിന്റലിന് 286.20 ഡോളറിലും ആര്‍എസ്എസ് മൂന്ന് 282.70 ഡോളറിലും എത്തി. കേരളത്തില്‍ ക്വിന്റലിന് 27,400 രൂപയിലേക്കു കയറി. ഈ വര്‍ഷം ആഗോള റബര്‍ ഉല്‍പാദനം 152.8 ലക്ഷം ടണ്ണും ഉപയോഗം 153.6 ലക്ഷം ടണ്ണും ആകുമെന്നാണ് സ്വഭാവിക റബര്‍ ഉല്‍പാദക രാജ്യങ്ങളുടെ സംഘടന കണക്കാക്കുന്നത്.

ലോഹങ്ങള്‍ ഇടിയുന്നു

പലിശപ്പേടിയില്‍ വ്യാവസായിക ലോഹങ്ങള്‍ വ്യാഴാഴ്ച ഇടിവിലായി. കഴിഞ്ഞ ദിവസങ്ങളില്‍ വലിയ മുന്നേറ്റം നടത്തിയ ചെമ്പും സിങ്കും രണ്ടു ശതമാനത്തിനടുത്ത് താഴ്ന്നു. ചെമ്പിന് അധിക തീരൂവ ചുമത്താനുള്ള ആലോചന യുഎസ് ഭരണകൂടം ഉപേക്ഷിച്ചതായി റിപ്പോര്‍ട്ടുണ്ട്. ഇന്നലെ ചെമ്പ് 1.92 ശതമാനം നഷ്ടത്തോടെ ടണ്ണിന് 14,388.85 ഡോളര്‍ ആയി. അലൂമിനിയം 0.88 ശതമാനം താഴ്ന്നു 3317.00 ഡോളറില്‍ എത്തി. ലെഡും നിക്കലും സിങ്കും ടിന്നും താഴ്ന്നു.

കൊക്കോ, കാപ്പി താഴ്ചയില്‍

കൊക്കോ വില 0.17 ശതമാനം കുറഞ്ഞ് ടണ്ണിന് 5941 ഡോളറില്‍ ക്ലോസ് ചെയ്തു. കഴിഞ്ഞമാസം ഐവറി കോസ്റ്റില്‍ നിന്നുള്ള കയറ്റുമതി 19 ശതമാനം വര്‍ധിച്ചതും ഐസ് എക്‌സ്‌ചേഞ്ചിലെ സ്റ്റോക്ക് രണ്ടു വര്‍ഷത്തെ ഉയര്‍ന്ന നിലയിലേക്കു കയറിയതുമാണ് ഈ ദിവസങ്ങളില്‍ വിലയിടിച്ചത്. എന്നാല്‍ 2026-27 സീസണില്‍ ഐവറി കോസ്റ്റില്‍ 20 ഉം ഘാനയില്‍ 38 ഉം ശതമാനം കുറവാകും ഉല്‍പാദനം എന്നാണു കണക്കാക്കുന്നത്. ഘാനയിലെ ഉല്‍പാദനക്കുറവ് നേരത്തേ കണക്കാക്കിയതിന്റെ ഇരട്ടിയാക്കി ഘാനയിലെ കൊക്കോ മാര്‍ക്കറ്റിംഗ് കമ്പനി.

അറബിക്ക കാപ്പി പൗണ്ടിന് 2. 88 ഡോളറിലേക്കു താഴ്ന്നു. ബ്രസീലില്‍ ഉല്‍പാദനം റെക്കോര്‍ഡ് നിലവാരത്തിലേക്കു കയറുന്നതാണ് ഇടിവിനു കാരണം. ഓഗസ്റ്റിലെ ബ്രസീലിയന്‍ കയറ്റുമതി 45 ശതമാനം വര്‍ധിച്ചു.

പാം ഓയില്‍ 1.63 ശതമാനം താഴ്ന്നു ടണ്ണിന് 4885 മലേഷ്യന്‍ റിംഗിറ്റ് ആയി.

ഡോളര്‍ കയറി

യുഎസ് ഡോളര്‍ സൂചിക ഉയര്‍ന്ന് 99.05 ല്‍ ക്ലോസ് ചെയ്തു. ഇന്നു രാവിലെ 99.10 ലേക്കു കയറി. യൂറോ 1.1617 ഡോളറിലേക്കും പൗണ്ട് 1.3514 ഡോളറിലേക്കും താഴ്ന്നു. ജാപ്പനീസ് യെന്‍ ഒരു ഡോളറിന് 154.26 യെന്‍ ആയി. ചൈനീസ് യുവാന്‍ ഡോളറിന് 6.71 എന്ന നിരക്കില്‍ തുടര്‍ന്നു.

അമേരിക്കയില്‍ 10 വര്‍ഷ കടപ്പത്രങ്ങളുടെ നിക്ഷേപനേട്ടം വീണ്ടും ഉയര്‍ന്ന് 4.963 ശതമാനത്തില്‍ എത്തി.

രൂപ വീണ്ടും ഇടിഞ്ഞു

വ്യാഴാഴ്ചയു രൂപ ഗണ്യമായ ഇടിവിലായി. ക്രൂഡ് ഓയില്‍ വിലക്കയറ്റം ആണു രൂപയ്ക്കു ഭീഷണി. ഡോളര്‍ 33 പൈസ കയറി 95.44 രൂപയില്‍ ക്ലോസ് ചെയ്തു. വിദേശത്തെ ഫോര്‍വേഡ് വിപണിയില്‍ ഡോളര്‍ ഇന്നു രാവിലെ 95.69 രൂപ വരെ കയറിയിട്ട് 95.49 ലേക്കു താഴ്ന്നു. ചൈനീസ് യുവാന്‍ 14.23 രൂപയും യൂറോ 110.87 രൂപയും ആയി ഉയര്‍ന്നു.

ക്രൂഡ് ഓയില്‍ 110 ഡോളറിലേക്ക്

ലഭ്യത കുറഞ്ഞതു ക്രൂഡ് ഓയില്‍ വിലയെ 110 ഡോളറിലേക്കു വലിച്ചു കയറ്റുകയാണ്. ഇന്നലെ ബ്രെന്റ് ഇനം ക്രൂഡ് 6.5 ശതമാനം കുതിച്ച് 107.63 ഡോളറില്‍ ക്ലോസ് ചെയ്തു. ഇന്നു രാവിലെ വീണ്ടും കയറി 108.06 ഡോളറില്‍ എത്തി. ഡബ്‌ള്യുടിഐ ഇനം 102.49 ഡോളറിലാണ്.

ക്രിപ്‌റ്റോകള്‍ താഴോട്ട്

ക്രിപ്‌റ്റോ കറന്‍സികള്‍ വീണ്ടും ഇടിവിലായി. ബിറ്റ്‌കോയിന്‍ 76,900 ഡോളറിനു താഴെ എത്തി. ഈഥര്‍ ഇന്ന് 2460 ഡോളറിനും സൊലാന 99.50 ഡോളറിനും താഴെ ആയി.

Read DhanamOnline in English

Subscribe to Dhanam Magazine

SCROLL FOR NEXT